malappuram local

നവജാത ശിശുക്കള്‍ക്കും അമ്മമാര്‍ക്കും 'തറ'പരിചരണം

റജീഷ് കെ സദാനന്ദന്‍
മഞ്ചേരി: പ്രസവ നിരക്കില്‍ സംസ്ഥാനത്ത് മുന്നില്‍ നില്‍ക്കുന്ന സര്‍ക്കാര്‍ ആതുരാലയങ്ങളിലൊന്നായ മഞ്ചേരി മെഡിക്കല്‍ കോളജില്‍ നവജാത ശിശുക്കള്‍ക്കും അമ്മമാര്‍ക്കും നല്‍കുന്ന സേവനത്തിലെ 'തറ' നിലവാരത്തിന് മാറ്റമില്ല. സാധാരണക്കാരുടെ ആശ്രയ കേന്ദ്രമായ മെഡിക്കല്‍ കോളജിലെ പ്രസവ വാര്‍ഡിലെ കാഴ്ചകള്‍ ആശങ്കാജനകമാണ്.
വാര്‍ഡ് നിറഞ്ഞ് രോഗികളും സന്ദര്‍ശകരും കടന്നുപോവുന്ന വരാന്തകളില്‍വരെ ചോരക്കുഞ്ഞുങ്ങളുമായി അമ്മമാര്‍ കഴിയുന്ന ദുരിതാന്തരീക്ഷത്തിലാണ് ആതുരാലയം.പ്രതിമാസം ശരാശരി 500 ഓളം പ്രസവങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ നടക്കുന്നു. പ്രസവ വാര്‍ഡില്‍ 60 ബെഡ്ഡുകള്‍ മാത്രമാണുള്ളത്. പ്രസവങ്ങളേറുമ്പോള്‍ ബെഡ്ഡുകള്‍ കിട്ടാത്തവര്‍ വാര്‍ഡിലെ തറയിലാണ് കിടക്കുന്നത്. ഇവിടെയും സ്ഥലമില്ലാതായതോടെയാണ് ചോരക്കുഞ്ഞുങ്ങളുമായി അമ്മമാര്‍ വരാന്തകളിലെത്തുന്നത്. തൊട്ടടുത്ത് മാനസികാരോഗ്യ പ്രശ്‌നമുള്ളവരെ കിടത്തി ചികില്‍സിക്കുന്ന വാര്‍ഡിലേക്കുള്ള വഴിയില്‍ പോലും ചോരക്കുഞ്ഞുങ്ങളുമായി അമ്മമാര്‍ കിടക്കാന്‍ സ്ഥലം തേടുന്നത് സുരക്ഷാ ഭീഷണിയും സൃഷ്ടിക്കുന്നു. രോഗികളടക്കമുള്ളവര്‍ നിരന്തരം കടന്നുപോവുന്ന വഴികളില്‍ പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികളുമായി കിടക്കുമ്പോള്‍ സംഭവിച്ചേക്കാവുന്ന ആരോഗ്യ പ്രശ്‌നങ്ങളും നിരവധിയാണ്. ലഭ്യമായ സൗകര്യങ്ങളില്‍ പ്രവേശിപ്പിക്കാവുന്ന ഗര്‍ഭിണികളെക്കാള്‍ മൂന്നിരട്ടിയോളം ഗര്‍ഭിണികള്‍ ഇവിടെ പലപ്പോഴും പ്രവേശിപ്പിക്കപ്പെടുന്നു. സൗകര്യക്കുറവു മുന്‍നിര്‍ത്തി കോഴിക്കോട് മെഡിക്കല്‍ കോളജടക്കമുള്ള ആശുപത്രികളിലേക്ക് ഗര്‍ഭിണികളെ റഫര്‍ ചെയ്താലും ഭൂരിഭാഗവും പോവാന്‍ വിസമ്മതിക്കുന്നതാണ് ആതുരാലയാധികൃതരെ വലക്കുന്നത്. ഇതര ജില്ലകളിലെ സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നതും സ്വകാര്യ ആതുരാലയങ്ങളില്‍ അഭയം തേടുന്നതും സാധാരണ കുടുംബങ്ങളിലുള്ളവര്‍ക്ക് സൃഷ്ടിക്കുന്ന സാമ്പത്തിക ബാധ്യതയാണ് മിക്കവരും അരക്ഷിതമായ അന്തരീക്ഷത്തിലുള്ള പ്രസവ ശുശ്രൂഷ സ്വീകരിക്കാന്‍ മുതിരുന്നതെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
താലൂക്ക് ആശുപത്രിയായി മഞ്ചേരിയില്‍ പ്രവര്‍ത്തനം ആരംഭിച്ച ആതുരാലയം 1969ല്‍ ജില്ലാ ആശുപത്രിയായും 2010ല്‍ ജനറല്‍ ആശുപത്രിയും വികസിപ്പിച്ച ശേഷം 2013 സപ്തംബര്‍ ഒന്നിന് മെഡിക്കല്‍ കോളജായി പദവി ഉയര്‍ത്തുകയായിരുന്നു. ഇക്കാലമത്രയും പ്രസവ വാര്‍ഡിന് അനിവാര്യമായ പൂരോഗതിയുണ്ടായില്ല. മഞ്ചേരിക്കനുവദിച്ച സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി വിട്ടുകൊടുത്താണ് മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാക്കിയത്. ഇതോടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ലഭിക്കേണ്ട 300 കിടക്കകളും അനുബന്ധ സൗകര്യങ്ങളും നഷ്ടമായി. പദവി ഉയര്‍ത്തലിന്റെ ഭാഗമായി പഴയ ആശുപത്രി കെട്ടിടത്തിലെ പല വാര്‍ഡുകളും മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ലക്ചറര്‍ ഹാളാക്കിയിരുന്നു. നിലവിലെ ഒപി കെട്ടിടത്തിന് മുകളിലെ നാലും അഞ്ചും നിലകള്‍ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ താമസത്തിനായി വിട്ടു നല്‍കിയതും പ്രസവ വാര്‍ഡിന്റെ വിസ്തൃതി വര്‍ധിപ്പിക്കുന്നതിനു തടസ്സമായി.
മെഡിക്കല്‍ കോളജിലെ സ്ഥല പരിമിതി വിവിധ ഘട്ടങ്ങളിലായി നടന്ന മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പരിശോധനകളിലും കണ്ടെത്തിയരുന്നു. എന്നാല്‍, മാറിമാറി വന്ന ഇടതു വലതു സര്‍ക്കാറുകള്‍ ഇക്കാര്യത്തില്‍ അനിവാര്യമായ ശ്രദ്ധ പതിപ്പിച്ചില്ല. പനിയും മറ്റു പകര്‍ച്ച രോഗങ്ങളും ജനാരോഗ്യത്തിനു ഭീഷണി സൃഷ്ടിക്കുമ്പോള്‍ വരാന്തകളിലുള്ള അമ്മമാരുടേയും കുഞ്ഞുങ്ങളുടേയും പരിചരണം കുറ്റമറ്റതാക്കാന്‍ ആരും ഇടപെടുന്നില്ലെന്നതാണ് വാസ്തവം.
Next Story

RELATED STORIES

Share it