നവരാത്രി ദിനങ്ങളില്‍ മാംസവില്‍പന അനുവദിക്കില്ലെന്നു സംഘപരിവാരം

ഗുരുഗ്രാം: നവരാത്രി ആഘോഷദിനത്തില്‍ മാംസവില്‍പന അനുവദിക്കില്ലെന്ന് 22ഓളം ഹിന്ദു സംഘടനകള്‍. ശിവസേന ഉള്‍പ്പെടെയുള്ള 22ഓളം ഹൈന്ദവ സംഘടനകളാണു ഹരിയാനയിലെ ഗുരുഗ്രാമില്‍ മാംസ വില്‍പനയ്‌ക്കെതിരേ ഭീഷണി മുഴക്കിയത്. ഈ ദിവസങ്ങളില്‍ മാംസക്കച്ചവടം നടത്തുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ കട പൂട്ടിക്കുമെന്നും അതിനായി എന്തും ചെയ്യുമെന്നും സംഘടനകള്‍ ഭീഷണിപ്പെടുത്തി.
ഒക്ടോബര്‍ 10 മുതല്‍ 18 വരെ നടക്കുന്ന നവരാത്രി ആഘോഷങ്ങള്‍ക്കിടയില്‍ സന്‍യുക്ത് ഹിന്ദു സംഘര്‍ഷ് സമിതിയാണു മാംസക്കടകള്‍ പൂട്ടിക്കാന്‍ ആഹ്വാനം ചെയ്തത്. നവരാത്രി ദിനത്തില്‍ ഏതെങ്കിലും മാംസക്കടകള്‍ തുറക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഞങ്ങള്‍ അത് പൂട്ടിക്കും. അതിന്റെ പേരില്‍ എന്തു സംഭവിച്ചാലും അക്കാര്യം ഞങ്ങള്‍ നോക്കിക്കോളും-ശിവസേന ജില്ലാ പ്രസിഡന്റ് ഗൗതം സേനി പറഞ്ഞു. 125 അംഗങ്ങളെ തങ്ങള്‍ നിയമിച്ചിട്ടുണ്ടെന്നും ഇവര്‍ നഗരത്തിലെ ഓരോ മാംസക്കടയിലും എത്തി കടകള്‍ അടയ്ക്കാന്‍ ആവശ്യപ്പെടുമെന്നും വ്യക്തമാക്കി ശിവസേനാ ജില്ലാ ഭരണകൂടത്തിന് കത്ത് നല്‍കിയിട്ടുണ്ട്.
നവരാത്രിദിനങ്ങളില്‍ മാംസക്കടകള്‍ അടച്ചിട്ടാല്‍ ലക്ഷങ്ങളുടെ നഷ്ടമാവും കച്ചവടക്കാര്‍ നേരിടേണ്ടിവരിക. ഭീഷണിയെ തുടര്‍ന്നു പോലിസ് സുരക്ഷ ആവശ്യപ്പെട്ടിരിക്കുകയാണ് വ്യാപാരികള്‍. എന്നാല്‍ കടകള്‍ നിര്‍ബന്ധപൂര്‍വം അടപ്പിക്കുന്ന നടപടിയെ ശക്തമായി പ്രതിരോധിക്കുമെന്നും അത്തരത്തില്‍ ആരെങ്കിലും ചെയ്യുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ സുമിത് കുമാര്‍ പറഞ്ഞു.
കഴിഞ്ഞവര്‍ഷം 500ഓളം കടകളായിരുന്നു ശിവസേനയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ പൂട്ടിച്ചത്. ഡല്‍ഹി ഗുഡ്ഗാവ് എക്‌സ്പ്രസ്‌വേയിലെ 300ഓളം മാംസക്കടകളും ചില ഹൈന്ദവ സംഘടനാ പ്രവര്‍ത്തകര്‍ ചേര്‍ന്നു പൂട്ടിച്ചിരുന്നു.

Next Story

RELATED STORIES

Share it