Idukki local

നടപ്പുവഴി മുടക്കിയ പാറക്കഷണം പൊട്ടിച്ചുനീക്കിയവര്‍ക്കെതിരേ കേസ്‌

കാഞ്ഞാര്‍: നടപ്പുവഴിയിലേക്കു വീണ പാറക്കഷണം പൊട്ടിച്ചുനീക്കിയ അഞ്ചു പേര്‍ക്കെതിരേ പോലിസ് കേസെടുത്തു. കുടയത്തൂര്‍ മുസ്‌ലിംപള്ളി കവലയ്ക്കു സമീപം താമസിക്കുന്ന സഹദ്, സുദീര്‍, ഹാരിസ്, റജീന, സൈനബ എന്നിവര്‍ക്കെതിരേയാണു കേസ്. സ്വകാര്യവ്യക്തിയുടെ പറമ്പിലേക്ക് അതിക്രമിച്ചു കയറി കയ്യാല പൊളിച്ച് 35,000 രൂപയുടെ നാശനഷ്ടം വരുത്തിയെന്നാണു ആരോപണം.
കുടയത്തൂര്‍ മുസ്‌ലിംപള്ളി കവലയ്ക്കു സമീപം താമസിക്കുന്ന ഇരുപതോളം കുടുംബങ്ങളുടെ വീട്ടിലേക്ക് എത്തിപ്പെടാന്‍ ആകെയുള്ളത് ചെറിയൊരു ഇടവഴിമാത്രമാണ്. കഴിഞ്ഞ ദിവസത്തെ മഴയില്‍ ഈ വഴിയിലേക്ക് കയ്യാല ഇടിഞ്ഞ് പാറക്കഷണം വീണ് കാല്‍നടയാത്ര തടസ്സപ്പെട്ടിരുന്നു.
നടപ്പുവഴിയില്ലാതായതോടെ രോഗിയുടെ ചികില്‍സ വൈകിയതായും മരിച്ച ഇവരെ സംസ്‌കരിക്കാന്‍ കൊണ്ടുപോകുന്നതിനു ബുദ്ധിമുട്ടിലായതായും നാട്ടുകാര്‍ പറയുന്നു. ആലുംമൂട്ടില്‍ അഷ്‌റഫിന്റെ ഭാര്യ ഖദീജയാണ് മരിച്ചത്. ശനിയാഴ്ച തലകറങ്ങിവീണ ഖദീജയെ ആശുപത്രിയിലെത്തിക്കാന്‍ ഏറെ പണിപ്പെട്ടു. വഴിയില്‍ പറക്കല്ലും മണ്ണും വീണ് അടഞ്ഞുകിടന്നതിനാല്‍ മരണപ്പെട്ട ഖദീജയുടെ വീട്ടിലേക്ക് എത്തിപ്പെടാന്‍ ജനങ്ങള്‍ ഏറെ പ്രയാസപ്പെട്ടു. തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് കല്ല് പൊട്ടിച്ചുനീക്കി ഉടമയുടെ പറമ്പിലേക്ക് തന്നെ നിക്ഷേപിച്ചു. ഇതിനെതിരേ സ്ഥലം ഉടമ കിഴക്കേടത്ത് സിനി കാഞ്ഞാര്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നു. ഇടവഴിയിലേക്കു വീണ പാറ പൊട്ടിച്ചുനീക്കിയതിന്റെ പേരില്‍ കേസെടുത്തതു നീതിയുക്തമായ നടപടിയല്ലെന്നു നാട്ടുകാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it