malappuram local

നാടുകാണിയിലെ ചരക്കുവാഹന നിരോധനം: തൊഴിലാളികള്‍ ദുരിതത്തില്‍

എടക്കര: നാടുകാണി, താമരശ്ശേരി ചുരങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിയതോടെ ഹെവി ചരക്ക് വാഹനങ്ങളിലെ ജീവനക്കാര്‍ ദുരിതത്തില്‍. തമിഴ്‌നാട് അതിര്‍ത്തിയില്‍ പോബ്‌സണ്‍ എസ്റ്റേറ്റിന് സമീപം ചുരം റോഡ് തകര്‍ന്നതിനെത്തുടര്‍ന്നും താമരശ്ശേരി ചുരത്തില്‍ വിവിധയിടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായതിനെത്തുടര്‍ന്നുമാണ് ഭാരം കൂടിയ വാഹനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത്. ആറു ചക്ര വാഹനങ്ങള്‍ക്ക് വരെ മാത്രമേ രണ്ട് ചുരങ്ങളിലും ഗതാഗത അനുമതിയുള്ളൂ. തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക, മഹാരാഷ്ട്ര, ഗോവ, പഞ്ചാബ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് അരി, നെല്ല്, ഗോതമ്പ്, ശര്‍ക്കര, പഞ്ചസാര തുടങ്ങിയ ഭക്ഷ്യ വസ്തുക്കളും, മാര്‍ബിള്‍, ഗ്രാനൈറ്റ്, കടപ്പ, ഇരുമ്പ്, ഉരുക്ക് തുടങ്ങി വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള സാധനങ്ങളും നാടുകാണി, താമരശ്ശേരി ചുരങ്ങള്‍ വഴിയാണ് കേരളത്തിലേക്ക് എത്തുന്നത്. എന്നാല്‍ ടോറസ് അടക്കമുള്ള വാഹനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയതോടെയാണ് ദുരിതം വര്‍ദ്ധിപ്പിക്കുന്നത്. ഇപ്പോള്‍ ബംഗളുരു, ഹസൂര്‍ വഴി വാളയാര്‍ ചെക്കുപോസ്റ്റ് വഴിയാണ് കേരളത്തിലേക്കുള്ള ഹെവി വാഹനങ്ങള്‍ ചരക്കുമായെത്തുന്നത്. ഇത് നിലവിലുള്ള ദൂരത്തെക്കാള്‍ 150 കിലോമീറ്ററോളം അധികമാണ്. മാത്രവുമല്ല ടോള്‍ ഇനത്തില്‍ മൂവായിരം രൂപവരെ അധികം നല്‍കണം. ഇത് ഭക്ഷ്യവസ്തുക്ക ള്‍ക്കടക്കം കൂടുതല്‍ വില നല്‍കേണ്ടി വരുന്ന അവസ്ഥയാണ് സംജാതമാവുന്നത്. തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ഉള്ള ഹെവി വാഹനങ്ങള്‍ നാടുകാണി വഴി കടത്തിവിടുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ വാഹനങ്ങള്‍ക്കാണ് കടുത്ത നിയന്ത്രണമുള്ളത്. ഒരു റൂട്ടില്‍ രണ്ട് നിയമം വാഹനങ്ങള്‍ക്ക് ദുരിതമായി മാറിയിരിക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ താമരശ്ശേരി ചുരം വഴി ഹെവി വാഹനങ്ങള്‍ കടത്തിവിടുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തേണ്ട ആവശ്യമില്ലെന്ന് വാഹന ജീവനക്കാര്‍ തന്നെ പറയുന്നു. നാടുകാണിച്ചുരം വഴിയുള്ള ഹെവി വാഹനങ്ങളുടെ ഗതാഗതം നിലച്ചിട്ട് ഒരു മാസത്തോളവും, താമരശ്ശേരിവഴി നാല് മാസവുമായിട്ടുണ്ട്. അധികൃതരുടെ നിരുത്തരവാദപരമായ സമീപനമാണ് ഈ റൂട്ടുകളിലൂടെ ഭാരമേറിയ വാഹന ഗതാഗതം പുനസ്ഥാപിക്കാത്തതിന് കാരണം.

Next Story

RELATED STORIES

Share it