നദികളെ കൊല്ലുന്ന അണക്കെട്ടുകള്‍

ഒഴുകണം നമ്മുടെ പുഴകള്‍- 2   -   എസ്  പി  രവി
മനുഷ്യ ഇടപെടലുകളില്‍ നദികള്‍ക്ക് ഏറ്റവും ആഘാതം ഏല്‍പിച്ചിട്ടുള്ളത് അണക്കെട്ടുകളാണ്. പുഴയെ പൂര്‍ണമായും തടുത്തുകെട്ടിയും അതിലെ ജലം കുഴലിലൂടെയും കനാലിലൂടെയും ഒഴുക്കിയും നീരൊഴുക്കിന്റെ സ്വാഭാവിക ക്രമത്തെ മാറ്റിമറിച്ചും പുഴയുടെ അടിസ്ഥാന സ്വഭാവം തന്നെ മാറ്റിമറിക്കുന്നുണ്ട് അണക്കെട്ടുകള്‍. ഇന്ന് അണക്കെട്ടുകളുള്ള പുഴകള്‍ എപ്പോള്‍, എങ്ങോട്ട്, എങ്ങനെ ഒഴുകണമെന്നു തീരുമാനിക്കുന്നത് അണക്കെട്ടിന്റെ നിയന്ത്രണമുള്ളവരാണ്.
കേരളത്തില്‍ അണക്കെട്ട് നിര്‍മാണത്തിന്റെ ചരിത്രം ആരംഭിക്കുന്നത് മുല്ലപ്പെരിയാറിലാണ്. 1886ല്‍ ബ്രിട്ടിഷ് ഇന്ത്യാ സര്‍ക്കാര്‍ തിരുവിതാംകൂര്‍ രാജ്യത്തിനു മേല്‍ അടിച്ചേല്‍പിച്ച പെരിയാര്‍ പാട്ടക്കരാറിനെ തുടര്‍ന്ന് 1895ലാണ് 155 അടി ഉയരത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് പണിയുന്നത്. സംസ്ഥാനത്തെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയും പെരിയാറിന്റെ കൈവഴിയില്‍ തന്നെയായിരുന്നു. 1940കളില്‍ കമ്മീഷന്‍ ചെയ്തതാണ് പള്ളിവാസല്‍ ജലവൈദ്യുത പദ്ധതി. ഇന്നു വലുതും ചെറുതുമായി അറുപതോളം അണക്കെട്ടുകളാണ് കേരളത്തിലുള്ളത്.
സംസ്ഥാനത്തെ കാടിന്റെ നാശത്തില്‍ ചെറുതല്ലാത്ത പങ്ക് അണക്കെട്ടുകള്‍ക്കുമുണ്ട്. ആയിരക്കണക്കിനു ഹെക്ടര്‍ നിബിഡ വനമാണ് അണക്കെട്ടുകള്‍ക്കും റിസര്‍വോയറുകള്‍ക്കുമായി നഷ്ടമായത്. 6000 ഹെക്ടര്‍ വെള്ളത്തിനടിയിലാക്കിയ ഇടുക്കി ജലവൈദ്യുത പദ്ധതിയാണ് അതില്‍ മുന്നില്‍. അണക്കെട്ടു നിര്‍മിക്കുന്നവരുടെ കണക്കില്‍ പെടുത്താനാവില്ലെങ്കിലും നേരത്തേ ജനങ്ങള്‍ക്ക് അപ്രാപ്യമായിരുന്ന പല വനമേഖലകളിലേക്കും അണക്കെട്ടു നിര്‍മാണത്തിനായി വഴി വെട്ടിയതോടെ അത്തരം പ്രദേശങ്ങളിലെ വനനശീകരണത്തിനും കുടിയേറ്റത്തിനുമെല്ലാം അനുകൂല സാഹചര്യം സൃഷ്ടിക്കപ്പെട്ടു. വനഭൂമികളുടെ തുണ്ടുവത്കരണമാണ് അണക്കെട്ടുകള്‍ സൃഷ്ടിച്ച മറ്റൊരു പ്രത്യാഘാതം. വനങ്ങളുടെയും വന്യജീവികളുടെയും ആവാസവ്യവസ്ഥകളുടെ തുടര്‍ച്ചയെ ഇതു ബാധിച്ചു.
