Flash News

നവാസ് ശരീഫും മകളും അറസ്റ്റില്‍

ലാഹോര്‍: അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫും മകള്‍ മറിയവും അറസ്റ്റില്‍. ലണ്ടനില്‍ നിന്നു തിരിച്ചെത്തിയ പാകിസ്താന്‍ മുസ്‌ലിംലീഗ് (എന്‍) നേതാവും മകളും ലാഹോര്‍ വിമാനത്താവളത്തിലാണ് അറസ്റ്റിലായത്. ഇരുവരെയും തലസ്ഥാനമായ ഇസ്‌ലാമാബാദിലെത്തിച്ച് അവിടെ നിന്ന് ജയിലിലേക്കു മാറ്റും.
നവാസിനെ പിന്തുണച്ച് സഹോദരന്‍ ഷഹബാസ് ശരീഫിന്റെ നേതൃത്വത്തില്‍ അനുയായികള്‍ മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ലാഹോര്‍ വന്‍ സുരക്ഷാവലയത്തിലാണ്. മറിയത്തിന്റെ ഭര്‍ത്താവ് ക്യാപ്റ്റന്‍ (റിട്ട) മുഹമ്മദ് സഫ്ദര്‍ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. ശരീഫിന്റെയും മറിയത്തിന്റെയും പാസ്‌പോര്‍ട്ടുകളും കണ്ടുകെട്ടി. മാതാവ് ബീഗം ഷാമിം അക്തറിനെയും സഹോദരന്‍ ഷഹബാസിനെയും കാണാന്‍ നവാസ് ശരീഫിന് അനുമതി നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ വിധി മാറ്റിയെഴുതാന്‍ തന്റെയൊപ്പം നില്‍ക്കണമെന്ന് പാകിസ്താനിലേക്കുള്ള യാത്രാമധ്യേ അനുയായികളോട് നവാസ് അഭ്യര്‍ഥിച്ചിരുന്നു.
പാനമ രേഖകളിലൂടെ പുറത്തുവന്ന അഴിമതിക്കേസില്‍ ശരീഫിനു പത്തു വര്‍ഷം തടവും 80 ലക്ഷം പൗണ്ട്  പിഴയും പാകിസ്താനിലെ അഴിമതിവിരുദ്ധ കോടതി വിധിച്ചിരുന്നു. കൂട്ടുപ്രതികളായ മകള്‍ മറിയം ഏഴു വര്‍ഷവും മരുമകന്‍ ക്യാപ്റ്റന്‍ മുഹമ്മദ് സഫ്ദര്‍ ഒരു വര്‍ഷവും തടവുശിക്ഷ അനുഭവിക്കണം.  പാകിസ്താനില്‍ 25ന് പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ശരീഫിന്റെ അറസ്റ്റ്.
Next Story

RELATED STORIES

Share it