Kottayam Local

നടനവിസ്മയം തീര്‍ത്ത് വേദികള്‍ ; ദഫ്മുട്ടും കോല്‍ക്കളിയും ഇന്ന്



കോഴഞ്ചേരി: എം ജി യൂനിവേഴ്‌സിറ്റി കലോല്‍സവ വേദികളുണര്‍ന്നു. അതേസമയം, താളപ്പിഴകള്‍ ഒഴിവാക്കാനുള്ള നെട്ടോട്ടത്തിലാണു സംഘാടകര്‍.  കലോല്‍സവത്തിന്റെ രണ്ടാംദിനവും സംഘാടനത്തിലെ പിഴവുകള്‍ മുഴച്ചുനിന്നത് മല്‍സരങ്ങളുടെ മാറ്റ് കുറച്ചെങ്കിലും വേദികള്‍ ഉണര്‍ന്നിട്ടുണ്ട്.
ഇന്നത്തോടെ പ്രശ്‌നങ്ങളൊക്കെ പരിഹരിച്ച് മല്‍സരവേദികള്‍ പൂര്‍ണസജ്ജമാക്കാമെന്ന ആത്മവിശ്വാസത്തിലാണ് അണിയറപ്രവര്‍ത്തകര്‍. ആദ്യദിവസം ഉദ്ഘാടന സമ്മേളനത്തിന് ശേഷം മത്സരങ്ങള്‍ ആരംഭിക്കുവാന്‍ ഏറെ വൈകിയിരുന്നു. ഇതിന്റെ ആവര്‍ത്തനമാണ് ഇന്നലേയും കാണാന്‍ കഴിഞ്ഞത്. നിശ്ചിത സമയത്തിനും മൂന്നുമണിക്കൂറോളം വൈകിയാണ് പലവേദികളിലും മത്സരങ്ങള്‍ ആരംഭിച്ചത്.  പ്രധാനവേദിയായ കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയത്തില്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ ഇല്ലാത്തത് മത്സരാര്‍ത്ഥികളേയും കൂടെയെത്തിയവരേയും വലച്ചു. പെണ്‍കുട്ടികളടക്കമുള്ളവര്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കായി വേദിക്ക് സമീപമുള്ള പോലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസിനെയാണ് ആശ്രയിച്ചത്. പ്രധാനവേദിക്ക് പിന്നിലായാണ് നഗരത്തിലെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്. ഇവിടെ നിന്നുമുള്ള ദുര്‍ഗന്ധവും മല്‍സരാര്‍ത്ഥികളേയും കാണികളേയും വലയ്ക്കുന്നു. പല വേദികളിലും വിധികര്‍ത്താക്കള്‍ക്ക് ആഹാരം ലഭിച്ചില്ലെന്ന പരാതിയും ഉയര്‍ന്നു.
വേദി രണ്ടില്‍ ഇതേച്ചൊല്ലി വിധികര്‍ത്താക്കള്‍ പരാതി ഉന്നയിച്ചതായും പറയുന്നു. നൃത്ത ഇനങ്ങളില്‍ മത്സരാര്‍ത്ഥികള്‍ക്ക് മേക്കപ്പ് ചെയ്യുന്നതിനുള്ള മുറികള്‍ ഒരുക്കുന്നതിന് കോളേജ് അധികൃതര്‍ ഏറെ ബുദ്ധിമുട്ടി. കഴിഞ്ഞ ദിവസം രാത്രിയാണ് കലോത്സവത്തിന്റെ സംഘാടകര്‍ 140 ഓളം മുറികള്‍ വേണമെന്ന് കോളജ് അധികൃതരെ അറിയിച്ചത്. പെണ്‍കുട്ടികളടക്കമുള്ള മല്‍സരാര്‍ത്ഥികള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനും സംഘാടകസമിതി യാതൊരു മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നില്ല. ഇന്ന് സ്‌റ്റേജ് ഒന്നില്‍ രാവിലെ ഒമ്പതിന് ഫോക് ഡാന്‍സ് അരങ്ങേറും. രാവിലെ ഒമ്പതിന് വേദി രണ്ടിലാണ് കോല്‍ക്കളി, ഉച്ചകഴിഞ്ഞ് കോ ല്‍ക്കളിയും രാത്രിയില്‍ ക്ലാസിക്കല്‍ ഡാന്‍സുമുണ്ടാവും.  വേദില്‍ മൂന്നില്‍ വിന്‍ഡ് ഇന്‍സ്ട്രമെന്റ്, പെര്‍ക്യൂഷന്‍സ്, സ്ട്രിംഗ് ഇന്‍സ്ട്രമെന്റ്‌സ് നടക്കും. വേദി നാലില്‍ ലൈറ്റ് മ്യൂസിക്,  അക്ഷര ശ്ലോകം, കാവ്യകേളി എന്നിവ അവതരിപ്പിക്കും. വേദി അഞ്ചില്‍ കഥാപ്രസം, വേദി ആറില്‍ പദ്യപാരായണം, വേദി എഴില്‍ കവിതാരചന, ചലച്ചിത്ര നിരൂപണം, ഉപന്യാസ രചന തുടങ്ങിയ മല്‍സരങ്ങളും നടക്കും.
Next Story

RELATED STORIES

Share it