പല അണക്കെട്ടുകള്‍ക്കും താഴെ ഇന്നു പുഴയില്ല. ഇടുക്കി ആര്‍ച്ച് ഡാമിനു താഴെ നേരത്തേ പുഴയായിരുന്നിടങ്ങളില്‍ ഇന്നു ജനങ്ങള്‍ താമസിക്കുന്നതു പോലും കാണാന്‍ കഴിയും. ഈ ജലസംഭരണിയില്‍ നിന്നുള്ള വെള്ളം വൈദ്യുതോല്‍പാദനത്തിനു ശേഷം മൂവാറ്റുപുഴയിലേക്കാണ് തുറക്കുന്നത്. അതിനാല്‍, ഇടുക്കി അണക്കെട്ട് വരെയുള്ള പെരിയാര്‍ അവിടെ മരിക്കുകയും അതിനു താഴെയുള്ള വൃഷ്ടിപ്രദേശങ്ങളിലെ നീരൊഴുക്കു മാത്രം ലഭിക്കുന്ന ശോഷിച്ച പുഴ മാത്രം താഴേക്കെത്തുകയും ചെയ്യുന്നു. മുല്ലപ്പെരിയാറിലും പറമ്പിക്കുളത്തെ ഡാമുകളില്‍ നിന്നും താഴേക്കു പുഴയൊഴുകുന്നില്ല. ജലസേചന പദ്ധതികള്‍ക്കായി പലപ്പോഴും പുഴയിലെ വെള്ളം മിക്കവാറും പൂര്‍ണമായും കനാലുകളിലൂടെ തിരിച്ചുവിടുകയാണ്.
അന്തര്‍സംസ്ഥാന നദീജല കൈമാറ്റം പരിശോധിക്കേണ്ടതാണ്. പരാജയങ്ങളുടെയും തിരിച്ചടികളുടെയും ചരിത്രം മാത്രമാണിവിടെ കാണാനാവുക. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ 1886ല്‍ തിരുവിതാംകൂര്‍ മഹാരാജാവിനു കരാറില്‍ ഒപ്പുവയ്ക്കുകയല്ലാതെ മറ്റു പോംവഴികളില്ലായിരുന്നു. എന്നാല്‍, 1970ല്‍ പഴയതിനേക്കാള്‍ മോശം നിബന്ധനകളുമായി കരാര്‍ പുതുക്കിയപ്പോഴാണ് നമ്മള്‍ പൂര്‍ണമായും പരാജയപ്പെട്ടത്. ബ്രിട്ടിഷുകാര്‍ നിര്‍ബന്ധപൂര്‍വം മുല്ലപ്പെരിയാറിലെ വെള്ളം കിഴക്കോട്ട് തിരിച്ചുവിട്ടെങ്കിലും അവിടെ നഷ്ടമാവുന്ന വെള്ളത്തിന് അര്‍ഹമായ നഷ്ടപരിഹാരം ഭൂമിയുടെ പാട്ടത്തിന്റെ രീതിയില്‍ ഉറപ്പുവരുത്താനുള്ള മര്യാദ ചെയ്തിരുന്നു.
ഏക്കറിന് അഞ്ചു രൂപ പാട്ടമാണ് അന്നു നിശ്ചയിക്കപ്പെട്ടത്. ആകെ 40,000 രൂപ. അന്നത്തെ നിരക്കില്‍ ഇതു വലിയ സംഖ്യ തന്നെയായിരുന്നു. ഭൂമിയുടെ പാട്ടത്തേക്കാളുപരി കൊടുക്കുന്ന വെള്ളത്തിന്റെ വില തന്നെയായിരുന്നു. 1970ല്‍ കരാര്‍ പുതുക്കിയപ്പോള്‍ നിശ്ചയിച്ച പാട്ടത്തുക ഏക്കറിന് 30 രൂപയായിരുന്നു. 1886ലെ അഞ്ചു രൂപയുടെ മൂല്യം പതിനായിരക്കണക്കിനു രൂപയായി വര്‍ധിച്ച കാലത്താണ് പാട്ടത്തുക കേവലം 30 രൂപയായി നിശ്ചയിച്ചത്.
മുല്ലപ്പെരിയാര്‍ കേസില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതും 1988ല്‍ പുനഃപരിശോധിക്കാമായിരുന്ന പിഎപി കരാര്‍ ഇന്നും പുനഃപരിശോധിക്കാതിരിക്കുന്നതും തമിഴ്‌നാട് കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ച് നമുക്ക് അനുവദിച്ചിട്ടുള്ള തുച്ഛമായ ജലം പോലും നല്‍കാതിരിക്കുമ്പോഴും അതിനെതിരേ ഫലപ്രദമായ നടപടിയെടുക്കാന്‍ കഴിയാതിരിക്കുന്നതും സംസ്ഥാന ഭരണകൂടങ്ങളുടെ പരാജയമായിത്തന്നെ കാണണം.
