Articles

നവകേരള മിഷന്റെ പിന്നാമ്പുറം

ഷാന്റോലാല്‍
സിപിഎം നടത്തിയ കേരള പഠന കോണ്‍ഗ്രസ്സില്‍ രൂപപ്പെടുത്തിയ ഭാവി കേരള വികസന പദ്ധതികള്‍ നവകേരള മിഷനിലൂടെ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിവരുകയാണ്. നവകേരള മിഷനിലൂടെ കേരളത്തിന്റെ വികസന ചരിത്രത്തില്‍ പുതിയൊരു അധ്യായം രചിക്കപ്പെടുകയാണെന്നും കേരളത്തിന്റെ പരിസ്ഥിതിയും ജൈവവൈവിധ്യവും സംരക്ഷിക്കുന്നതും ജീവിതനിലവാരം ഉയര്‍ത്തുന്നതുമായ ഇടതുപക്ഷ വികസന പരിപ്രേക്ഷ്യത്തിന്റെ പ്രായോഗിക രൂപമാണ് നവകേരള മിഷന്‍ എന്നുമാണ് പ്രചാരണം.  സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി (ലൈഫ്), ജനസൗഹൃദ സര്‍ക്കാര്‍ ആശുപത്രികള്‍ (ആര്‍ദ്ര മിഷന്‍), സമഗ്ര വിദ്യാഭ്യാസ നവീകരണം (പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം), ഹരിത കേരളം എന്നീ നാലു പദ്ധതികളിലൂടെ വികസനത്തിന്റെ രണ്ടാം തലമുറ പ്രശ്‌നങ്ങള്‍ക്കുള്ള പ്രായോഗിക ബദലുകളാണുപോല്‍ നടപ്പില്‍വരാന്‍ പോകുന്നത്. മാലിന്യ സംസ്‌കരണം, ജൈവകൃഷി വ്യാപനം പോലുള്ള കാര്യങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇടപെടാതിരുന്നപ്പോള്‍ സിപിഎം സഹകരണ സ്ഥാപനങ്ങളിലൂടെയും ബഹുജന സംഘടനകളുടെയും മുന്‍കൈയിലാണ് ഇതു ചെയ്തതെന്നും എന്നാല്‍ ഇന്നിത് സര്‍ക്കാരിനു ചെയ്യാന്‍ കഴിയുമെന്നും പാര്‍ട്ടി വക്താക്കള്‍ പറയുന്നു. ഹരിത കേരളം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നതിനോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ചില കാര്യങ്ങള്‍ സൂചിപ്പിക്കുകയുണ്ടായി. ഗതകാല കാര്‍ഷിക സമൃദ്ധിയുടെ സ്മരണയില്‍ മാത്രം മുന്നോട്ടുപോകാനാവില്ല, പുതിയ കാലത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കണം, വായു-ജല-ഖര മലിനീകരണം തീവ്രമാകുന്നു, രോഗാണുക്കളും പകര്‍ച്ചവ്യാധികളും കേരളത്തെയും കീഴടക്കുന്ന കാലം ഉണ്ടാവരുത്, നാടിന്റെ പച്ചയും മണ്ണിന്റെ നന്‍മയും ജലത്തിന്റെയും വായുവിന്റെയും ശുദ്ധിയും വീണ്ടെടുക്കാന്‍ ജനകീയ യജ്ഞം തന്നെ വേണം എന്നെല്ലാമാണ് മുഖ്യമന്ത്രിയുടെ ഉദീരണം. ജലസ്രോതസ്സുകളുടെ മലിനീകരണവും നികത്തലും കുറയുന്ന മഴയും കടലില്‍ ഒഴുകിച്ചേരുന്ന മഴവെള്ളവും എല്ലാം ചേര്‍ന്ന് ഭീതിദമായ അവസ്ഥയാണ് നിലനില്‍ക്കുന്നതെന്ന് പിണറായി വിശദീകരിക്കുന്നു. കേരള ജനത ഭീതിദമായ അവസ്ഥയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. വ്യാപകമായ വനനശീകരണവും