നരോദാപാട്യ കൂട്ടക്കൊല: മൂന്ന് പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്‌

ന്യൂഡല്‍ഹി: 2002ലെ നരോദാപാട്യ കൂട്ടക്കൊലക്കേസില്‍ പ്രതികളായ മൂന്നുപേരെ ഗുജറാത്ത് ഹൈക്കോടതി 10 വര്‍ഷം തടവിന് ശിക്ഷിച്ചു. പി ജെ രാജ്പുത്, രാജ്കുമാര്‍ ചൗമല്‍, ഉമേഷ് ബര്‍വാദ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. 2012ല്‍ വിചാരണക്കോടതി പ്രതികളെ കുറ്റക്കാരല്ലെന്നു കണ്ട് വെറുതെവിട്ടിരുന്നു. ഈ വിധി പുനപ്പരിശോധിച്ച ഹൈക്കോടതി, 2002ല്‍ സബര്‍മതി എക്‌സ്പ്രസ് അഗ്നിക്കിരയാക്കിയതിനു പിന്നാലെ മുസ്‌ലിം സമുദായത്തില്‍പ്പെട്ട 96 പേര്‍ കൊല്ലപ്പെടുന്നതിലേക്ക് നയിച്ച തീവയ്പില്‍ പ്രതികള്‍ കുറ്റക്കാരാണെന്നു കണ്ടെത്തുകയായിരുന്നു.
അതേസമയം, കേസില്‍ പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്ന 29 പേരെ കോടതി കുറ്റവിമുക്തരാക്കി. ജസ്റ്റിസ് ഹര്‍ഷാ ദേവനി, എ എസ് സുപേഹിയ എന്നിവരടങ്ങിയ ബെഞ്ചാണ് ശിക്ഷ വിധിച്ചത്. പ്രതികള്‍ക്ക് സമൂഹത്തിലുള്ള അന്തസ്സും മോശം കുടുംബസ്ഥിതിയും പരിഗണിച്ച് ശിക്ഷയില്‍ ഇളവു നല്‍കണമെന്ന പ്രതിഭാഗത്തിന്റെ അഭ്യര്‍ഥന കോടതി തള്ളി.
ഏപ്രില്‍ 20ന് ഗുജറാത്ത് മുന്‍മന്ത്രി മായാ കോഡ്‌നാനിയെ ഹൈക്കോടതി കുറ്റവിമുക്തയാക്കുകയും ബജ്‌രംഗ്ദള്‍ മുന്‍ നേതാവ് ബാബു ബജ്‌രംഗിയുടെ ശിക്ഷ ശരിവയ്ക്കുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it