thrissur local

നടത്തറ ജങ്ഷന്‍ കൈയേറ്റം പൊളിച്ച സംഭവം: ഉദ്യോഗസ്ഥനെതിരേ പ്രതികാര നടപടി

തൃശൂര്‍: മേയറുടെ ഉത്തരവനുസരിച്ച് നടത്തറ ജംഗ്ഷനിലെ കയ്യേറ്റവ്യാപാരങ്ങള്‍ നീക്കം ചെയ്ത ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കെതിരേ പ്രതികാര നടപടി. സിപിഎം സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നടപടിയെന്ന് ആരോപണമുണ്ട്.
പറവട്ടാനി ഒന്നാം സര്‍ക്കിള്‍ എച്ച്.ഐ ആയ എം.ജമാലിനെ കോര്‍പ്പറേഷന്‍ ഓഫീസില്‍ ഇല്ലാത്ത തസ്തികയിലേക്കാണ് സ്ഥലം മാറ്റിയത്. നിലവില്‍ ഒരു കസേര പോലുമില്ല. 55 ഡിവിഷനുകളിലേയും മാലിന്യ സംസ്‌കരണ ചുമതലയാണ് ജമാലിന് നല്‍കിയിട്ടുള്ളത്.
കയ്യേറ്റക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമത്തില്‍ ജമാലിനെതിരായി കയ്യേറ്റശ്രമമുണ്ടായിരുന്നു. സി.പി.എം കൗണ്‍സിലര്‍ കൂടി ഇടപെട്ട കയ്യേറ്റശ്രമ കേസില്‍ കൗണ്‍സിലര്‍ക്കെതിരായ പരാതി ഒഴിവാക്കണമെന്ന ആവശ്യം നിരാകരിച്ചതിനാണ് ശിക്ഷയെന്ന് പറയുന്നു. നിലവില്‍ മാലിന്യ സംസ്‌കരണത്തിന് മാത്രമായി എച്ച്.ഐ യുടെ തസ്തികയില്ല.
കസേരയുമില്ല. ജയ്ഹിന്ദ് മാര്‍ക്കറ്റ് കെട്ടിടത്തിലുള്ള ആറാം സര്‍ക്കിളിലെ ഒരു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് ഇതിന് അധിക ചുമതല മാത്രമാണ് ഉള്ളത്. ആ സ്ഥാനത്ത് ജമാലിന്റെ നിയമനം പ്രതികാര നടപടിയുടെ ഭാഗമാണെന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍.ജമാലിന് പകരം പറവട്ടാനി സര്‍ക്കിളിന്റെ അധിക ചുമതല വില്‍വട്ടം എച്ച്.ഐ ടി.എ.നന്ദനനും, ജമാല്‍ അധിക ചുമതല വഹിച്ചിരുന്ന ഒല്ലൂക്കര എച്ച്.ഐയുടെ അധിക ചുമതല ഒല്ലൂര്‍ എച്ച്.ഐ എം.എ.ജോളിക്കും നല്‍കികൊണ്ടാണ് മേയറുടെ നിര്‍ദ്ദേശമനുസരിച്ച് കോര്‍പ്പറേഷന്‍ സെക്രട്ടറി ഉത്തരവിറക്കിയിട്ടുള്ളത്.
മേയറും സെക്രട്ടറിയും രേഖാമൂലം നല്‍കിയ ഉത്തരവനുസരിച്ച് ഉത്തരവാദിത്വം നിര്‍വ്വഹിച്ച ഉദ്യോഗസ്ഥന് സംരക്ഷണം നല്‍കാതെ ശിക്ഷിച്ചതില്‍ ആരോഗ്യവിഭാഗത്തില്‍ കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. സംരക്ഷണം ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് കോര്‍പ്പറേഷനിലെ മുഴുവന്‍ എച്ച്.ഐമാരും ജെ.എച്ച്.ഐമാരുമായി 18 പേര്‍ ഒപ്പിട്ട നിവേദനം മേയര്‍ക്കും സെക്രട്ടറിക്കും സമര്‍പ്പിച്ചിട്ടുണ്ട്.
നടത്തറയില്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിനെ കൗണ്‍സിലര്‍ ജയപ്രകാശ് ഉള്‍പ്പടെയുള്ളവര്‍ തടസ്സപ്പെടുത്തുകയും കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തതിലും കത്തില്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. വ്യാപാരി സംഘവും കൗണ്‍സിലറും കോര്‍പ്പറേഷന്‍ ഓഫീസിലെത്തിയും ഭീഷണിയും കൊലവിളിയും നടത്തിയിട്ടും സെക്രട്ടറി രേഖാമൂലം പോലീസില്‍ പരാതി നല്‍കിയിട്ടും ഫലപ്രദമായ നടപടികള്‍ ഉണ്ടാകാത്തതിലും കത്തില്‍ ആശങ്ക രേഖപ്പെടുത്തി.
Next Story

RELATED STORIES

Share it