palakkad local

നാട്ടുകൂട്ടായ്മയില്‍ കൂമ്പ്ര തോടിന് പുതുജീവന്‍

ആനക്കര: ആലൂര്‍ ഒരുമയും പട്ടിത്തറ ഗ്രാമപ്പഞ്ചായത്തും കര്‍ഷകരും,  സന്നദ്ധ പ്രവര്‍ത്തകരും ഒന്നിച്ചതോടെ ഒഴുക്ക് നിലച്ച കൂമ്പ്ര തോടിന്ന് പുതുജീവന്‍. അങ്ങാടികളില്‍ നിന്നും അറവുശാലകളില്‍ നിന്നും തള്ളുന്ന മാലിന്യങ്ങള്‍ കാരണം ഒഴുക്കു നിലച്ചിരിക്കുകയാണ് കുമ്പ്രതോട്. പുളിയപ്പറ്റ കായലില്‍ നിന്നും ഭാരതപ്പുഴയിലേക്കൊഴുകുന്ന തോടാണിത്.
ആളൊഴിഞ്ഞ സ്ഥലമായത് കാരണം പാലത്തിനു മുകളില്‍ നിന്നും വാഹനം നിര്‍ത്താതെ തന്നെ തോട്ടിലേക്ക് മാലിന്യം തള്ളാന്‍ സൗകര്യമായിരുന്നു. മാലിന്യങ്ങള്‍ തോടിന്റെ ഇരുവശങ്ങളിലുമുള്ള പൊന്തക്കാടുകളില്‍ തങ്ങി ഒഴുക്കിനും നിലനില്‍പിനും തന്നെ ഭീഷണിയാണ്. കര്‍ഷകരും, സാധാരണക്കാരുമായ ആളുകള്‍ തോടിനെ ആശ്രയിക്കുന്നുണ്ട്. അറവ് മാലിന്യങ്ങളും, മറ്റും പാലത്തിന് താഴെ അടിഞ്ഞ് കൂടിയിരിക്കുകയായിരുന്നു. ഇതു കാരണം തെരുവ് നായ്ക്കളുടെ ശല്യവും വര്‍ധിച്ചു.
തുടര്‍ന്നാണ് ഇതിനൊരു പരിഹാരണം കാണാന്‍ ആലൂരിലെ കൂട്ടായ്മയായ ആലൂര്‍ ഒരുമയും സന്നദ്ധ പ്രവര്‍ത്തകരും പാലത്തിന് സമീപം യോഗം ചേരുകയും, പഞ്ചായത്ത് വൈ.പ്രസിഡന്റ് ടി പി മുഹമ്മദ് മാസ്റ്ററുടെ നേതൃത്വത്തില്‍ ജനജാഗ്രതാ സമിതിക്ക് രൂപം നല്‍കുകയും ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്തിന്റെയും അറുപതോളം വരുന്ന തൊഴിലുറപ്പ് തൊഴിലാളികളുടേയും മറ്റും നേതൃത്വത്തില്‍ ഇന്നലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്.
മാലിന്യം തള്ളുന്നത് തടയുന്നതിന് പാലത്തിന്റെ ഇരു വശങ്ങളിലും നെറ്റുകള്‍ കെട്ടുകയും, സിസിടിവി കാമറകള്‍ സ്ഥാപിക്കുകയും ചെയ്യും. തൃശൂര്‍ മണ്ണുത്തി കാര്‍ഷിക കോളേജിലെ ഡോ: ഗിരിജ സ്ഥലം നന്ദര്‍ശിക്കുകയും, ആവശ്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. നദികളും   തോടുകളും നശിപ്പിക്കപ്പെട്ടാലുണ്ടാകുന്ന ദുരന്തങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുമെന്നും അവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it