palakkad local

നര്‍മദാ പ്രക്ഷോഭത്തില്‍ പങ്കെടുത്ത മലയാളി വിദ്യാര്‍ഥികള്‍ക്ക് ഗുജറാത്ത് പോലിസിന്റെ മര്‍ദനം



അഹമ്മദാബാദ്: നര്‍മ്മദാ പ്രക്ഷോഭത്തിന്റെ ഭാഗമായി മേധാപട്കറുടെ നേതൃത്വത്തില്‍ ആരംഭിച്ച ‘റാലി ഫോര്‍ വാലിയാത്രയില്‍ പങ്കെടുക്കാന്‍ കേരളത്തില്‍നിന്നു പോയ മലയാളി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഗുജറാത്ത് പോലിസിന്റെ മര്‍ദനം. തൃശൂര്‍ മുണ്ടൂരിലെ സല്‍-സബീല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായ ശ്രീലക്ഷ്മി, ഹാഷിം രിഫാഈ, മുഹമ്മദ് കാമില്‍, അദീന സുന്ദര്‍, കൃഷ്ണ മുഹമ്മദ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സൈനബ ടീച്ചറിന്റെ നേതൃത്വത്തില്‍ റാലിയില്‍ പങ്കെടുക്കാന്‍ പോയ സ്‌കൂള്‍ കുട്ടികളെ രണ്ടുതവണ മര്‍ദ്ദിച്ചു. കസ്റ്റഡിയില്‍ എടുത്ത് പോലിസ് ബസില്‍ കയറ്റിയ കുട്ടികളെ ബസില്‍നിന്ന് വീണ്ടും പോലിസ് മര്‍ദിച്ചതായി സ്‌കൂള്‍ മാനേജര്‍ പി ടി മുഹമ്മദ് ഹുസൈന്‍ പറഞ്ഞു. റാലിക്ക നേരെ ഗുജറാത്ത് പോലിസ് ലാത്തിച്ചാര്‍ജ് നടത്തുകയും മേധാപട്ക്കര്‍ അടക്കമുള്ള സമരനേതാക്കളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇതിനുശേഷം പൊലിസ് ബസില്‍ കയറ്റിയ സ്‌കൂള്‍ കുട്ടികളെ പോലിസ് ബസില്‍നിന്നും വലിച്ചിഴച്ച് മര്‍ദിച്ചു. മര്‍ദ്ദനമേറ്റ വിദ്യാര്‍ഥികളെയടക്കം സമരക്കാരെ പിന്നീട് മധ്യപ്രദേശിലെ അവതാ ചെക്ക്‌പോസ്റ്റിന് സമീപമുള്ള പോലിസ് സ്റ്റേഷനിലെത്തിച്ചു. കഴിഞ്ഞ ദിവസമാണ് പ്രിന്‍സിപ്പല്‍ സൈനബ ടീച്ചറിന്റെ നേതൃത്വത്തില്‍ എട്ട് വിദ്യാര്‍ഥികള്‍ റാലിയില്‍ പങ്കെടുക്കാന്‍ തൃശൂരില്‍നിന്നും മധ്യപ്രദേശിലെ ഇന്‍ഡോറില്‍ എത്തിയത്. നിര്‍മ്മദ അടക്കം നിരവധി ജനകീയ സമരങ്ങളില്‍ പതിറ്റാണ്ടുകളായി പങ്കെടുക്കുകയും പാരിസ്ഥിതിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുകയും ചെയ്യുന്ന സ്ഥാപനമാണ് തൃശൂര്‍ മുണ്ടൂരിലെ സല്‍സബീല്‍ സ്‌കൂള്‍. മേധാ പട്കര്‍, പരിസ്ഥിതി നോബല്‍ സമ്മാനമായി അറിയപ്പെടുന്ന ഗോള്‍ഡ്മാന്‍ പുരസ്‌കാരം ഇത്തവണ നേടിയ പ്രഫുല്ല സമാന്തര, മുതിര്‍ന്ന ഗാന്ധിയന്‍ നേതാവായ നിത മഹാദേവ് എന്നിവരടക്കം 60 ഓളം പേരെ പോലിസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് ജാമ്യം നല്‍കാനും പോലിസ് വിസമ്മതിക്കുന്നതായി ആന്ദോളന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it