kasaragod local

നാട്ടുമാവ് സംരക്ഷണ പരിപാടി നടപ്പാക്കും: മന്ത്രി വി എസ് സുനില്‍കുമാര്‍

നീലേശ്വരം: മാമ്പഴമേള പോലുള്ള ജനസമ്പര്‍ക്ക പരിപാടികള്‍ എല്ലാ കാര്‍ഷിക സര്‍വകലാശാല കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്നു സര്‍വകലാശാലയുടെ സഹായത്തോടെ വൈവിധ്യമാര്‍ന്ന നാട്ടുമാവ്  സംരക്ഷണ പരിപാടി നടപ്പിലാക്കുമെന്നും മന്ത്രി വിഎസ് സുനില്‍ കുമാര്‍. പടന്നക്കാട് കാര്‍ഷിക കോളജ് സ്റ്റുഡന്റ്‌സ് യൂനിയന്റെ നേതൃത്വത്തില്‍ തുടങ്ങിയ മലബാര്‍ മാംഗോ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുറ്റിയാട്ടൂര്‍ മാങ്ങ, ഒളോര്‍ മാങ്ങ പോലുള്ള സവിശേഷതയാര്‍ന്ന മാമ്പഴയിനങ്ങള്‍ക്കു ഭൗമസൂചിക രജിസ്‌ട്രേഷന്‍ നല്‍കാനുള്ള ശ്രമങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഇതിനൊപ്പം നാട്ടുമാവിനങ്ങളുടെ സൂക്ഷ്മവും സമഗ്രവുമായ ഡയറക്ടറിയും തയ്യാറാക്കും. കാര്‍ഷിക സര്‍വകലാശാലയില്‍ നടപ്പിലാക്കുന്ന എല്ലാ പദ്ധതികള്‍ക്കും ജീവനക്കാരുടെ സംഘടനകളുടെ പിന്തുണ കൂടി വേണമെന്നും മന്ത്രി പറഞ്ഞു. പിലിക്കോട് പഞ്ചായത്തു നടപ്പിലാക്കുന്ന നാട്ടുമാവ് പൈതൃകം പദ്ധതിയുടെ ലോഗോ പ്രകാശനം, വിത്തു വിതരണം, ഡോ.കെഎം ശ്രീകുമാറിന്റെ പുസ്തക പ്രകാശനം എന്നിവയും മന്ത്രി നിര്‍വഹിച്ചു.
മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. മാംഗോ ഫെസ്റ്റിന്റെ ശില്‍പി ഡോ. ടി പ്രദീപ് കുമാറിനെ മന്ത്രി ആദരിച്ചു. നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രഫ. കെ പി ജയരാജന്‍, കാര്‍ഷികസര്‍വകലാശാല ഭരണ സമിതി അംഗം ഡോ. എ അനില്‍കുമാര്‍, നഗരസഭാ കൗണ്‍സിലര്‍മാരായ എം എം നാരായണന്‍, എകെ കുഞ്ഞിക്കൃഷ്ണന്‍, സര്‍വകലാശാല ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായ സി വസീം ഫജ്ല്‍, ഡോ. പിആര്‍ സുരേഷ്, ഡോ.ആര്‍ സുജാത, ടിആര്‍ ഉഷാദേവി, അഖില്‍ അജിത്, ഡോ. എം ഗോവിന്ദന്‍, എംഇ സലീല്‍, കാര്‍ഷിക കോളജ് അസോഷ്യേറ്റ് ഡീന്‍ ഡോ. എ രാജഗോപാലന്‍, സ്റ്റുഡന്റ് കണ്‍വീനര്‍ അരുണ്‍ ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it