azchavattam

നാഗാലാന്‍ഡില്‍ നിന്ന് നാടന്‍താളത്തില്‍

നാഗാലാന്‍ഡില്‍ നിന്ന് നാടന്‍താളത്തില്‍
X
EASTERN

വി ആര്‍ ജി

നീലനിശീഥിനിയില്‍ നിശ്ചിതസമയത്ത് നിശ്ശബ്ദമായി നിദ്രയിലേക്കു നീങ്ങുന്ന നദി. ആ സമയത്ത് അതിന്റെ അഗാധതയില്‍ നിന്ന് ആര്‍ക്കെങ്കിലും ഒരു കല്ലെടുക്കാന്‍ കഴിഞ്ഞാല്‍ അയാള്‍ക്ക് ജീവിതത്തില്‍ ആഗ്രഹിക്കുന്നതൊന്നും അസാധ്യമായിരിക്കില്ല. അദ്ഭുതസിദ്ധിയുള്ള ആ കല്ല് കൈവശമാക്കണമെങ്കില്‍, പക്ഷേ, അയാള്‍ ഒരു ഭീകരജീവിയെ എതിര്‍ത്തുതോല്‍പിക്കണമെന്നുമാത്രം!
ഈസ്റ്ററൈന്‍ കിരേ, ഈ നാടോടിക്കഥ ആദ്യമായി കേള്‍ക്കുന്നത് നായാട്ടുകാരനായ സുഹൃത്തില്‍ നിന്നാണ്. അതും വളരെ വളരെ വര്‍ഷം മുമ്പ്. എഴുപതുകളുടെ അവസാനത്തില്‍. ഷില്ലോങില്‍ ബിഎ ഡിഗ്രിക്കുവേണ്ടി പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു അവരപ്പോള്‍. എന്തായാലും ഈ കഥ അവളുടെ മനസ്സില്‍ മായാതെ കിടന്നു.
2014ല്‍ ഈസ്റ്ററൈന്‍ ഈ കഥയെ അവലംബിച്ച്, ഒരു നോവലെഴുതി- 'വെന്‍ ദ റിവര്‍ സ്ലീപ്‌സ്'. ഒരു ബാലന്‍ സുമനസ്‌കനായ ഒരു മനുഷ്യന്റെ സഹായത്തോടെ നദി നിദ്രയിലായ സമയം നോക്കി കല്ല് കൈവശപ്പെടുത്തുന്നതും അതുമായി സ്ഥലംവിടാന്‍ ശ്രമിച്ച അവരെ വിധവകളുടെ പ്രേതങ്ങള്‍ ആക്രമിക്കുന്നതും ആ പ്രേതാത്മാക്കളെ അതിജീവിച്ച് അവര്‍ നാട്ടിലെത്തുന്നതും തുടര്‍ന്ന് സംഭവിക്കുന്ന അപ്രതീക്ഷിത അദ്ഭുതസംഭവങ്ങളുമാണ് നോവലിലെ പ്രതിപാദ്യം.
'ഹിന്ദു' പത്രം വര്‍ഷംതോറും നടത്തുന്ന 'ലിറ്റ് ഫോര്‍ ലൈഫ്' മേളയോടനുബന്ധിച്ച് നല്‍കിവരാറുള്ള ഹിന്ദു സമ്മാനത്തിന് ഈ വര്‍ഷം അര്‍ഹയായത് നാഗാലാന്‍ഡില്‍ നിന്നുള്ള ഇംഗ്ലീഷ് എഴുത്തുകാരിയായ കിരേയാണ്. പ്രമുഖ ബ്രിട്ടിഷ് സാഹിത്യകാരനായ അലക്‌സാണ്ടര്‍ മക്കാള്‍ സ്മിത് അഞ്ചുലക്ഷം രൂപയുടെ സമ്മാനം ചെന്നൈയില്‍ നടന്ന ചടങ്ങില്‍ അവര്‍ക്ക് സമര്‍പ്പിച്ചു.
വിവിധ മഹാഗോത്രങ്ങളുടെ ആചാരങ്ങളുടെയും ഭാഷകളുടെയും സംസ്‌കാരത്തിന്റെയും സ്പര്‍ധയുടെയും സംഘട്ടനങ്ങളുടെയും കാലുഷ്യങ്ങളുടെയും കലാപങ്ങളുടെയും ഭൂമിയായ               നാഗാലാന്‍ഡില്‍ നിന്നുള്ള കിരേയുടെ ഈ നോവലിനെ 'ഇന്ത്യന്‍ സാഹിത്യത്തിലെ ഉഴുതുമറിക്കാത്ത ഭൂമിയിലൂടെയുള്ള സഞ്ചാരം' എന്നാണ് ജഡ്ജിങ് കമ്മിറ്റി അംഗമായ കെ സച്ചിദാനന്ദന്‍ വിശേഷിപ്പിച്ചിട്ടുള്ളത്. 'വെന്‍ ദ റിവര്‍ സ്ലീപ്‌സി'നോടൊപ്പം അന്തിമ പട്ടികയിലുണ്ടായിരുന്ന മറ്റു കൃതികള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാവും. അമിത് ചൗധരിയുടെ 'ഒഡീസിയസ് എബ്രോഡ്', അമിതാവ് ഘോഷിന്റെ 'ബ്ലഡ് ഓഫ് ഫയര്‍', സിദ്ധാര്‍ഥ് ചൗധരിയുടെ 'ദ പട്‌ന മാന്വല്‍ സ്റ്റൈല്‍', അനുരാധ റോയിയുടെ 'സ്ലീപിങ് ഓണ്‍ ജൂപിറ്റര്‍', ജാനിസ് പാരിയറ്റിന്റെ 'സീ ഹോഴ്‌സ്' എന്നിവ                യാണ് പരിഗണനയ്ക്കു വന്ന മറ്റു കൃതികള്‍. ഇതില്‍ അസംകാരിയായ പാരിയറ്റ്                          മാത്രമാണ് പ്രായേണ പുതുമുഖം.