വയല്‍ നികത്തലും കുന്ന് ഇടിച്ചുനിരത്തലും ചതുപ്പുനില നശീകരണവും തീരങ്ങളുടെ കൈയേറ്റവും എല്ലാം ചേര്‍ന്നു കേരളത്തിന്റെ പരിസ്ഥിതി സന്തുലിതാവസ്ഥ പാടേ തകരുകയും കൊടിയ വരള്‍ച്ചയെത്തന്നെ അഭിമുഖീകരിക്കുകയുമാണ് എന്നത് ശരിയാണ്. വന്‍കിട കുത്തകകളുടെ ഖനനങ്ങളും അനിയന്ത്രിതമായ തോതിലുള്ള പാറമടകളുടെ പ്രവര്‍ത്തനവും പുഴകളെ കൊല്ലുന്ന മണല്‍ വ്യവസായവും കേരളത്തിന്റെയും പ്രത്യേകിച്ച് പശ്ചിമഘട്ടത്തിന്റെയും പരിസ്ഥിതിയെ താറുമാറാക്കിയിരിക്കുകയാണ്. ഇതുമൂലമാണ് ഒരുകാലത്ത് ലോകത്തുതന്നെ ഏറ്റവുമധികം മഴ ലഭിച്ചിരുന്ന നമ്മുടെ നാട് വരണ്ടുണങ്ങിക്കൊണ്ടിരിക്കുന്നത്. കേരളം സാമ്പത്തിക-രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക മണ്ഡലങ്ങളിലാകെ വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. സാമ്രാജ്യത്വ-ആഗോളവല്‍ക്കരണ നയങ്ങളും ജനവിരുദ്ധ വികസന പദ്ധതികളും ജനജീവിതം അങ്ങേയറ്റം ദുസ്സഹമാക്കിയിരിക്കുന്നു. സര്‍വ മേഖലകളിലും ചൂഷണവും അരക്ഷിതാവസ്ഥയും വര്‍ധിക്കുന്നു. കാര്‍ഷിക-പാരിസ്ഥിതിക മേഖലകള്‍ കടുത്ത വെല്ലുവിളികളാണ് നേരിടുന്നത്. നാളിതുവരെ നമ്മുടെ നാട്ടില്‍ ഭരണം നടത്തിയ മുന്നണികള്‍ക്കൊന്നും ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. തൊഴിലാളികള്‍, ആദിവാസികളും ദലിതരും അടക്കമുള്ള കര്‍ഷകര്‍, സ്ത്രീകള്‍, യുവജനങ്ങള്‍, മുസ്‌ലിംകള്‍, മറ്റ് മതന്യൂനപക്ഷങ്ങള്‍ തുടങ്ങി വിവിധ ജനവിഭാഗങ്ങള്‍ കടുത്ത ചൂഷണത്തിനും മര്‍ദനത്തിനും ഇരകളാവുന്നു. 300 രൂപ മാത്രം കൂലി ലഭിക്കുന്നവരായി തോട്ടം തൊഴിലാളികള്‍ പാടികളുടെ അടിമത്തത്തില്‍ നരകയാതന അനുഭവിക്കുന്നു. വിദ്യാഭ്യാസം കച്ചവടവല്‍ക്കരിക്കപ്പെട്ടതോടെ ജനങ്ങള്‍ വിദ്യാഭ്യാസ വായ്പ എന്ന വലിയ കടഭാരം പേറി ജീവിക്കുന്നു. ആരോഗ്യമേഖലയിലെ സ്വകാര്യവല്‍ക്കരണ നയങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളെ തകര്‍ത്തെറിഞ്ഞു. ചികില്‍സ എന്നത് പണമുള്ളവര്‍ക്കു മാത്രം സാധ്യമാവുന്ന ഒന്നായി. തല ചായ്ക്കാന്‍ ഒരു തുണ്ടു ഭൂമിയോ കേറിക്കിടക്കാന്‍ ഒരു വീടോ ഇല്ലാത്ത ആദിവാസികളും ചേരിനിവാസികളും റോഡ്-തോട് പുറമ്പോക്കുകളില്‍ പ്ലാസ്റ്റിക് കുടിലുകളില്‍ കഴിയുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ മേല്‍പ്പറഞ്ഞ നാലു മേഖലകളെ സ്പര്‍ശിക്കുന്ന നവകേരള മിഷന്‍ പ്രവര്‍ത്തനങ്ങളും പ്രചാരണങ്ങളും ഇതിന്റെയെല്ലാം ദുരിതമനുഭവിക്കുന്ന സാധാരണ ജനങ്ങള്‍ക്കിടയില്‍ ചെറിയൊരു സ്വീകാര്യതയും ആശ്വാസവും ലഭിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, കേരളം ഇന്ന് അഭിമുഖീകരിക്കുന്ന ആരോഗ്യ-പാര്‍പ്പിട-വിദ്യാഭ്യാസ-പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് യഥാര്‍ഥ പരിഹാരം കാണാന്‍ നവകേരള മിഷനു കഴിയുമോ? നവകേരള മിഷന്റെ രാഷ്ട്രീയ അന്തസ്സത്തയും യഥാര്‍ഥ ലക്ഷ്യവും എന്താണ്? ഇത്തരം കാര്യങ്ങള്‍ നാം പരിശോധിക്കേണ്ടിയിരിക്കുന്നു. നവകേരള മിഷനില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന വിഷയമായി ആദ്യം ഉദ്ഘാടനം ചെയ്യപ്പെട്ടത് ഹരിത കേരളം പദ്ധതിയാണെന്നത് സസൂക്ഷ്മം നിരീക്ഷിക്കേണ്ട ഒരു നടപടിയാണ്. കേരളം ഒരു വലിയ പാരിസ്ഥിതിക ദുരന്തത്തിന്റെ വക്കിലാണ്. മൂന്നു ദശകം മുമ്പുതന്നെ കേരളം നേരിടാന്‍ പോകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെപ്പറ്റിയും ജലദൗര്‍ലഭ്യത്തെപ്പറ്റിയും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെപ്പറ്റിയും ചര്‍ച്ചകള്‍ ഉയര്‍ന്നുവരുകയും സമരങ്ങള്‍ നടക്കുകയുമുണ്ടായി. എന്നാല്‍, ഇന്നു കേരളം ഭരിക്കുന്ന സിപിഎം ഉള്‍പ്പെടെയുള്ള ഭരണവര്‍ഗ പാര്‍ട്ടികള്‍ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളോടും പരിസ്ഥിതി പ്രവര്‍ത്തകരോടും അങ്ങേയറ്റം പുച്ഛത്തോടെയും അസഹിഷ്ണുതയോടെയുമാണ് പെരുമാറിയത്. ഇപ്പോഴും അങ്ങനെ 'വികസനവിരോധികള്‍' എന്ന മുദ്രയടിച്ച്, 'പരിസ്ഥിതി മൗലികവാദ'മെന്ന ചാപ്പയടിച്ച് ഏറ്റവും ഒടുവില്‍ അതിരപ്പിള്ളി പദ്ധതിക്കും വനനശീകരണത്തിനും വേണ്ടി പിണറായി വിജയന്‍ വാദിക്കുന്നത് നാം കാണുന്നു. നാടിന്റെ പച്ചയും മണ്ണിന്റെ നന്‍മയും ജലത്തിന്റെയും വായുവിന്റെയും ശുദ്ധിയും വീണ്ടെടുക്കാന്‍ സാക്ഷരതാ പ്രവര്‍ത്തനം പോലെ ജനകീയ യജ്ഞം തന്നെ വേണമെന്നു പറയുന്ന എല്‍ഡിഎഫ്, കേരളത്തിന്റെയും പശ്ചിമഘട്ടത്തിന്റെയും പരിസ്ഥിതി സംരക്ഷത്തിനാകെ ഉതകുന്ന ഗാഡ്ഗില്‍ കമ്മിറ്റി റിപോര്‍ട്ട് അട്ടിമറിക്കുന്നതിന് എന്തുകൊണ്ടാണ് കൂട്ടുനിന്നതെന്നു വ്യക്തമാക്കേണ്ടതുണ്ട്. കേരളത്തെ മൂന്നു മേഖലകളാക്കി തിരിക്കുകയും അതീവ പരിസ്ഥിതിലോലമായതിനെയും അല്ലാത്തവയെയും തരംതിരിച്ച് പരിസ്ഥിതി സംരക്ഷണത്തിനു വളരെയധികം ശാസ്ത്രീയ ഉള്ളടക്കമുള്ള ഒരു റിപോര്‍ട്ടാണ് ഗാഡ്ഗില്‍ കമ്മിറ്റി തയ്യാറാക്കി കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ചത്. ഈ റിപോര്‍ട്ട് പശ്ചിമഘട്ട മേഖലയിലെ ആറു സംസ്ഥാനങ്ങളിലെ എല്ലാ പ്രാദേശിക ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്ത് ഗ്രാമസഭകള്‍ വഴി ജനങ്ങള്‍ക്ക് വിതരണം ചെയ്ത് ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കണമെന്ന് ഗാഡ്ഗില്‍ കമ്മിറ്റി നിര്‍ദേശിക്കുകയുണ്ടായി. അത് അങ്ങനെ കേരളത്തില്‍ നടപ്പാക്കിയിരുന്നെങ്കില്‍ സാക്ഷരതാ യജ്ഞത്തിന്റെ നൂറിരട്ടി ജനപങ്കാളിത്തം ഉറപ്പാക്കാന്‍ കഴിയുമായിരുന്നു. ഒന്നാം മേഖല അഞ്ചു വര്‍ഷം കൊണ്ടും രണ്ടാം മേഖല പത്തു വര്‍ഷം കൊണ്ടും മൂന്നാം മേഖല 15 വര്‍ഷം കൊണ്ടും പൂര്‍ണമായി ജൈവകൃഷിയിലേക്ക് മാറണമെന്നും രാസവള-കീടനാശിനി പ്രയോഗങ്ങള്‍ ഇതോടൊപ്പം അവസാനിപ്പിക്കണമെന്നും ഗാഡ്ഗില്‍ കമ്മിറ്റി പറയുന്നു. രാസവളങ്ങള്‍ ഉപേക്ഷിക്കുമ്പോള്‍ ജൈവവളം കണ്ടെത്തുന്നതിനു കര്‍ഷകര്‍ക്ക് കാലിവളര്‍ത്തലിനു പ്രോല്‍സാഹനം നല്‍കണമെന്നും രണ്ടില്‍ കൂടുതല്‍ പശുക്കള്‍ ഉള്ളവര്‍ക്ക് സര്‍ക്കാര്‍ ധനലഹായം നല്‍കണമെന്നും റിപോര്‍ട്ട് പറയുന്നു. ഹരിത കേരളം പദ്ധതിയിലെ ജൈവകൃഷി, കീടനാശിനിമുക്ത കൃഷി എന്നീ നിര്‍ദേശങ്ങള്‍ ആത്മാര്‍ഥമാണെങ്കില്‍ മേല്‍പ്പറഞ്ഞ നിര്‍ദേശങ്ങള്‍ അടങ്ങിയ ഗാഡ്ഗില്‍ റിപോര്‍ട്ടിനെ എന്തിനാണ് എല്‍ഡിഎഫും സിപിഎമ്മും എതിര്‍ത്തത്? രണ്ടില്‍ കൂടുതല്‍ പശുക്കള്‍ ഉള്ളവര്‍ക്ക് ഇനി കാലിവളര്‍ത്തലേ പറ്റില്ലെന്ന് മലയോര മേഖലകളില്‍ ഇവര്‍ നുണപ്രചാരണം നടത്തിയത് എന്തിനാണ്? ജലസമ്പത്ത് സംരക്ഷിക്കുന്നതിനും വരള്‍ച്ചയ്ക്ക് ശാസ്ത്രീയമായി തടയിടുന്നതിനും മണ്ണ് സംരക്ഷിക്കുന്നതിനുമായി ഗാഡ്ഗില്‍ കമ്മിറ്റി ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. കേരളം സമുദ്രനിരപ്പിലേക്ക് കൂടുതല്‍ ചരിഞ്ഞുകിടക്കുന്ന പ്രദേശമായതിനാല്‍ മഴക്കാലമാവുമ്പോള്‍ ശക്തമായ മണ്ണൊലിപ്പ് സംഭവിക്കുന്നു എന്നും, വളക്കൂറുള്ള മേല്‍മണ്ണിന്റെ നഷ്ടം കാര്‍ഷിക വിളകളുടെ ഉല്‍പാദനത്തെ ബാധിക്കുന്നുവെന്നും, കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രധാന പാരിസ്ഥിതിക പ്രശ്‌നങ്ങളിലൊന്ന് ഈ മണ്ണൊലിപ്പാണെന്നും ഇതു തടയുന്നതിനായി 30 ശതമാനത്തില്‍ കൂടുതല്‍ ചരിവുള്ള പ്രദേശങ്ങളില്‍ ഹ്രസ്വകാല വിളകള്‍ നിരുല്‍സാഹപ്പെടുത്തുകയും വര്‍ഷാവര്‍ഷം മണ്ണിളക്കം ആവശ്യമില്ലാത്ത ദീര്‍ഘകാല വിളകള്‍ കൃഷി ചെയ്യുന്നതിനു പ്രോല്‍സാഹനം നല്‍കണമെന്നും നിര്‍ദേശിച്ചു.          ി(അവസാനിക്കുന്നില്ല)
Next Story

RELATED STORIES

Share it