thiruvananthapuram local

നവീകരണം കാത്ത് വേളി ടൂറിസ്റ്റ് വില്ലേജ്



തിരുവനന്തപുരം:  തലസ്ഥാന നഗരത്തിന്റെ ടൂറിസ്റ്റ് ആകര്‍ഷണമായ വേളി ടൂറിസ്റ്റ് വില്ലേജ് പരിമിതികളിലും അധികൃതരുടെ അനാസ്ഥയിലും പെട്ട് വീര്‍പ്പുമുട്ടുന്നു. സീസണ്‍ തുടങ്ങിയാല്‍ 1000 മുതല്‍ 2000 വരെ സന്ദര്‍ശകര്‍ ദിവസേനെ ഇവിടം സന്ദര്‍ശിക്കുന്നു എന്നാണ് കണക്കുകള്‍. ഇതില്‍ ഭൂരിഭാഗവും മറ്റ് ജില്ലകളില്‍ നിന്നുള്ളവരാണ്. കുറഞ്ഞ ചെലവില്‍ കായല്‍ പരപ്പിലെ ബോട്ടിംഗ് ആഗ്രഹിച്ചെത്തുന്നവര്‍ക്ക് കായല്‍ വെള്ളത്തെ പൂര്‍ണ്ണമായി മറച്ച് കണ്ണെത്താത്ത ദൂരത്തോളം വളര്‍ന്നു കിടക്കുന്ന കുളവാഴയും പായലുമാണ് കാണാന്‍ കഴിയുന്നത്. കുളവാഴകള്‍ക്കിടയില്‍ ഭാഗികമായി തകര്‍ന്ന്  പ്രവര്‍ത്തനരഹിതമായ ബോട്ടുകള്‍ കയറില്‍ ബന്ധിപ്പിച്ച നിലയില്‍ ബോട്ടുജെട്ടിയോടു ചേര്‍ന്ന് കിടപ്പുണ്ട്. കായലില്‍ നിന്നുള്ള വെള്ളം ഒഴുകിയെത്തുന്ന തരത്തില്‍ കുട്ടികളുടെ പാര്‍ക്കിനു സമീപത്തെ ശംഖ് കുളം നവീകരിച്ച് തുടങ്ങിയതാണ് അധികൃതരുടെ ഭാഗത്തുനിന്നുള്ള ഏക നടപടി. കഴിഞ്ഞ ദിവസമാണ് ശംഖ് കുളത്തിന്റെ നവീകരണം തുടങ്ങിയത്. ചെളിയും മാലിന്യവും നിറഞ്ഞു ദുര്‍ഗന്ധം വമിക്കുന്ന കുളം കൊതുകുകളുടെ പ്രജനന കേന്ദ്രമായി മാറിയിരുന്നു.  പ്ലാന്‍ ഫണ്ടില്‍ നിന്ന് അനുവദിച്ച രണ്ടര ലക്ഷം രൂപ വിനിയോഗിച്ചാണ് ഇപ്പോള്‍ നവീകരണം നടത്തുന്നത്. കുളത്തിലെ ചെളികള്‍ ജെസിബി ഉപയോഗിച്ച് കോരിമാറ്റുന്ന ജോലികള്‍ നടന്നുവരികയാണ്. കുളത്തിനു ചുറ്റും നിര്‍മ്മിക്കുന്ന സംരക്ഷണ ഭിത്തി നടപ്പാതയാക്കി മാറ്റിയാണ് നവീകരണം. നിലവിലെ നടപ്പാതകളും കുട്ടികളുടെ പാര്‍ക്കും തകര്‍ന്നുകിടന്നിട്ട് ഇതുവരെയും അറ്റകുറ്റപ്പണി നടത്തിയില്ല. വില്ലേജിന് സമീപത്തെ കായല്‍ തീരം പ്ലാസ്റ്റിക് കുപ്പികള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ അടിഞ്ഞു കൂടിയ നിലയിലാണ്. വിനോദ ഗ്രാമത്തിന്റെ ആകര്‍ഷണമായ ഫ്‌ലോട്ടിംഗ് ബ്രിഡ്ജ് അറ്റകുറ്റപ്പണികള്‍ നടത്താതെ തകര്‍ച്ചയുടെ വക്കിലാണ്. 1992 കാലഘട്ടത്തില്‍ ഏറെ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ഫ്‌ലോട്ടിംഗ് റസ്റ്റോറന്റ് ഇന്ന് നഷ്ടപ്പെട്ട് കായലരികത്ത് ടൂറിസ്റ്റു വില്ലേജിന്റെ ഒരു മൂലയില്‍ കുറ്റിയടിച്ച് ഉറപ്പിച്ച നിലയിലാണ്. മുകളിലും താഴെയും 80 പേര്‍ക്ക് ഭക്ഷണം കഴിക്കാന്‍ സൗകര്യമുണ്ടായിരുന്ന റസ്റ്റോറന്റിന്റെ രണ്ടാം നില തകര്‍ച്ചയെ തുടര്‍ന്ന് അടച്ചുപൂട്ടി. റസ്റ്റോറന്റിന്റെ താഴത്തെ നില മാത്രമേ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുള്ളു. കടല്‍ത്തീരത്തോട് ചേര്‍ന്ന് പുതുതായി ഏര്‍പ്പെടുത്തിയ അഡ്വഞ്ചര്‍ പാര്‍ക്കിന് മുന്നില്‍ അറ്റകുറ്റപ്പണികള്‍ക്കായി പ്രവര്‍ത്തനം നിറുത്തിവെച്ചിരിക്കുന്നു എന്ന ബോര്‍ഡ് തൂക്കിയിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് പ്രാഥമിക കൃത്യങ്ങള്‍ നിറവേറ്റാന്‍ ടോയ്‌ലെറ്റ് കോംപ്ലക്‌സ് എന്ന നിര്‍ദ്ദേശം ഇപ്പോഴും കടലാസിലാണ്. കെല്‍ട്രോണിന്റെ നേതൃത്വത്തിലും വനിതാ വികസന കോര്‍പറേഷന്റെ നേതൃത്വത്തിലും സ്ഥാപിച്ച 3 ഇ-ടോയ്‌ലറ്റുകള്‍ എപ്പോള്‍ വേണമെങ്കിലും പ്രവര്‍ത്തനരഹിതമാകുന്ന അവസ്ഥയിലാണ്.
Next Story

RELATED STORIES

Share it