നദീറിനെതിരേ മാവോവാദി ആരോപണവുമായി വീണ്ടും പോലിസ്‌

കണ്ണൂര്‍: മാവോവാദിബന്ധം ആരോപിച്ച് കോഴിക്കോട് ബാലുശ്ശേരി സ്വദേശി നദീറിനെ പീഡിപ്പിക്കാന്‍ വീണ്ടും പോലിസ് ശ്രമമെന്ന് ആരോപണം. ഇരിട്ടി സബ്ഡിവിഷന്‍ പരിധിയിലെ പോലിസ് സ്‌റ്റേഷനുകളില്‍ പതിച്ചിരിക്കുന്ന മാവോവാദി നേതാക്കളുടെ ചിത്രമടങ്ങിയിരിക്കുന്ന ലുക്ക്ഔട്ട് നോട്ടീസില്‍ നദീറിന്റെ ഫോട്ടോയും ഉള്‍പ്പെടുത്തി. ഇവര്‍ ആറളം, കേളകം, പേരാവൂര്‍, കരിക്കോട്ടക്കരി സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത ഏഴു കേസുകളിലെ പ്രതികളായ മാവോവാദി പ്രവര്‍ത്തകരാണെന്നും ഒളിവില്‍ കഴിയുന്ന ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്കു തക്കതായ പ്രതിഫലം നല്‍കുമെന്നുമാണ് ലുക്ക്ഔട്ട് നോട്ടീസില്‍ പറയുന്നത്. കണ്ണൂര്‍ റേഞ്ച് ഐജി, ജില്ലാ പോലിസ് ചീഫ്, ഇരിട്ടി ഡിവൈഎസ്പി തുടങ്ങിയവരുടെ ഫോണ്‍നമ്പറും നോട്ടീസില്‍ നല്‍കിയിട്ടുണ്ട്. നേരത്തെ മാവോവാദി ബന്ധമാരോപിച്ച് ആറളം പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായി കഴിഞ്ഞവര്‍ഷം ഡിസംബര്‍ 19ന് നദീറിനെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ സംഭവം വിവാദമായതോടെ തെളിവില്ലെന്നു പറഞ്ഞ് വിട്ടയച്ചു. എന്നാല്‍ നദീറിനെതിരായ കേസ് എഴുതിത്ത ള്ളിയിരുന്നില്ല. ആറളത്തെ ആദിവാസികള്‍ക്കിടയില്‍ മാവോവാദി അനുകൂല നോട്ടീസ് വിതരണം ചെയ്‌തെന്നാണ് ആരോപണം. കേസില്‍ ആറാംപ്രതിയാണ് നദീര്‍. നദീറിനെതിരേ ചുമത്തപ്പെട്ട യുഎപിഎ കേസ് തള്ളിയെന്നും ഇപ്പോള്‍ യാതൊരു കേസുമില്ലെന്നും നേരത്തെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കേസ് ഇപ്പോഴും ഹൈക്കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. കേസില്‍ ഉടന്‍ തീരുമാനമുണ്ടാവണമെന്നും പോലിസ് റിപോര്‍ട്ട് പെട്ടെന്ന് കോടതിയില്‍ സമര്‍പ്പിക്കണമെന്നും രണ്ടാഴ്ച മുമ്പ് ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം, ഇപ്പോള്‍ ഇവര്‍ മാവോവാദികള്‍ എന്ന പേരില്‍ പുറത്തുവിട്ട പോസ്റ്ററില്‍ വീണ്ടും നദീറിന്റെ ഫോട്ടോ പോലിസ് നല്‍കിയിരിക്കുകയാണ്. പോലിസ് പ്രസിദ്ധീകരിച്ച തന്റെ ചിത്രമടക്കമുള്ള പോസ്റ്റ ര്‍ നദീര്‍ തന്നെയാണ് ഫേസ്ബുക്കില്‍ പങ്കുവച്ചത്. തനിക്കു യാതൊരു ബന്ധവുമില്ലാത്ത വിഷയത്തിന്റെ പേരില്‍ കഴിഞ്ഞ ഒരുവര്‍ഷമായി ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും ഈ ഉപദ്രവം തീരാന്‍ എന്താണു ചെയ്യേണ്ടതെന്നും നദീര്‍ ചോദിക്കുന്നു.


.
Next Story

RELATED STORIES

Share it