Kottayam Local

നാട്ടുകാരുടെ പ്രതിഷേധം : ജനവാസ മേഖലയിലെ പന്നിഫാം അടച്ചുപൂട്ടി



കല്ലറ: ജനവാസ മേഖലയില്‍ പ്രവര്‍ത്തിച്ച അനധികൃത പന്നിഫാം അടച്ചുപൂട്ടി. 10 വര്‍ഷക്കാലമായി കല്ലറ മുണ്ടാറില്‍ പ്രവര്‍ത്തിച്ച പന്നിഫാമാണ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് അടച്ചു പൂട്ടിയത്. നാട്ടുകാരുടെ നേതൃത്വത്തില്‍ പഞ്ചായത്തിലേക്കടക്കം സമരം നടത്തിയതിന്റെ ഫലമായി പോലിസിന്റെ സാന്നിധ്യത്തി ല്‍ വിഷയം ചര്‍ച്ച ചെയ്യുകയും 15 ദിവസത്തിനകം ഫാം നിര്‍ത്തുമെന്നാണ് മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ഫാം ഉടമ നാട്ടുകാരോടും പോലിസിനോടും പറഞ്ഞുന്നത്. ഫാം അടച്ച് പൂട്ടാനെന്ന വ്യാജേന അന്നേ ദിവസം തന്നെ ഫാമിലെ കുറച്ച് പന്നികളെ ഉടമ വാഹനത്തില്‍ കയറ്റി മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിരുന്നു. പിന്നീട് കുറച്ചു ദിവസങ്ങളില്‍ ഇവിടെ കിടന്നിരുന്ന പന്നികള്‍ക്ക് മാലിന്യത്തിനു പകരം പുല്ല് ചെത്തിയാണ് ആഹാരമായി നല്‍കിയിരുന്നത്. ദിവസങ്ങള്‍ക്ക് ശേഷം നാട്ടുകാരുടെ കണ്ണു വെട്ടിച്ച് ഫാമിലേക്ക് പന്നിയും മാലിന്യങ്ങളും എത്തിക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ സംഘടിച്ച് മാലിന്യങ്ങളുമായി എത്തിയ വാഹനം തടഞ്ഞത്. ബുധനാഴ്ച്ച രാവിലെ ഫാമില്‍ ഒരു വാഹനം കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. പരിശോധന നടത്തിയപ്പോള്‍ മാലിന്യവുമായി എത്തിയ വാഹനമാണിതെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്ന് പഞ്ചായത്ത് മെംബറേയും പോലിസിനെയും നാട്ടുകാര്‍ വിവരമറിയിച്ചു. കടുത്തുരുത്തി സിഐ കെ പി തോംസണിന്റെ നേതൃത്വത്തില്‍ പോലിസ് സംഘം സംഭവ സ്ഥലത്ത് എത്തിയിരുന്നു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പന്നി ഫാം ഒഴിപ്പിച്ചത്. അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ഫാമിനെതിരേ നാട്ടുകാര്‍ നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാവാത്തതിനെ തുടര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് സമരങ്ങള്‍ നടത്തിയിരുന്നു.
Next Story

RELATED STORIES

Share it