palakkad local

നടപ്പാതയില്‍ കൈയേറ്റം വ്യാപകം



ആലത്തൂര്‍: നഗരത്തിലെ പ്രധാന റോഡുകളായ പൊതുമരാമത്ത് വകുപ്പിന്റെ മെയിന്‍ റോഡിലും ജില്ലാ പഞ്ചായത്തിന്റെ കോര്‍ട്ട് റോഡിലും നടപ്പാതയില്‍ കൈയേറ്റം വ്യാപകമായതോടെ കാല്‍ നടയാത്രക്കാര്‍ക്കിപ്പോഴും റോഡിലൂടെ തന്നെ നടക്കേണ്ട സ്ഥിതിയാണ്. നടപ്പാതയിലുടനീളം വ്യാപാര സ്ഥാപനങ്ങളുടെ ഫഌക്‌സ് ബോര്‍ഡുകളോ സാധനങ്ങളോ ഇറക്കി വെച്ചിരിക്കുകയാണ്. ചിലയിടങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ നടപ്പാതയില്‍ ടൈല്‍ വിരിച്ചിട്ടുണ്ട്. മെയിന്‍ റോഡില്‍ പവിഴം കോര്‍ണറിനു സമീപം നടപ്പാതയ്ക്കു സമീപം റോഡിലേക്കു വരെ വ്യാപാര സ്ഥാപനങ്ങള്‍ സാധനങ്ങള്‍ ഇറക്കി വെച്ചിരിക്കുന്നത് യാത്രക്കാര്‍ക്ക് ഭീഷണിയാണ്.ഇതിനിടെ നടപ്പാതയിലേക്കുള്ള വഴിയടച്ചാണ് വാഹനങ്ങളുടെ പാര്‍ക്കിംഗ്. ഇരുചക്രവാഹനങ്ങളാണ് ഇത്തരത്തില്‍ നടപ്പാതയോടു ചേര്‍ന്ന് അടുപ്പിച്ചടുപ്പിച്ച് നിര്‍ത്തിയിടുന്നത്.ചിലര്‍ രാവിലെ നിര്‍ത്തിയിട്ടാല്‍ വൈകുന്നേരമാണ് വാഹനങ്ങള്‍ എടുക്കുന്നത്. പുതിയ ബസ് സ്റ്റാന്റിനു മുന്‍വശത്തും എസ്ബിടിബാങ്കിനു സമീപവുമാണ് ഏറ്റവും കൂടുതല്‍  ഇരുചക്രവാഹനങ്ങള്‍ റോഡില്‍ വരിവരിയായി നിര്‍ത്തിയിടുന്നത്. ഇത്തരത്തിലുള്ള പാര്‍ക്കിംഗ് മൂലം ആളുകള്‍ക്ക് പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് റോഡിനു നടുവിലൂടെ നടന്നു പോവേണ്ട സ്ഥിതിയാണ്.വാഹനമോടിക്കുന്നവര്‍ നടന്നു പോകുന്നവരോട് കയര്‍ത്ത് സംസാരിക്കുന്നത് പതിവു കാഴ്ചയാണ്. കാവശ്ശേരി, തരൂര്‍, എരിമയൂര്‍ പഞ്ചായത്തുകളിലുള്ളവര്‍ വിവിധ ആവശ്യങ്ങള്‍ക്കായി ആലത്തൂരിലാണെത്തുന്നത്. ഇതു മൂലം ടൗണില്‍ എപ്പോഴും യാത്രക്കാരുടെ തിരക്കുണ്ടാകും. താത്കാലികമായെങ്കിലും ഇരുചക്രവാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് കേന്ദ്രം അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്. ആലത്തൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, എ എസ്എംഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവ വിട്ടു വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നടക്കാന്‍ പറ്റാത്ത സ്ഥിതിയിലാണ് ഇരു ഭാഗത്തും ഓട്ടോ സ്റ്റാന്‍ഡ് ഉള്ളത്. ടൗണിലെ ഓട്ടോസ്റ്റാന്‍ഡുകള്‍ ക്രമീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.
Next Story

RELATED STORIES

Share it