പുഴമലിനീകരണത്തെക്കുറിച്ച് എത്ര കുറച്ചു പറയുന്നുവോ അത്രയും നല്ലത്. ഉദ്ഭവകേന്ദ്രങ്ങള്‍ മുതല്‍ കടലിലോ കായലിലോ ചേരുന്നതുവരെയുള്ള പ്രയാണപഥത്തിലെല്ലാം മാലിന്യങ്ങളാണ് പുഴകളില്‍ എത്തുന്നത്. ഔഷധഗുണമുള്ള ജലത്തിനു പേരുകേട്ടിരുന്ന പുഴകളിലെ വെള്ളം ഇന്നു നേരിട്ട് കുടിച്ചാല്‍ അവരെ ഒരു ഔഷധസേവയ്ക്കും രക്ഷിക്കാനായെന്നു വരില്ല. രാസവളങ്ങളുടെയും കീടനാശിനികളുടെയും അംശങ്ങളും കോഴിവേസ്റ്റും പ്ലാസ്റ്റിക് ചാക്കുകളും ഉള്‍പ്പെടെ നഗര-ഗാര്‍ഹിക മാലിന്യങ്ങളും മാരക രാസപദാര്‍ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന വ്യവസായ മാലിന്യങ്ങളുമെല്ലാം പുഴകളിലെത്തുന്നു. ഒഴുക്കില്ലാതായതും മണല്‍ ഇല്ലാതായതും സ്വയം ശുദ്ധീകരിക്കാനുള്ള പുഴയുടെ കഴിവിനെയും ഇല്ലാതാക്കി.
പുഴമലിനീകരണത്തിനെതിരേ കേരളത്തില്‍ ആദ്യത്തെ സമരം നടക്കുന്നത് ചാലിയാറിലാണ്. 1970കളുടെ അവസാനം മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സില്‍ നിന്നുള്ള മലിനജലം പുഴയില്‍ മല്‍സ്യക്കുരുതിക്ക് ഇടയാക്കിയപ്പോഴാണ് ജനങ്ങള്‍ പ്രതികരിച്ചത്. ഗ്വാളിയോര്‍ റയോണ്‍സ് പിന്നീട് പൂട്ടിപ്പോയെങ്കിലും ഇന്നു പുഴകളിലെ മല്‍സ്യക്കുരുതിയും പുഴകള്‍ നിറം മാറിയൊഴുകുന്നതുമെല്ലാം സര്‍വസാധാരണമായിരിക്കുന്നു. ഏലൂര്‍, എടയാര്‍ മേഖലയില്‍ പുഴ പലവട്ടം നിറം മാറിയൊഴുകാത്ത വര്‍ഷങ്ങളില്ല. നിറ്റാ ജലാറ്റിന്‍ കമ്പനിക്കു താഴെ ഇത്തവണ ചാലക്കുടിപ്പുഴ ചുവന്നൊഴുകി. ഓരോ ശബരിമല സീസണിലും പമ്പയിലെ കോളിഫോം ബാക്ടീരിയയുടെ കണക്ക് 50,000 മുതല്‍ 2,00,000 വരെയാണ്. കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യമില്ലാത്ത പുഴകള്‍ ഇന്നു കേരളത്തിലില്ല.
സംസ്ഥാനത്തെ ജലസമൃദ്ധി ഉറപ്പുവരുത്തുന്നതില്‍ പുഴകള്‍ക്ക് നിര്‍ണായക പങ്കാണ് ഉണ്ടായിരുന്നത്. അഥവാ മഴയും പുഴയും ചേര്‍ന്നൊരുക്കിയ ജലസമൃദ്ധിയാണ് കേരളത്തിന് ഉണ്ടായിരുന്നതെന്നു പറയാം. മലയിലെ മഴയെ വേനല്‍ക്കാലത്ത് ഉള്‍പ്പെടെ നീതിപൂര്‍വം വിതരണം ചെയ്തിരുന്നതും ഇടനാട്ടിലെല്ലാം ഭൂജലനിരപ്പ് ഉയര്‍ത്തിനിര്‍ത്തിയിരുന്നതും നമ്മുടെ 44 പുഴകളും അവയുടെ അസംഖ്യം കൈവഴികളും ചേര്‍ന്നാണ്. അതിനാല്‍ തന്നെ പുഴകളുടെ വീണ്ടെടുപ്പു തന്നെയാണ് ജലസുരക്ഷയ്ക്കുള്ള പ്രധാന ഘടകം.
