നവാസ് ശരീഫും കുടുംബവും ജയില്‍മോചിതരായി

ലാഹോര്‍: അഴിമതിക്കേസില്‍ ശിക്ഷയനുഭവിക്കുന്ന പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫും കുടുംബവും ജയില്‍മോചിതരായി. നവാസിനു പുറമെ മകള്‍ മറിയം, മരുമകന്‍ മുഹമ്മദ് സഫ്ദര്‍ എന്നിവരുടെ ജയില്‍ശിക്ഷ റദ്ദാക്കി ഇസ്‌ലാമാബാദ് ഹൈക്കോടതി ഇന്നലെ വിധി പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് മോചനം.
മൂവരും അഞ്ചു ലക്ഷം പാകിസ്താന്‍ രൂപയുടെ ജാമ്യത്തുക കെട്ടിവയ്ക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.
അവന്‍ഫീല്‍ഡ് അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് ശരീഫും മറ്റുള്ളവരും ശിക്ഷ അനുഭവിക്കുന്നത്. നവാസ് ശരീഫിന് 11 വര്‍ഷവും മറിയത്തിന് എട്ടു വര്‍ഷവും സഫ്ദറിന് ഒരു വര്‍ഷവുമാണ് ശിക്ഷ വിധിച്ചിരുന്നത്. കേസ് പരിഗണിച്ച അക്കൗണ്ടബിലിറ്റി കോടതി ജൂലൈ ആറിനാണ് മൂന്നുപേര്‍ക്കും തടവ് വിധിച്ചത്.
വിധിയെ ചോദ്യം ചെയ്തുകൊണ്ട് നവാസും മറ്റുള്ളവരും സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് കോടതി ഉത്തരവ്. ജസ്റ്റിസുമാരായ അതാര്‍ മിനല്ല, മിയാഗുല്‍ ഹസ്സന്‍ ഔറംഗസേബ് എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ലണ്ടനിലെ സമ്പന്നമേഖലയില്‍ നാലു ഫഌറ്റുകള്‍ സ്വന്തമാക്കിയതില്‍ അഴിമതി നടത്തിയെന്നായിരുന്നു ശരീഫിനും കുടുംബത്തിനുമെതിരായ കേസ്. ഇതേത്തുടര്‍ന്ന് ജൂലൈ 13ന് ലണ്ടനില്‍ നിന്നു ലാഹോറിലേക്ക് വരവെ നവാസിനെയും മറിയത്തെയും അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍, സ്വത്തുക്കള്‍ നവാസ് ശരീഫിന്റേതാണെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ശിക്ഷ റദ്ദാക്കിയത്.

Next Story

RELATED STORIES

Share it