നടന്‍ ഉണ്ണി മുകുന്ദനെതിരേ പോലിസ് കേസെടുത്തു

ചങ്ങനാശ്ശേരി/കൊച്ചി:  സിനിമയില്‍ അഭിനയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് യുവതിയെ സാമൂഹിക മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയതിന് സിനിമാനടന്‍ ഉണ്ണി മുകുന്ദനെതിരേ തൃക്കൊടിത്താനം പോലിസ് കേസെടുത്തു. യുവതിയുടെ പിതാവ് ജില്ലാ പോലിസ് മേധാവിക്ക് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി. അനുവാദമില്ലാതെ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും ചിത്രം പ്രദര്‍ശിപ്പിച്ചതിനെതിരേ ഉണ്ണി മുകുന്ദന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരേ കേസെടുത്തതായി തൃക്കൊടിത്താനം എസ്‌ഐ റിച്ചാര്‍ഡ് വര്‍ഗീസ് പാഞ്ഞു. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞു വിളിച്ചു വരുത്തുകയും തിരക്കഥയുടെ ചര്‍ച്ചയ്ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ടാവുകയും തുടര്‍ന്ന് സാമൂഹികമാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് അപകീര്‍ത്തി പരത്തിയെന്നുമാണ് പരാതി. ഇതേത്തുടര്‍ന്ന് 119 ബി വകുപ്പ് പ്രകാരമാണ് കേസെടുത്തത്. അതേസമയം, നടന്‍ ഉണ്ണി മുകുന്ദനെതിരായ കേസിലെ പരാതിക്കാരി ഈ മാസം 27ന് ഹാജരാവണമെന്ന് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ദേവിക ലാല്‍ ഉത്തരവിട്ടു.  തനിക്ക് പോലിസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് യുവതി അഭിഭാഷകന്‍ മുഖേന കോടതിയില്‍ ഹരജി സമല്‍പ്പിച്ചു. കേസില്‍ ഉണ്ണി മുകുന്ദന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജിയുടെ വാദത്തിനിടയിലാണു യുവതിയുടെ അഭിഭാഷകന്‍ പോലിസ് സംരക്ഷണം ആവശ്യപ്പെട്ടത്. യുവതിക്ക് ഭീഷണിയുണ്ടെന്നും അതിനാലാണ് സംരക്ഷണം ആവശ്യപ്പെടുന്നതെന്നും അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. തനിക്കെതിരായ പീഡനക്കേസ് കെട്ടിച്ചമച്ചതാണെന്ന് ഉണ്ണി മുകുന്ദന്‍ കോടതിയെ ബോധിപ്പിച്ചു. 27 ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ പരാതിക്കാരി നേരിട്ട് ഹാജരാവണമെന്നും കോടതി നിര്‍ദേശിച്ചു.
Next Story

RELATED STORIES

Share it