thrissur local

നഗരാസൂത്രണസമിതി തീരുമാനങ്ങള്‍ നടപ്പാകുന്നില്ല

തൃശൂര്‍: എംജി റോഡ് വികസനം ചുവപ്പ് നാടയില്‍ തന്നെ. റോഡ് വികസനത്തിന് രൂപീകരിച്ച കമ്മിറ്റിയോഗം ഇടക്കിടെ ചേരുന്നുണ്ടെങ്കിലും തീരുമാനങ്ങള്‍ നടപ്പാക്കാന്‍ നടപടിയില്ല. നഗരാസൂത്രണസമിതി അധ്യക്ഷ ഷീന ചന്ദ്രന്‍ ചെയര്‍മാനും ടാക്‌സ് ആന്റ് അപ്പീല്‍ കമ്മിറ്റി ചെയര്‍മാന്‍ പി സുകുമാരന്‍ കണ്‍വീനറുമായിട്ടുള്ളതാണ് വിദഗ്ദരും സ്ഥലം ഉടമകളും വാടക വ്യാപാരികളും അടങ്ങുന്ന കമ്മിറ്റി.
എം.ജി റോഡ് വികസനം സംബന്ധിച്ച് രണ്ടരവര്‍ഷമായി നിരവധി യോഗങ്ങള്‍ നടന്നുവെങ്കിലും ഒരിഞ്ച് മുന്നോട്ട് പോകാനായിട്ടില്ല. തുടങ്ങിയിടത്തുതന്നെയാണിപ്പോഴും നില്‍പ്പ്. നടുവിലാല്‍ മുതല്‍ റെയില്‍വേ മേല്‍പാലം വരെ ആദ്യഘട്ടം സ്ഥലമെടുത്തു നല്‍കാമെന്ന മുന്‍ മേയര്‍ രാജന്‍ പല്ലന്റെ ഉറപ്പില്‍ പൊതുമരാമത്ത് വകുപ്പ് മൂന്ന് കോടി രൂപയുടെ ടെണ്ടര്‍ പോലും അംഗീകരിച്ച് കരാര്‍ നല്‍കിയതാണ്.
പക്ഷെ സ്ഥലമെടുത്ത് നല്‍കാനാകാത്തതിനാല്‍ പണി തുടങ്ങാനായിട്ടില്ല. ഡി.ടി.പി സ്‌കീം അനുസരിച്ച് നടുവിലാല്‍ മുതല്‍ പാറയില്‍ ജംഗ്ഷന്‍ വരെ 21 മീറ്ററും തുടര്‍ന്ന് പടിഞ്ഞാറെ കോട്ടവരെ 25 മീറ്ററുമാണ് എം.ജി.റോഡിന്റെ വീതി. സ്ഥലമെടുപ്പിന്റെ ഭാഗമായി രാജന്‍ പല്ലന്‍ മേയറായിരിക്കേ നടുവിലാല്‍ ജംഗ്ഷനില്‍ രണ്ടര സെന്റ് സ്ഥലം കലക്ടര്‍ നിശ്ചയിച്ച വിലക്ക് ഏറ്റെടുത്തതാണെങ്കിലും, തുടര്‍ന്ന് വന്ന എല്‍ഡിഎഫ് ഭരണനേതൃത്വം പണം നല്‍കാത്തതിനാല്‍ ഉടമ സ്ഥലം തിരിച്ചെടുക്കുകയായിരുന്നു.
എല്‍ഡിഎഫ് കൗണ്‍സില്‍ നേതൃത്വത്തില്‍ വിളിച്ചുകൂട്ടിയ സ്ഥലം ഉടമകളുടെ യോഗത്തില്‍ മികച്ച പാക്കേജ് നല്‍കിയാല്‍ സ്ഥലം സൗജന്യമായി നല്‍കാമെന്ന് ഉടമകള്‍ വാഗ്ദാനം ചെയ്തതാണെങ്കിലും പാക്കേജ് തയ്യാറാക്കാനോ, സ്ഥലം ലഭ്യമാക്കാനോ ഇതുവരെ കഴിഞ്ഞിട്ടില്ല.
അതിനിടയില്‍ എം.ജി റോഡ് മേല്‍പ്പാലം നാല് വരിപ്പാതയായി വീതികൂട്ടുന്നതിന് കോര്‍പ്പറേഷന്‍ നീക്കം നടത്തിയിരുന്നു. പാലം നിര്‍മ്മാണത്തിനാവശ്യമായ ചിലവ് പ്രവാസി വ്യവസായി സി.കെ.മേനോന്‍ വാഗ്ദാനം ചെയ്തതാണ്.
എന്നാല്‍ റെയില്‍വേ നല്‍കിയ എസ്റ്റിമേറ്റ് 18 കോടിയുടേതാണ്. ഇക്കാര്യത്തിലും തീരുമാനമുണ്ടാക്കാനായിട്ടില്ല. കൊച്ചിന്‍ -ഷൊര്‍ണ്ണൂര്‍ മൂന്നാം റെയില്‍പാതക്ക് റെയില്‍വേ തീരുമാനമെടുത്ത സാഹചര്യത്തില്‍ റെയില്‍വേയുടെ ചിലവില്‍ പാലം നിര്‍മ്മാണം സാധ്യമാകുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. അതുവരെ ഒന്നൊന്നരകോടി ചിലവാക്കി താല്‍ക്കാലിക ഇരുമ്പുപാലം ഉണ്ടാക്കി നാല് വരി ഗതാഗതം സാധ്യമാക്കണമെന്ന് പാലം നിര്‍മ്മാണരംഗത്തെ വിദഗ്ദര്‍ നിര്‍ദ്ദേശം വെച്ചെങ്കിലും ആ നിലയിലും  കോര്‍പ്പറേഷന്‍ തലത്തില്‍ ആലോചന ഉണ്ടായിട്ടില്ല.
Next Story

RELATED STORIES

Share it