ernakulam local

നഗ്‌ന ചിത്രം നിര്‍മിച്ച് പോലിസിനെ കബളിപ്പിച്ച പതിനെട്ടുകാരിക്കെതിരേ കേസ്

മട്ടാഞ്ചേരി: സ്വന്തം നഗ്‌നചിത്രം നിര്‍മിച്ച് പോലിസിനെ കബളിപ്പിച്ച പതിനെട്ടുകാരിക്കെതിരേ തോപ്പുംപടി പോലിസ് കേസെടുത്തു. തോപ്പുംപടി സൗദി ഭാഗത്ത് താമസിക്കുന്ന യുവതിക്കെതിരേയാണ് പോലിസ് കേസെടുത്തത്. തോപ്പുംപടിയിലെ സ്വകാര്യ കോളജില്‍ മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയാണ് പ്രതി. രണ്ട് വര്‍ഷം മുമ്പ് യുവതി എറണാകുളം രവിപുരത്ത് ഐഡിയ മൊബൈല്‍ ഫോണ്‍ കമ്പനിയില്‍ കാള്‍ വിഭാഗത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഈ സമയം ചേര്‍ത്തല സ്വദേശിയായ യുവാവുമായി മൊബൈല്‍ ഫോണില്‍ ബന്ധപ്പെടുകയും ഇരുവരും തമ്മില്‍ സൗഹൃദത്തിലാവുകയും ചെയ്തു. ഇതിനിടയില്‍ യുവതി ഇവിടത്തെ ജോലി ഉപേക്ഷിച്ചു. മറ്റൊരു സ്വകാര്യ കമ്പനിയില്‍ ജോലി കിട്ടി എന്ന് വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ച യുവതി പറവൂരിലെ യുവതിയുടെ ബന്ധുവീട്ടില്‍ പോവുകയും ചില ദിവസങ്ങളില്‍ ഇവിടെ താമസിക്കുകയും ചെയ്തു. ഈ സമയം ബന്ധുവായ യുവതിയുടെ എടിഎം പിന്‍ നമ്പര്‍ മനസ്സിലാക്കുകയും ഇവര്‍ വീട്ടിലില്ലാതിരുന്ന സമയത്ത് എടിഎം കാര്‍ഡ് കൈവശപ്പെടുത്തി പലപ്പോഴായി എഴുപതിനായിരം രൂപയോളം കൈക്കലാക്കുകയും ചെയ്തു. ഇതിനിടയില്‍ ബന്ധുവായ യുവതി പണം നഷ്ടപ്പെട്ട വിവരം മനസ്സിലാക്കുകയും യുവതിയോട് വിവരം തിരക്കുകയും ചെയ്തു. അപ്പോള്‍ ചേര്‍ത്തല സ്വദേശിയായ യുവാവ് തന്റെ നഗ്നചിത്രം മോര്‍ഫ് ചെയ്ത് മൊബൈലില്‍ അയച്ച് തന്നുവെന്നും ഇത് സോഷ്യല്‍ മീഡിയയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും ഒരു ലക്ഷം രൂപ വാങ്ങുകയും ചെയ്തുവെന്ന് ബന്ധുവിനോട് പറയുകയായിരുന്നു. സംഭവം വീട്ടുകാര്‍ അറിഞ്ഞതിനെ തുടര്‍ന്ന് യുവതി തോപ്പുംപടി പോലിസിന് പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ പരാതി വ്യാജമാണെന്ന് തെളിയുകയായിരുന്നു. യുവതി സ്വയം നഗ്‌ന ചിത്രം ഫോട്ടോ ലാബ് എന്ന ആപഌക്കേഷന്‍ വഴി നിര്‍മിച്ച് യുവാവിന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മിച്ച് സ്വന്തം അക്കൗണ്ടിലേക്ക് അയക്കുകയും മൊബൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് വീട്ടുകാരെ കാണിച്ച് ബോധ്യപ്പെടുത്തുകയുമായിരുന്നു. യഥാര്‍ത്ഥ വസ്തുത മറച്ച്‌വച്ച് പോലിസിനെ തെറ്റിദ്ധരിപ്പിച്ചതായി അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്ന് മട്ടാഞ്ചേരി അസി.കമ്മീഷ്ണര്‍ എസ് വിജയന്റെ നേതൃത്വത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ യുവതിയെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് യുവതി കുറ്റം സമ്മതിക്കുകയായിരുന്നു. തുടര്‍ന്നാണ് യുവതിക്കെതിരേ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണ സംഘത്തില്‍ തോപ്പുംപടി എസ്‌ഐ സി ബിനു, എഎസ്‌ഐ ശ്രീജിത്ത്, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ ബദര്‍, അനില്‍ എന്നിവരും ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it