Kottayam Local

നാട്ടുചന്തയ്‌ക്കൊപ്പം ഇനി കാലിച്ചന്തയും: ഉദ്ഘാടനം ഇന്ന്

ചാമംപതാല്‍:  മുപ്പത്തിയഞ്ചു വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം വെള്ളാവൂരില്‍ ആരംഭിച്ച നാട്ടുചന്തയോടൊപ്പം ഇനി കാലിച്ചന്തയും പ്രവര്‍ത്തിക്കും .കാലിച്ചന്തയുടെ ഉദ്ഘാടനം ഇന്നു നടക്കും. രാവിലെ 9.30ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്് ഷൈനി കുന്നിനി ഉദ്ഘാടനം നിര്‍വഹിക്കും.
എല്ലാ മാസവും ആദ്യ വ്യാഴാഴ്ച്ചകളിലാണു കാലിച്ചന്ത പ്രവര്‍ത്തിക്കുക. ആട്ടിന്‍കുട്ടികള്‍ പോത്തിന്‍കിടാവ് തുടങ്ങി എല്ലാ ആടുമാടുകളെയും ഗ്രാമീണര്‍ക്ക് വാങ്ങാനും വില്‍ക്കാനുമുള്ള കേന്ദ്രമായാണ് കാലിച്ചന്ത ആരംഭിക്കുന്നത്.
പതിറ്റാണ്ടുകള്‍ പഴക്കമുള്ള വെള്ളാവൂരിലെ നാട്ടുചന്ത 35 വര്‍ഷം മുമ്പാണ് നിലച്ചു പോയത്.
ഭൂരിഭാഗം കര്‍ഷകരും സാധാരണക്കാരും മാത്രം അധിവസിക്കുന്ന പ്രദേശത്തെ ഗ്രാമീണരുടെ ഉന്നമനത്തിനായാണ് മൂന്നുമാസം മുമ്പ് ചന്ത പുനരാരംഭിച്ചത്.വെള്ളാവൂര്‍ ഗ്രാമപ്പഞ്ചായത്ത് കേരള വികസന സമിതി, വെള്ളാവൂര്‍ ഗ്രാമദീപം കാര്‍ഷിക ക്ലബ് എന്നിവയുടെ സഹകരണത്തോടെയാണ് നാട്ടുചന്ത പുനരാരംഭിച്ചത്. ആഴ്ചതോറും പ്രവര്‍ത്തിക്കുന്ന ചന്തയില്‍ 50ഓളം വ്യാപാര കേന്ദ്രങ്ങളാണുള്ളത്.
ഗ്രാമീണ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ മലഞ്ചരക്കു മല്‍സ്യ-മാംസങ്ങള്‍ തുടങ്ങി എല്ലാവിധ ഉല്‍പ്പന്നങ്ങളും ചന്തയില്‍ ലഭ്യമാണ്. ഉല്‍പ്പാദകര്‍ തന്നെ നേരിട്ട് വിപണനം നടത്തുന്നതിനാല്‍ കമ്പോളങ്ങളില്‍ നിന്നു ലഭിക്കുന്നതിനേക്കാള്‍ മെച്ചപ്പെട്ട ലാഭമാണ് കര്‍ഷകര്‍ക്കു ലഭിക്കുന്നത്. നാട്ടുചന്ത വിജയകരമായതോടെ എല്ലാ വ്യാഴാഴ്ചകളിലും വന്‍തിരക്കാണ് വെള്ളാവൂര്‍ ചന്തയില്‍ അനുഭവപ്പെടാറുള്ളത്.
ഓരോചന്ത ദിവസവും ഗ്രാമീണ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനും വില്‍ക്കാനുമായി ശരാശരി 2000ഓളം പേര്‍ ചന്തയിലെത്തുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.
നാട്ടുചന്ത വിജയമായതോടെയാണു സംഘാടകര്‍ കന്നുകാലി ചന്ത ആരംഭിക്കാന്‍ തീരുമാനിച്ചത്.
Next Story

RELATED STORIES

Share it