നവോത്ഥാനം ഉഴുതുമറിച്ച മണ്ണ് കേരളം: ചരിത്രത്തിന്റെ നാള്‍വഴികളിലൂടെ മുഖ്യമന്ത്രി

എസ്് ഷാജഹാന്‍

തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധിയെ തുടര്‍ന്നു സംസ്ഥാനത്ത് ഉടലെടുത്ത കലാപങ്ങളെയും പ്രതിഷേധങ്ങളെയും ചരിത്രത്തിന്റെ അടയാളപ്പെടുത്തലുകള്‍ കൊണ്ട് ഓര്‍മപ്പെടുത്തി മുഖ്യമന്ത്രി.
ശബരിമല വിധിക്കു കാരണം എല്‍ഡിഎഫ് സര്‍ക്കാരല്ല. കേരളത്തിന്റെ ചരിത്രം കൂടി വിലയിരുത്തി വേണം വിധിയെ കാണാനെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ ജന്മിത്ത ആചാരക്രമങ്ങളെ വെല്ലുവിളിച്ചു കൊണ്ടാണ് ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികള്‍, അയ്യങ്കാളി തുടങ്ങിയ നിരവധി നവോത്ഥാന നായകര്‍ രംഗപ്രവേശനം ചെയ്തത്. ശ്രീനാരായണ ഗുരു നടത്തിയ അരുവിപ്പുറം പ്രതിഷ്ഠ കേരളത്തിന്റെ വിപ്ലവകരമായ സാമൂഹികമാറ്റത്തിന് അടിസ്ഥാനമായി. വില്ലുവണ്ടിയിലൂടെ സവര്‍ണ്ണര്‍ക്കു മാത്രം സഞ്ചരിക്കുന്ന വഴികളിലൂടെ മുന്നേറിയ അയ്യങ്കാളി നവോത്ഥാനത്തെ ജനാധിപത്യപരമായ പോരാട്ടങ്ങളുമായി ബന്ധിപ്പിച്ചതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
നാട്ടുരാജ്യങ്ങളിലെ ആചാരപരമായ പ്രശ്‌നങ്ങളിലും മറ്റും ഇടപെടേണ്ടതില്ലെന്ന ധാരണകളെ തിരുത്തി അത്തരം പ്രശ്‌നങ്ങളില്‍ ദേശീയ പ്രസ്ഥാനം ഇടപെടണമെന്ന കാഴ്ചപ്പാട് രൂപപ്പെട്ടതു കേരളത്തിലാണ്. വൈക്കം സത്യഗ്രഹം നടന്നത് ആ പശ്ചാത്തലത്തിലാണ്. 1924ലെ വൈക്കം സത്യഗ്രഹത്തില്‍ ടി കെ മാധവന്‍, സി വി കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ക്കു പുറമെ മന്നത്ത് പത്മനാഭനെപ്പോലെയുള്ള സാമൂഹിക പരിഷ്‌ക്കര്‍ത്താക്കളും ആ പ്രക്ഷോഭത്തില്‍ സജീവമായി പങ്കെടുത്ത കാര്യവും മുഖ്യമന്ത്രി ഓര്‍മപ്പെടുത്തി. വൈക്കം ക്ഷേത്രത്തില്‍ ഹിന്ദുക്കളിലെ അവര്‍ണ വിഭാഗങ്ങള്‍ക്കു പ്രവേശനം നിഷേധിച്ച രീതിക്കെതിരായിട്ടായിരുന്നു ആ പോരാട്ടം.
ഗാന്ധിജി ഉള്‍പ്പെടെ ഈ പോരാട്ടത്തെ പിന്തുണയ്ക്കുന്ന സ്ഥിതിയുണ്ടായി. മന്നത്ത് പത്മനാഭന്റെ നേതൃത്വത്തില്‍ ഒരു സവര്‍ണജാഥ തിരുവനന്തപുരത്തേക്കു കാല്‍നടയായി പുറപ്പെടുകയും സത്യഗ്രഹത്തിന് അനുകൂലമായി പൊതുജനാഭിപ്രായം രൂപീകരിക്കുകയും ചെയ്തു. അന്നത്തെ ആചാരത്തിനെതിരായുള്ള സമരത്തിലൂടെയാണു മന്നത്ത് പത്മനാഭന്‍ സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനത്തില്‍ സുപ്രധാനമായ സ്ഥാനം വഹിക്കുന്നത്. ഭൂപരിഷ്‌കരണം കൂടി നടപ്പാക്കപ്പെട്ടതോടെ സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍ മാത്രമല്ല, സാമ്പത്തിക രംഗത്തും ജന്മിത്വത്തിന്റെ അടിസ്ഥാന ഘടകങ്ങള്‍ പിഴുതുമാറ്റപ്പെടുന്ന സ്ഥിതിയുണ്ടായി. അങ്ങനെയാണു സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയം എന്നു വിശേഷിപ്പിച്ച കേരളം ആധുനിക കേരളം എന്ന നിലയിലേക്കു വളരുന്ന സ്ഥിതിയുണ്ടായത്. സാമൂഹിക പരിഷ്‌കരണത്തില്‍ ചില ഇടപെടല്‍ വരുമ്പോള്‍ എല്ലാവരും അണിനിരക്കണമെന്നില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it