കൊഹിമയില്‍ 1959ല്‍ ഈസ്റ്റര്‍ ഞായറാഴ്ച ജനിച്ച കിരേ ഷില്ലോങില്‍ നിന്ന് ബിഎ ബിരുദം കരസ്ഥമാക്കിയതിനുശേഷം ഡല്‍ഹിയില്‍ ചെന്ന് പത്രപ്രവര്‍ത്തനത്തില്‍ ഡിപ്ലോമ എടുത്തു, പിന്നീട് എംഎയും. നാഗാലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ വകുപ്പില്‍ ജോലി ലഭിച്ചെങ്കിലും രണ്ടുവര്‍ഷത്തിനു ശേഷം അതു രാജിവച്ച് കോളജ് അധ്യാപികയായി.
നാഗാലാന്‍ഡിലെ നൃശംസമായ ജീവിതവും വിപ്ലവപ്രവര്‍ത്തനങ്ങളും സംഘട്ടനങ്ങളും ഭീകരതയ്‌ക്കെതിരായ ചെറുത്തുനില്‍പെന്ന പേരില്‍ നടത്തുന്ന സൈനികാതിക്രമങ്ങളും ഈസ്റ്ററൈന്‍ കിരേയുടെയും കുടുംബത്തിന്റെയും സ്വസ്ഥത നശിപ്പിച്ചിരുന്നു.            അവരും ഭര്‍ത്താവും മക്കളും പല തവണയാണ് മരണവക്ത്രത്തില്‍നിന്നു രക്ഷപ്പെട്ടത്. 2005ല്‍ ഇന്റര്‍നാഷനല്‍ സിറ്റീസ് ഓഫ് റെഫ്യൂജി നെറ്റ്‌വര്‍ക്കിന്റെ സംരക്ഷണത്തില്‍ ആ കുടുംബം നോര്‍വേയില്‍ അഭയാര്‍ഥികളായി പോയി. അതിനുശേഷം അവിടെയാണു താമസം.
കിരേയുടെ മാതൃഭാഷയുടെ പേര് 'ടെനിഡൈ' എന്നാണെങ്കിലും അവരെഴുതിയിട്ടുള്ള ബാലസാഹിത്യവും കവിതകളും കഥകളും നോവലുകളും എല്ലാം ഇംഗ്ലീഷിലാണ്. 'എ നാഗ വില്ലേജ് റിമംബേഡ്' (2003) എന്ന നോവല്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകൃതമാവുന്ന ആദ്യത്തെ നാഗാകൃതിയാണ്. 'വെന്‍ ദ റിവര്‍ സ്ലീപ്‌സ്' കിരേയുടെ രണ്ടാമത്തെ നോവലാണ്. കഥ, കവിതാ സമാഹാരങ്ങളും അവരുടേതായുണ്ട്. ഇന്തോ-നാഗാ സംഘര്‍ഷത്തെ പറ്റിയുള്ള 'ബിറ്റര്‍ വോംവുഡ്' എന്ന നോവല്‍ പ്രസിദ്ധീകരണത്തിനു തയ്യാറാക്കിവച്ചിട്ടുണ്ട്.
ജര്‍മന്‍, ക്രൊയേഷ്യന്‍, ഉസ്‌ബെക്, നോര്‍വീജിയന്‍, നേപ്പാളി, ഭാഷകളിലേക്ക് കിരേയുടെ കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഭര്‍ത്താവിനോടു ചേര്‍ന്ന് ജാസ്‌പോയ്‌സി എന്നൊരു ജാസ് ഗായകസംഘം നടത്തുന്ന അവര്‍ നാഗാ നാടോടിക്കഥകള്‍ ശേഖരിച്ച് പ്രസിദ്ധീകരിക്കാനുള്ള 'ബാര്‍ക്ക് വീവര്‍' എന്ന പ്രസിദ്ധീകരണ സ്ഥാപനത്തിന്റെ സ്ഥാപകയുമാണ്.
''നമ്മുടെ കാലത്ത് ഇതിഹാസ കാവ്യപ്രതിപാദനത്തിനുള്ള പ്രസക്തിയെയാണ് ഈസ്റ്ററൈന്‍ കിരേയുടെ രചനകള്‍ വിളിച്ചോതുന്നത്'' എന്ന് സച്ചിദാനന്ദന്‍ സാക്ഷ്യപ്പെടുത്തുന്നു.
Next Story

RELATED STORIES

Share it