Flash News

നരോദപാട്യ കൂട്ടക്കൊലക്കേസ്‌ : രണ്ട് ഹൈക്കോടതി ജഡ്ജിമാര്‍ സംഭവസ്ഥലം സന്ദര്‍ശിക്കും



അഹ്മദാബാദ്: 2002ലെ ഗുജറാത്ത് കലാപത്തിനിടെ നരോദപാട്യയില്‍ നടന്ന കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസിലെ പ്രതികളുടെ അപ്പീലില്‍ വാദംകേള്‍ക്കുന്ന രണ്ട് ഹൈക്കോടതി ജഡ്ജിമാര്‍ കുറ്റകൃത്യം നടന്ന സ്ഥലം സന്ദര്‍ശിക്കും. കൂട്ടക്കൊലയുടെ മൊത്തം ചിത്രം ലഭിക്കുന്നതിനുവേണ്ടിയാണിത്. മുന്‍ ബിജെപി മന്ത്രി മായാ കോഡ്‌നാനി അടക്കമുള്ളവര്‍ കേസില്‍ പ്രതികളാണ്. ജഡ്ജിമാരുടെ സന്ദര്‍ശനത്തിന്റെ തിയ്യതിയോ സമയമോ പുറത്തുവിട്ടിട്ടില്ല. സന്ദര്‍ശനം റിപോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്കുണ്ട്. മാധ്യമങ്ങളുടെ ഇടപെടല്‍ കോടതിനടപടികളിലെ ഇടപെടലായി കണക്കാക്കും. നരോദപാട്യയില്‍ ന്യൂനപക്ഷസമുദായക്കാരായ 96 പേരാണു കൊല്ലപ്പെട്ടത്. കേസിലെ കക്ഷികളുടെ അഭ്യര്‍ഥനയനുസരിച്ച് ജസ്റ്റിസുമാരായ ഹര്‍ഷ ദേവാനി, എ എസ് സുപേഹിയ എന്നിവരാണ് നരോദപാട്യ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്. കേസില്‍ പ്രത്യേക എസ്‌ഐടി കോടതി വിധിച്ച ശിക്ഷക്കെതിരേ കോഡ്‌നാനി അടക്കമുള്ളവരാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. കേസില്‍ കോഡ്‌നാനിയെയും മറ്റു 29 പ്രതികളെയും ജീവപര്യന്തം തടവിനാണു 2012 ആഗസ്ത് 30ന് പ്രത്യേക കോടതി ശിക്ഷിച്ചത്.
Next Story

RELATED STORIES

Share it