പുഴകളിലെ സ്വാഭാവിക നീരൊഴുക്ക് ഒരു പരിധി വരെയെങ്കിലും തിരിച്ചുകൊണ്ടുവരുകയും ബാഹ്യമാലിന്യങ്ങളെ തടഞ്ഞ് പുഴയിലൂടെ ഒഴുകുന്നത് ശുദ്ധജലമാണെന്ന് ഉറപ്പുവരുത്തുകയുമാകണം പ്രധാന ലക്ഷ്യങ്ങള്‍. നഷ്ടപ്പെട്ട കാട് മുഴുവന്‍ തിരിച്ചുകൊണ്ടുവരുക അസാധ്യമാണ്. എന്നാല്‍, ഇന്നും വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ കൈവശം ഇരിക്കുന്ന ക്ഷയിച്ച വനങ്ങളിലും വനതോട്ടങ്ങളിലും പാട്ടക്കാലാവധി കഴിഞ്ഞു തിരിച്ചെടുക്കുന്ന സ്വകാര്യ എസ്റ്റേറ്റുകളിലും പരിസ്ഥിതി പുനഃസ്ഥാപന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുമെങ്കില്‍ അതായിരിക്കും ഏറ്റവും പ്രധാനപ്പെട്ട വികസന പ്രവര്‍ത്തനം.
പുഴകള്‍ക്ക് ജലമെത്തിക്കുന്ന നീര്‍ച്ചാലുകളെ പുനരുജ്ജീവിപ്പിച്ച് പുഴകളിലെ വേനല്‍ക്കാല നീരൊഴുക്ക് തിരിച്ചുകൊണ്ടുവരാനും പ്രാദേശിക കാലാവസ്ഥയെ രക്ഷിച്ചുകൊണ്ട് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ കുറയ്ക്കാനും ഇതിലൂടെ കഴിയും. ജൈവവൈവിധ്യ സംരക്ഷണവും നാട്ടില്‍ ഉണ്ടാവുന്ന വന്യജീവി ആക്രമണങ്ങളിലെ കുറവും ഉള്‍പ്പെടെയുള്ള അധിക നേട്ടങ്ങള്‍ വേറെയുമുണ്ടാകും.
അതിനു പക്ഷേ, ഹരിത കേരളം മിഷന്റെ ഇന്നത്തെ പ്രവര്‍ത്തനങ്ങള്‍ മതിയാകില്ല. വരട്ടാറിലും മീനന്തറയാറിലും കൊടൂരാറിലുമെല്ലാം ജനകീയ മുന്നേറ്റങ്ങള്‍ക്കൊപ്പം ഹരിത കേരള മിഷന്‍ നിന്നുവെന്നത് ശ്ലാഘനീയമാണ്. എന്നാല്‍, ഇടനാടന്‍ തോടുകളിലെ കൈയേറ്റം ഒഴിപ്പിക്കുന്നതും മാലിന്യം നീക്കം ചെയ്യുന്നതും മാത്രമാണ് പുഴയുടെ പുനരുജ്ജീവനം എന്നു തെറ്റിദ്ധരിക്കരുത്. വനംവകുപ്പിന് ഇന്നു ഹരിത കേരളം മിഷനില്‍ പങ്കൊന്നുമില്ല. പുഴകളുടെ ഉദ്ഭവകേന്ദ്രങ്ങളിലെ പരിസ്ഥിതി പുനഃസ്ഥാപനത്തിനു വനംവകുപ്പാണ് മുന്‍കൈയെടുക്കേണ്ടത്. വനത്തിനുള്ളിലും വനത്തോടു ചേര്‍ന്നും താമസിക്കുന്നവരെ കൂടി ഉള്‍പ്പെടുത്തിയുള്ള കര്‍മപദ്ധതി തയ്യാറാക്കണം.                    ി

(അവസാനിച്ചു)

(കടപ്പാട്: ജനശക്തി, 2018 ഏപ്രില്‍ 16)
Next Story

RELATED STORIES

Share it