wayanad local

നഞ്ചന്‍കോട്-നിലമ്പൂര്‍ റയില്‍പാത: ലോങ് മാര്‍ച്ച് നടത്തും

കല്‍പ്പറ്റ: വയനാടിന്റെ സമഗ്ര വികസനത്തിനുതകുന്ന നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍ പാത യാഥാര്‍ഥ്യമാക്കുന്നതിനായി വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സ്, നീലഗിരി-വയനാട് നാഷണല്‍ ഹൈവേ ആന്‍ഡ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ ലോംഗ് മാര്‍ച്ച് നടത്തും. 16, 17 തിയതികളില്‍ ബത്തേരിയില്‍ നിന്നാരംഭിച്ച് കല്‍പ്പറ്റയില്‍ അവസാനിക്കുന്ന റാലിയില്‍ രണ്ടായിരത്തോളം ആളുകള്‍ പങ്കെടുക്കുമെന്ന് ചേംബര്‍ ഓഫ് കൊമേഴ്‌സ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഒരു നൂറ്റാണ്ട് മുമ്പ് നിര്‍മാണം ആരംഭിച്ച റയില്‍ പദ്ധതി ഇന്നെവിടെയും എത്താതെ നില്‍ക്കുകയാണ്. ദക്ഷിണേന്ത്യയുടെ വികസനത്തിന് കുതിപ്പേകുന്ന റയില്‍ പദ്ധതി സര്‍ക്കാരിന്റെ മെല്ലെപ്പോക്ക് നയംമൂലം പാതിവഴിയില്‍ അവസാനിച്ചിരിക്കുകയാണ്. നിയമസഭയെപ്പോലും തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
പദ്ധതിയില്‍ കര്‍ണാടക സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് കാണിച്ച് കേരളത്തിന് കത്ത് നല്‍കിയെങ്കിലും യാതൊരു മറുപടിയും ഇതുവരെ നല്‍കിയിട്ടില്ല. വയനാട്ടുകാരുടെ യാത്ര പ്രശ്‌നത്തിന് പരിഹാരമായ നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍ പാത ജില്ലയുടെ സമഗ്രവികസനത്തിനുതക്കുന്നതാണെന്ന് ചേംബര്‍ ഓഫ് കൊമേഴ്‌സ് ഭാരവാഹികള്‍ പറഞ്ഞു.
ജില്ലയില്‍ വ്യവസായങ്ങള്‍ വര്‍ധിക്കുന്നതിന് തടസമായി നില്‍ക്കുന്നത് ഗതാഗത പ്രശ്‌നമാണ്. യാത്രാ ദൈര്‍ഘ്യം പകുതിയായി കുറക്കുന്ന നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റയില്‍ പാത ലാഭകരമാണെന്ന് ഇ ശ്രീധരന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞതാണ്. 16ന് വൈകുന്നേരം നാലിന് സുല്‍ത്താന്‍ ബത്തേരി സ്വതന്ത്ര മൈതാനിയില്‍ ഉദ്ഘാടനം ചെയ്യും.
17ന് രാവിലെ എട്ടിന് സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും മാര്‍ച്ച് ആരംഭിക്കും. ഉച്ചയ്ക്ക് ഒന്നിന് കളക്ടറേറ്റിന് സമീപം സമാപിക്കും. ജില്ലയില്‍ നിന്നുള്ള എംഎല്‍എ മാരും എംപി യും മാര്‍ച്ചില്‍ പങ്കെടുക്കും. മാര്‍ച്ചിനു മുന്നോടിയായി നാളെ വൈകുന്നേരം മൂന്നിന് വ്യാപാര ഭവനില്‍ കണ്‍വന്‍ഷന്‍ ചേരുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ജില്ലാ പ്രസിഡന്റ് ജോണി പാറ്റാനി, എം സി അബ്ദു ഐഡിയല്‍, മോഹനന്‍ ചന്ദ്രഗിരി പങ്കെടുത്തു.
Next Story

RELATED STORIES

Share it