thrissur local

നടപ്പുസാമ്പത്തികവര്‍ഷത്തില്‍ ജില്ലയില്‍ 22,265 പദ്ധതികള്‍

മുളംകുന്നത്തുകാവ്: നടപ്പു സാമ്പത്തികവര്‍ഷത്തില്‍ തൃശൂര്‍ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍ 22,265 പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും അതില്‍ 4,736 എണ്ണം നിര്‍വഹണ ഘട്ടത്തിലാണെന്നും തദ്ദേശഭരണ മന്ത്രി ഡോ.കെ ടി ജലീല്‍ അറിയിച്ചു. കിലയില്‍ സംഘടിപ്പിച്ച 18-19 വര്‍ഷത്തെ ജില്ലാതല പദ്ധതി അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാതലത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ 8.03 ശതമാനമാണ് പദ്ധതിയിനത്തില്‍ ചെലവഴിച്ചത്. ഗ്രാമപഞ്ചായത്തുകള്‍ (9.3) ബ്ലോക്ക് പഞ്ചായത്ത്(6.2) ജില്ലാപഞ്ചായത്ത് (9.4) നഗരസഭകള്‍ (9.49) കോര്‍പ്പറേഷന്‍(5.04) എന്നിങ്ങനെയാണ് ചെലവഴിച്ചതിന്റെ ശതമാന കണക്ക്. ഗെയിംസ് ഫെസ്റ്റിവല്‍ നടത്താനുള്ള നിര്‍ദ്ദേശം 11 പഞ്ചായത്തുകള്‍ മാത്രമേ ഏറ്റെടുത്തിട്ടുള്ളൂ. ഓരോ പഞ്ചായത്തിലും സംരംഭക്ലബ്ബുകള്‍ രൂപീകരിക്കാന്‍ പഞ്ചായത്തുകള്‍ മുന്‍കൈ എടുക്കണം. ജില്ലയില്‍ മൂന്നു പഞ്ചായത്തുകളില്‍ മാത്രമേ ഇതു നടപ്പിലാക്കിയിട്ടുള്ളൂ. ഗുണഭോക്തൃലിസ്റ്റ് ഈ മാസം തന്നെ പൂര്‍ത്തിയാക്കി ബന്ധപ്പെട്ട ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകള്‍ക്കു കൈമാറണം. ലൈഫ് മിഷനില്‍പെട്ട വീടുകളുടെ നിര്‍മ്മാണം 84 ശതമാനം പൂര്‍ത്തിയായി. റോഡ് നിര്‍മ്മാണത്തിനു കരാറുകാര്‍ സഹകരിക്കുന്നില്ലെങ്കില്‍ വേറെ മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നും അവരുടെ ഭീഷണിക്കു വഴങ്ങേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.
കയ്പമംഗലം, അടാട്ട്(ഗ്രാമപഞ്ചായത്തുകള്‍) പഴയന്നൂര്‍, മാള (ബ്ലോക്ക് പഞ്ചായത്തുകള്‍), ചാലക്കുടി, കുന്നംകുളം (നഗരസഭകള്‍) തൃശൂര്‍ കോര്‍പ്പറേഷന്‍, ജില്ലാപഞ്ചായത്ത് എന്നിവയുടെ പ്രതിനിധികള്‍ തങ്ങളുടെ പദ്ധതികളെകുറിച്ചു ഹൃസ്വമായി സംസാരിച്ചു.
കഴിഞ്ഞ വര്‍ഷം നൂറുശതമാനം പദ്ധതി നിര്‍വഹണം നടത്തിയ ഏഴു ഗ്രാമപഞ്ചായത്തുകളേയും രണ്ടു ബ്ലോക്ക് പഞ്ചായത്തുകളേയും കുന്നംകുളം നഗരസഭയേയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിച്ചു. നൂറു ശതമാനം നികുതി പരിച്ച 39 ഗ്രാമപഞ്ചായത്തുകളേയും അനുമോദിച്ചു.
റൂറല്‍ ഡെവലപ്‌മെന്റ് കമ്മീഷണര്‍ സന്തോഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കില ഡയറക്ടര്‍ ഡോ.ജോയ് ഇളമണ്‍, ജില്ലാ കലക്ടര്‍ ടി വി അനുപമ, തൃശൂര്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സംസാരിച്ചു. ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, ജില്ലാ ആസൂത്രണസമിതി അംഗങ്ങള്‍, മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരാണ് അവലോകനയോഗത്തില്‍ പങ്കെടുത്തത്.
Next Story

RELATED STORIES

Share it