malappuram local

നറുകര വില്ലേജ് ഓഫിസര്‍ വിന്‍സെന്റിന്് ആര്‍എസ്എസ് വധഭീഷണി

മഞ്ചേരി: മഞ്ചേരി നറുകര അമൃത വിദ്യാലയത്തിലെ ആര്‍എസ്എസ് ആയുധ പരിശീലനത്തെ കുറിച്ച് അന്വേഷണം നടത്തുന്ന വില്ലേജ് ഓഫിസര്‍ വിന്‍സെന്റിന് സംഘപരിവാരത്തിന്റെ വധഭീഷണി. ആര്‍എസ്എസ് ജില്ലാ കാര്യവാഹക് വില്ലേജ് ഓഫിസിലെത്തി ഓഫിസറെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതു സംബന്ധിച്ച് വില്ലേജ് ഓഫിസര്‍ വിന്‍സെന്റ് ജില്ലാ കലക്ടര്‍ അമിത് മീണയ്ക്കും മഞ്ചേരി പോലിസിലും പരാതി നല്‍കി. വിദ്യാലയം കേന്ദ്രീകരിച്ച് ആര്‍എസ്എസ് ആയുധ പരിശീലനം നടത്തുന്നുവെന്ന ജനകീയ പരാതിയില്‍ ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരമാണ് വില്ലേജ് ഓഫിസര്‍ അന്വേഷണം നടത്തുന്നത്. പ്രാഥമിക ശിക്ഷാവര്‍ഗ് എന്ന പേരില്‍ ആര്‍എസ്എസ് അമൃതാ വിദ്യാലയത്തില്‍ സംഘടിപ്പിച്ച ക്യാംപില്‍ നടക്കുന്നത് ആയുധപരിശിലനമാണെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസികള്‍ കഴിഞ്ഞ 26ന് ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. ക്യാംപ് തുടങ്ങിയ ദിവസം മുതല്‍ പ്രദേശവാസികള്‍ ഭീതിയിലായിരുന്നു.
എന്നാല്‍, ക്യാംപ് നടക്കുന്ന വിദ്യാലയത്തിലേക്ക് കുപ്പികള്‍ എറിഞ്ഞുവെന്ന് ആരോപിച്ച് പരാതി നല്‍കിയതിന്റെ അടുത്ത ദിവസം രാത്രിയില്‍ മാരകായുധങ്ങളുമായി റോഡിലിറങ്ങിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കുമെതിരേ ആക്രമണം അഴിച്ചു വിട്ടു. ഇതോടെ നാട്ടുകാര്‍ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു.
പിന്നീടാണ് സംഘര്‍ഷാവസ്ഥയ്ക്ക് അയവു വന്നത്. കേസെടുത്ത് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ജാതിമതഭേദമില്ലാതെ എല്ലാ വിഭാഗം നാട്ടുകാരും ഒപ്പിട്ട പരാതിയാണ് പോലിസിന് സമര്‍പ്പിച്ചത്. സംഘപരിവാരത്തിന്റെ അതിക്രമങ്ങള്‍ക്ക് പോലിസ് ഒത്താശ ചെയ്‌തെന്നും നാട്ടുകാരുടെ പരാതിയില്‍ പറയുന്നുണ്ട്.
എന്നാല്‍, ജനകീയ പരാതിയില്‍ കേസെടുക്കാതെ ആര്‍എസ്എസിന്റെ പരാതിയില്‍ കേസെടുക്കുയാണ് പോലിസ് ചെയ്തത്. ക്യാംപ് തടസപ്പെടുത്തിയെന്ന ആര്‍എസ്എസ് ജില്ലാ കാര്യവാഹ് പി ദിനേശന്‍ നല്‍കിയ പരാതിയിലാണ് മഞ്ചേരി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്്. ആര്‍എസ്എസ് അക്രമത്തിനെതിരേ പ്രതിഷേധിച്ച പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തു. ഇതോടെ പോലിസിനെതിരേ പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണ് വിഷയത്തില്‍ റിപോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി ജില്ലാ കലക്ടര്‍ നറുകര വില്ലേജ് ഓഫിസറെ ചുമതലപ്പെടുത്തിയത്.
ഇതനുസരിച്ച് അമൃതാന്ദമയി മഠത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അമൃതവിദ്യാലയത്തിന്റെ ചുമതല വഹിക്കുന്നയാളുടെ മൊഴിയെടുക്കാന്‍ വില്ലേജ് ഓഫിസര്‍ നോട്ടീസ് നല്‍കി. എന്നാല്‍, വിദ്യാലയത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനു പകരം ആര്‍എസ്എസ് ജില്ലാ കാര്യവാഹക് ശരത് ആണ് വില്ലേജ്് ഓഫിസിലെത്തിയത്. ഇവിടെവച്ചാണ് വില്ലേജ് ഓഫിസറെ ഭീഷണിപ്പെടുത്തിയത്. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് പോലിസിലും പരാതി നല്‍കിയിരിക്കുന്നത്. റിപോര്‍ട്ട് ഉടന്‍ നല്‍കുമെന്ന് വില്ലേജ് ഓഫിസര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it