wayanad local

'നാട്ടുകാരെ എന്നെ കൊല്ലാന്‍ വരുന്നേ, ഫാഷിസത്തിന്എതിരേ തെരുവുനാടവുമായി മനോജ് കാന

കല്‍പ്പറ്റ: 'നാട്ടുകാരെ എന്നെ  കൊല്ലാന്‍ വരുന്നേ, എന്നെ കൊല്ലാന്‍ വരുന്നേ...' അലര്‍ച്ച കേട്ട് ഇന്നലെ വൈകീട്ട് കല്‍പ്പറ്റ ബസ്‌സ്റ്റാന്റിലുണ്ടായവര്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടി. ഒരു ചെറുപ്പക്കാരന്‍ നിലവിളിച്ചുകൊണ്ട് ആളുകള്‍ക്കിടയിലൂടെ പരക്കം പായുന്നു. പലര്‍ക്കും ആദ്യം ഒന്നും മനസ്സിലായില്ല. യാത്രക്കാര്‍ കാര്യമറിയാന്‍ വട്ടംകൂടിയതോടെ അവന്‍ പറഞ്ഞു- 'നാട്ടുകാരെ, എനിക്കു പേരില്ല, കാരണം പേരു പറഞ്ഞാല്‍ അവരെന്ന കൊല്ലാന്‍ വരും. ഞാന്‍ ഇവിടെ ഒരു നാടകം അവതരിപ്പിക്കുകയാണ്. എന്നാല്‍, നാടകത്തിന് പേരില്ല, കാരണം  അവരെന്ന കൊല്ലാന്‍ വരും'. പ്രശസ്ത സിനിമാ-നാടക സംവിധായകന്‍ മനോജ് കാനയാണ് ഫാഷിസത്തിനെതിരേ ഏകാംഗ തെരുവുനാടവുമായി യാത്രക്കാരെ അമ്പരപ്പിച്ചത്. കവി കുരീപ്പുഴ ശ്രീകുമാറിനെ സംഘപരിവാരം ആക്രമിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു തെരുവുനാടകം. ബസ്‌സ്റ്റാന്റില്‍ തടിച്ചുകൂടിയ ജനങ്ങളില്‍ പുതിയൊരു അനുഭവമായി മനോജ് കാനയുടെ നാടകം. ജോലി തേടി അലയുന്ന ഒരു ചെറുപ്പക്കാരനിലൂടെ രാജ്യത്തെ ഫാഷിസം പറയുകയായിരുന്നു നാടകത്തില്‍. ഗുജറാത്തിലെത്തിയ ആര്‍എസ്എസ് കലാപത്തെ തുടര്‍ന്ന് മറ്റിടങ്ങളിലേക്ക് രക്ഷപ്പെടുകയായിരുന്നു. എന്നാല്‍, ഗോമാംസം ഭക്ഷിച്ചെന്നും ലൗജിഹാദ് ആരോപിച്ചും കന്നുകാലികളെ വില്‍ക്കുന്നുവെന്നാരോപിച്ചും കൊന്നൊടുക്കുകയാണ്. കര്‍ണാടകയിലെത്തിയപ്പോള്‍ എഴുതിയെന്നാരോപിച്ച് കൊലപാതകം തുടരുന്നു. ഇതില്‍ നിന്നു രക്ഷതേടി കേരളത്തിലെത്തിയപ്പോഴും രക്ഷയില്ല. കുരീപ്പുഴ ശ്രീകുമാര്‍ എന്ന കവിയെ ആക്രമിക്കുന്നു. ഇതിനെതിരേ മുഴുവന്‍ ജനങ്ങളും ഉണരണമെന്ന ആഹ്വാനത്തോടെയാണ് നാടകം അവസാനിക്കുന്നത്. ഒരു കലാകാരന്‍ എന്ന നിലയില്‍ ഫാഷിസത്തിനെതിരേ ചെറുത്തുനില്‍ക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയെന്നതിന്റെ ഭാഗമായാണ് ഏകാംഗ തെരുവുനാടകം അവതരിപ്പിച്ചതെന്നു മനോജ് കാന പറഞ്ഞു.
Next Story

RELATED STORIES

Share it