നടപടികള്‍ പൂര്‍ത്തിയായില്ല; പെന്‍ഷന്‍ വൈകും

തിരുവനന്തപുരം: സഹകരണ ബാങ്കുകള്‍ വഴിയുള്ള കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണം വൈകുന്നു. ചൊവ്വാഴ്ച നടന്ന ഉദ്ഘാടനച്ചടങ്ങില്‍ കുടിശ്ശിക കിട്ടിയവര്‍ക്കൊഴികെ മറ്റാര്‍ക്കും പെന്‍ഷന്‍ ലഭിച്ചിട്ടില്ല. സഹകരണ ബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങിയ പെന്‍ഷന്‍കാരുടെ വിവരങ്ങള്‍ ക്രോഡീകരിച്ച് സംസ്ഥാന സഹകരണ ബാങ്കിന് കൈമാറാനുള്ള നടപടികളാണ് ഇന്നലെ നടന്നത്. വൈകീട്ടോടെ ആദ്യപട്ടിക കൈമാറി. വിവിധ യൂനിറ്റുകളില്‍ നിന്നും കംപ്യൂട്ടര്‍ സംവിധാനത്തിലുടെ ശേഖരിച്ച പട്ടിക സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയശേഷമാണ് സഹകരണ ബാങ്കിന് കൈമാറുന്നത്.
പെന്‍ഷന്‍കാരുടെ അടിസ്ഥാന വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള കംപ്യൂട്ടര്‍ സംവിധാനത്തില്‍ പുതിയ അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളാണ് ഉള്‍ക്കൊള്ളിക്കുന്നത്. തിരുവനന്തപുരം, കൊല്ലം ഉള്‍പ്പെടെ ഏഴു ജില്ലകളുടെ പട്ടിക കൈമാറിയതായി കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. കണ്‍സോര്‍ഷ്യത്തിന്റെ ലീഡ് ബാങ്കായ സംസ്ഥാന സഹകരണ ബാങ്ക് ഈ പട്ടിക വിവിധ സംഘങ്ങള്‍ക്ക് കൈമാറും. ഇതിന് ശേഷമേ പെന്‍ഷന്‍ വിതരണം നടക്കുകയുള്ളൂ.
25 ശതമാനം പേരുടെ വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. സംഘങ്ങള്‍ക്ക് എടിഎം സൗകര്യമില്ലാത്തതിനാല്‍ പണമെടുക്കാന്‍ പെന്‍ഷന്‍കാര്‍ക്ക് ശാഖകളില്‍ പ്രവൃത്തിസമയത്ത് നേരിട്ട് എത്തേണ്ടിവരും. അക്കൗണ്ട് തുടങ്ങുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ശാരീരിക അവശതകളുള്ളവര്‍ക്ക് അക്കൗണ്ട് തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. പല ശാഖകളിലും അക്കൗണ്ട് തുടങ്ങാന്‍ 250 രൂപവരെ ആവശ്യപ്പെടുന്നുണ്ട്. ഈമാസം 28നു മുമ്പ് എല്ലാവര്‍ക്കും പെന്‍ഷന്‍ കുടിശ്ശിക നല്‍കുമെന്നാണ് സഹകരണ വകുപ്പ് അധികൃതര്‍ ആവര്‍ത്തിക്കുന്നത്.
Next Story

RELATED STORIES

Share it