നവംബര്‍ ഒന്ന് മുതല്‍ ബസ് സമരം

കോട്ടയം: സ്വകാര്യ ബസ്സുകള്‍ നവംബര്‍ ഒന്ന് മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ഓള്‍ കേരള ബസ് ഓപറേറ്റേഴ്‌സ് കോ-ഓഡിനേഷന്‍. ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നത് അടക്കം വിവിധ ആവശ്യങ്ങള്‍ മുന്നോട്ടുവച്ചാണ് സമരം.
ഇതിനു മുന്നോടിയായി ഈ മാസം 24ന് വാഹനപ്രചാരണ ജാഥ നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. മിനിമം ചാര്‍ജ് 10 രൂപയാക്കുക, വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് അഞ്ച് രൂപയാക്കുക, ഡീസല്‍വിലയില്‍ സ്വകാര്യ ബസ്സുകള്‍ക്ക് ഇളവ് അനുവദിക്കുക, സ്വകാര്യ ബസ്സുകളുടെ വാഹന നികുതി ഒഴിവാക്കുക തുടങ്ങി എട്ട് ആവശ്യങ്ങളുന്നയിച്ചാണ് ഓള്‍ കേരള ബസ് ഓപറേറ്റേഴ്‌സ് കോ-ഓഡിനേഷന്‍ സമരം തുടങ്ങുന്നത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സ്വകാര്യ ബസ്സുകള്‍ നവംബര്‍ ഒന്ന് മുതല്‍ സമരം നടത്തുമെന്ന് സര്‍ക്കാരിന് നോട്ടീസ് നല്‍കിയിട്ടുള്ളതായി ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സീനിയര്‍ സെക്രട്ടറി ജെയി ചെട്ടിശേരി, തങ്കച്ചല്‍ വാലേല്‍, ജോസ്‌കുട്ടി മുളകുപാടം, എ സി സത്യന്‍ പങ്കെടുത്തു.
അതേസമയം, ഒന്നാം തിയ്യതി ആരംഭിക്കുന്ന സമരത്തില്‍ പങ്കെടുക്കില്ലെന്ന് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചു. എന്നാല്‍, നവംബര്‍ 15ന് സൂചനാ പണിമുടക്ക് നടത്താനാണ് ഫെഡറേഷന്റെ തീരുമാനം.
Next Story

RELATED STORIES

Share it