നജ്മല്‍ ബാബു (ജോയ്) എന്ന രാഷ്ട്രീയ മനുഷ്യന്‍

സഫീര്‍ ഷാബാസ്

കോഴിക്കോട്: ടി എന്‍ ജോയ് എന്ന നജ്മല്‍ ബാബു ആരായിരുന്നു എന്ന ആലോചനയി ല്‍ മനസ്സില്‍ തികട്ടിവന്ന ഉത്തരം രാഷ്ട്രീയ മനുഷ്യന്‍ എന്നായിരുന്നു. മനുഷ്യനെ മനുഷ്യനാക്കി തീര്‍ക്കുന്നത് അയാള്‍ രാഷ്ട്രീയ മനുഷ്യനായി രൂപാന്തരപ്പെടുമ്പോള്‍ മാത്രമാണ്. ആ രാഷ്ട്രീയപ്പെടലില്‍ സ്ഫുടം ചെയ്‌തെടുത്തതായിരുന്നു ജോയിയുടെ ജീവിതം. ധൈഷണികമായ ഒരു തലമുറയെ സൃഷ്ടിച്ചുവെന്നതാണ് നക്‌സല്‍ പ്രസ്ഥാനം കേരളത്തില്‍ അവശേഷിപ്പിച്ചത്. ആ ചിന്താധാര വിഭിന്ന രാഷ്ടീയ ദര്‍ശനങ്ങളിലേക്കു വഴിമാറിപ്പോയെങ്കിലും ചിന്തിക്കുന്ന ഒരു തലമുറ തീവ്രരാഷ്ട്രീയനാന്തര കേരളത്തില്‍ രൂപപ്പെട്ടുവെന്നതു നേര്. ആശയവൈജാത്യങ്ങള്‍ എറെയുണ്ടെങ്കിലും ടി കെ രാമചന്ദ്രന്റെ, എ സോമന്റെ, ബി രാജീവന്റെ ശ്രേണിയില്‍ തീര്‍ച്ചയായും പറയാവുന്ന പേരാണ് ടി എന്‍ ജോയിയുടേത്.
ഗ്രന്ഥങ്ങളിലൂേെടയോ പ്രഭാഷണങ്ങളിലൂടെയോ അല്ല ജോയ് പ്രധാനമായും അറിയപ്പെട്ടത്. നിലപാടുകളുടെ ആര്‍ജ്ജവത്തിന്റെ പേരിലായിരുന്നു. വ്യവസ്ഥാപിത കമ്മ്യൂണിസ്റ്റുകളില്‍ നിന്നു വിഭിന്നമായി നവ ഇടതുപക്ഷത്തിന്റെ സാധ്യത ജോയിയുടെ ആലോചനാവിഷയമായിരുന്നു. ഗ്രാംഷിയിലും അല്‍ത്തൂസറിലും അവസാനിക്കാത്ത വായന അഡോണൊയിലേക്കും നെഗ്രിയിലേക്കും നീണ്ടു. മാറിയ ലോകക്രമത്തിലും മാര്‍ക്‌സിസത്തിന്റെ സാധ്യത നിര്‍ധാരണം ചെയ്യുന്നതായിരുന്നു ആ വായനകള്‍. തീവ്ര ഇടതു രാഷ്ട്രീയം പ്രത്യയശാസ്ത്ര പ്രതിസന്ധിയിലകപ്പെട്ടപ്പോള്‍ പലരും ആത്മഹത്യ ചെയ്തു. ചിലര്‍ നാടുവിട്ടു. ചിലരുടെ മനോനില തന്നെ തെറ്റി. പലരും ഉള്‍വലിഞ്ഞു. മറ്റു ചിലരാവട്ടെ ജനാധിപത്യത്തിന്റെ പേരില്‍ മുതലാളിത്തത്തിന്റെ വക്താക്കളായി. ഈ ചേരിയിലൊന്നുംപെടാതെ തന്റേതായ ലോകത്ത് ഏകാന്തപഥികനായി തുടരുകയായിരുന്നു ജോയ്്.
സാര്‍ത്ര്, കാമു, ബക്കറ്റ്, കാഫ്ക- വായനകള്‍ ജോയിയിലെ മൗലിക ചിന്തകനെ ഉണര്‍ത്തുകയാണു ചെയ്തത്. പരമ്പരാഗത രീതിശാസ്ത്രത്തിന്റെ അതിര്‍വരമ്പുകള്‍ മറികടക്കാന്‍ ഇന്ധനമായതും ഈ വക വായനകളാവാം. അടിയന്തരാവസ്ഥാ കാലത്തെ കൊടിയ പീഡനങ്ങളേറ്റു വാങ്ങിയ അദ്ദേഹം ഇരകളെ സ്വാതന്ത്ര്യ സമര സേനാനികളായി പരിഗണിക്കണമെന്നു വാദിച്ചു. അടിയന്തരാവസ്ഥാ സമരം പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
നക്‌സല്‍ പ്രസ്ഥാനത്തിന്റെ തീച്ചുളയില്‍നിന്നും ദന്തഗോപുരത്തിലേക്കുള്ള വാതിലുകള്‍ ഏറെയുണ്ടായിട്ടും അതിലൊന്നും അഭിരമിക്കാതെ രാഷ്ട്രീയ മനുഷ്യനായിത്തന്നെ തുടര്‍ന്നതാണു ജോയിയെ വേറിട്ടുനിര്‍ത്തുന്നത്. സാംസ്‌കാരിക പ്രവര്‍ത്തകന്‍, രാഷ്ട്രീയ നിരീക്ഷകന്‍, എഴുത്തുകാരന്‍ തുടങ്ങിയ വിശേഷങ്ങള്‍ക്കപ്പുറം ചിന്തകന്‍ ആയിരുന്നു ജോയ്.
Next Story

RELATED STORIES

Share it