നടന്‍ സുധീര്‍ കരമനയില്‍ നിന്ന് 25,000 രൂപ നോക്കുകൂലി വാങ്ങി

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റണ്‍വേ നവീകരണത്തിനായി ലോറിയില്‍ കൊണ്ടുവന്ന ഇലക്ട്രിക് കേബിളുകള്‍ ഇറക്കുന്നതിന് നോക്കുകൂലി ചോദിച്ച സംഭവത്തിന് പിന്നാലെ സിനിമാതാരം സുധീര്‍ കരമനയുടെ വീട്ടില്‍ സാധനങ്ങള്‍ ഇറക്കിയതിനും യൂനിയന്‍കാര്‍ നോക്കൂകൂലി വാങ്ങി. 25,000 രൂപയാണ് മൂന്ന് യൂനിയനുകള്‍ ചേര്‍ന്ന് നോക്കുകൂലിയായി വാങ്ങിയത്.
തിരുവനന്തപുരം ചാക്ക ബൈപാസിന് സമീപമാണ് സുധീര്‍ കരമനയുടെ പുതിയ വീട്.  ഇവിടേക്ക് കൊണ്ടുവന്ന മാര്‍ബിളും ഗ്രാനൈറ്റും ഇറക്കുന്നതാണ് യൂനിയനുകള്‍ തടഞ്ഞത്. മാര്‍ബിളും ഗ്രാനൈറ്റും വാങ്ങിയ കമ്പനിയില്‍ നിന്നുള്ള തൊഴിലാളികള്‍ ഇറക്കാനായി എത്തിയിരുന്നു. അതിനായി 16,000 രൂപയും കമ്പനി സുധീറില്‍ നിന്ന് ഈടാക്കി. എന്നാല്‍, ലോഡുമായി വാഹനം സുധീറിന്റെ വീട്ടിലെത്തിയപ്പോള്‍ തൊഴിലാളികളെത്തി നോക്കുകൂലിയായി 75,000 രൂപ ആവശ്യപ്പെട്ടു. ഈ തുക നല്‍കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് യൂനിയന്‍കാര്‍ മോശമായി സംസാരിക്കുകയും വിലപേശലിനൊടുവില്‍ 25,000 രൂപ നല്‍കാമെന്ന് സമ്മതിക്കുകയുമായിരുന്നു.
എന്നാല്‍, തുക വാങ്ങിയ യൂനിയന്‍കാര്‍ സാധനം ഇറക്കാതെ മടങ്ങിയതോടെ കമ്പനിയില്‍ നിന്നെത്തിയ തൊഴിലാളികള്‍ തന്നെ മാര്‍ബിളും ഗ്രാനൈറ്റും ഇറക്കുകയായിരുന്നു. തൊടുപുഴയില്‍ സിനിമയുടെ ചിത്രീകരണത്തിലായിരുന്നപ്പോഴാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞതെന്ന് സുധീര്‍ കരമന പ്രതികരിച്ചു. ഇത്തരം സംഭവങ്ങള്‍ അംഗീകരിക്കാനാവില്ല. നോക്കുകൂലി വാങ്ങുന്നതിനെതിരേ കര്‍ശന നടപടി ഉണ്ടാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
നോക്കുകൂലി വാങ്ങിയ സംഭവത്തില്‍ ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ ഉണ്ടെങ്കില്‍ നടപടി എടുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശഖേരന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it