wayanad local

നാടന്‍ കുരുമുളക് ഇനങ്ങളുടെ ജീന്‍ ബാങ്കുമായി വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി



കല്‍പ്പറ്റ: നാടന്‍ കുരുമുളക് ഇനങ്ങളുടെ ജീന്‍ ബാങ്കുമായി വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി. മാനന്തവാടിക്കടുത്ത് ബോയ്‌സ്ടൗണില്‍ ഒരേക്കറിലാണ്  സൊസൈറ്റിയുടെ ജീന്‍ ബാങ്ക്.  വയനാട്ടിലും നീലഗിരി, കൂര്‍ഗ് ഉള്‍പ്പെടെ സമീപജില്ലകളില്‍നിന്നും  ഇതിനകം ശേഖരിച്ച 41 ഇനം കുരുമുളകു ഇനങ്ങളാണ് ഇതിലുള്ളത്. കരിങ്കോട്ട, വാലന്‍കോട്ട, ഐമ്പിരിയന്‍, ജീരകമുണ്ടി, കല്ലുവള്ളി,  പിരിയന്‍ കല്ലുവള്ളി, വയനാടന്‍ ബോള്‍ഡ്, ചെറുമണിയന്‍, നീലമുണ്ടി , കരിമുണ്ട എന്നിങ്ങനെ നീളുന്നതാണ് കുരുമുളക് ഇനങ്ങളുടെ നിര. കരിമുണ്ടയുടെ മാത്രം 20നടുത്ത് ഇനങ്ങളാണ് ജീന്‍ ബാങ്കില്‍.  വയനാട്ടില്‍ ഒരുകാലത്ത് വ്യാപകമായി കൃഷിചെയ്തിരുന്നതും കാലപ്രയാണത്തില്‍ തോട്ടങ്ങളില്‍ അത്യൂപൂര്‍വവുമായ തനത് കുരുമുളക് ഇനങ്ങളുടെ സംരക്ഷണം മുന്‍നിര്‍ത്തിയാണ് ജീന്‍ബാങ്ക് ആസൂത്രണം ചെയ്തതെന്ന്  സൊസൈറ്റി പ്രോഗ്രാം ഓഫിസര്‍ പി എ ജോസ്, ബോട്ടണിസ്റ്റ് കെ ജെ ബിജു എന്നിവര്‍ പറഞ്ഞു.വരള്‍ച്ചയെയും രോഗങ്ങളെയും ഒരളവോളം പ്രതിരോധിക്കാന്‍ ശേഷിയുളളതാണ് നാടന്‍ കുരുമുളക് ഇനങ്ങള്‍. അത്യുത്പാദനശേഷിയുള്ള ഇനങ്ങളെ അപേക്ഷിച്ച് ഇവയ്ക്ക് ആയുസും കൂടുതലാണ്. കാര്‍ഷിക സര്‍വകലാശാലയുടേതടക്കം പരീക്ഷണശാലകളില്‍ വികസിപ്പിച്ച അത്യുത്പാദനശേഷിയുള്ള കുരുമുളക് ഇനങ്ങള്‍   ഏകദേശം 20 വര്‍ഷമാണ് മെച്ചപ്പെട്ട വിളവു നല്‍കുക. എന്നാല്‍ നാടന്‍ ഇനങ്ങളില്‍നിന്നു 40-50 വര്‍ഷം വിളവ് കിട്ടും. ദ്രുതവാട്ടവും മന്ദവാട്ടവും ഉള്‍പ്പെടെ രോഗങ്ങളുടെ ആക്രമണങ്ങള്‍ക്കും ഇവ എളുപ്പം കീഴ്‌പ്പെടില്ല.ജീന്‍ ബാങ്കിന്റെ പ്രഥമഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് സര്‍വേയും ഡാറ്റ ഡോക്യുമെന്റേഷനും  നടന്നുവരികയാണെന്ന് സൊസൈറ്റി പ്രവര്‍ത്തകര്‍ പറഞ്ഞു. വിവിധ സ്ഥലങ്ങളില്‍ നിന്നു ശേഖരിക്കുന്ന നടീല്‍വസ്തുക്കള്‍ ജീ ന്‍ ബാങ്കിലെ നഴ്‌സറികളിലാണ് പരിപാലിക്കുന്നത്. ജില്ലയില്‍ ജൈവകൃഷി പ്രചാരണ രംഗത്ത് മുന്‍നിരയിലാണ് വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി.
Next Story

RELATED STORIES

Share it