kozhikode local

നഗരസഭ സമ്പൂര്‍ണ ഭവന പദ്ധതി:ആശങ്ക അവസാനിക്കുന്നില്ല

വടകര: വിവിധ പദ്ധതികള്‍ മുഖേന ഭവന നിര്‍മാണത്തിനായി ഫണ്ട് നല്‍കുന്നതില്‍ ആശങ്ക അവസാനിച്ചില്ല. പിഎംഎവൈ, ലൈഫ് തുടങ്ങിയ പദ്ധതികള്‍ പ്രകാരം നഗരസഭ പരിധിയിലെ നിരവധി പേര്‍ ഭവന നിര്‍മ്മാണത്തിനായി അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പലരും പിന്നീട് ഓഫിസുമായി ബന്ധപ്പെടുന്നില്ലെന്നത് ഇന്നലെ ചേര്‍ന്ന പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയായി. പിഎംഎവൈ പ്രകാരം 270 അപേക്ഷകളാണ് ഒന്നാം ഘട്ടത്തില്‍ അംഗീകരിച്ചത്. ഇതില്‍ 161 പേര്‍ തുടര്‍ പ്രവര്‍ത്തനത്തില്‍ പങ്കാളികളാവുന്നില്ലെന്ന് പരാതി ഉയര്‍ന്നു. ഇതില്‍ 53 സിആര്‍സെഡ്, 3 നഞ്ച എന്നിവയില്‍ പെട്ടതാണ്. ഇവരുടെ പ്ലാന്‍ പാസ്സാവുന്നില്ലെന്നാണ് പറയുന്നത്. എന്നാല്‍ ഇവരുടെ പ്ലാന്‍ പാസാക്കുന്നതില്‍ ജില്ലാ കലക്ടര്‍ക്ക് അധികാരം നല്‍കികൊണ്ട് ഉത്തരവ് വന്നിരുന്നു. ജില്ലാ കലക്ടറുമായി സംസാരിച്ച് വിഷയം പരിഹാരം കാണുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. സര്‍ക്കാരിന്റെ വിവിധ പദ്ധതികളില്‍ പെട്ട് ഭവന നിര്‍മാണം നിലച്ചു പോയ 44 കേസില്‍ പദ്ധതി പൂര്‍ത്തീകരിക്കാനായി വിളിപ്പിച്ചിരുന്നു. എന്നാല്‍ 17 പേരാണ് നഗരസഭയിലെത്തിയത്. പ്ലാന്‍ മാത്രമാണ് നഗരസഭയില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്. പദ്ധതിയില്‍ ബാക്കിയുള്ള 27 പേര്‍ പ്ലാന്‍ ഹാജരാക്കാന്‍ തയ്യാറായില്ല. അതേസമയം പദ്ധതികളില്‍ പ്ലാന്‍ പാസ്സാകുന്നതിലും മറ്റും അനിശ്ചിത്വം നിലനില്‍ക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സിആര്‍സെഡ്, നഞ്ച തുടങ്ങിയ വിഷയങ്ങളില്‍ പെട്ടവര്‍ക്ക് പ്ലാന്‍ പാസാവാതെ എങ്ങിനെയാണ് പദ്ധതി പ്രകാരം ഫണ്ട് അനുവദിക്കാന്‍ കഴിയുകയെന്നും പ്രതിപക്ഷം ഉന്നയിച്ചു. എന്നാല്‍ പദ്ധതികളില്‍ ഉള്‍പ്പെട്ടവരുടെ ലിസ്റ്റ് വാര്‍ഡ് അടിസ്ഥാനത്തില്‍ കൗണ്‍സിലര്‍മാര്‍ക്ക് നല്‍കണമെന്നും വാര്‍ഡ് സഭയില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നും ചെയര്‍മാന്‍ ആവശ്യപ്പെട്ടു. വിവിധ പദ്ധതികള്‍ മുഖേന നഗരസഭയിലെ വീടില്ലാത്ത മുഴുവന്‍ കുടുംബങ്ങള്‍ക്കും 2020 ഓടെ വീട് നിര്‍മിച്ച് നല്‍കാനാണ് തീരുമാനം. നഗരസഭ സമ്പൂര്‍ണ പാര്‍പ്പിട നഗരസഭയാക്കി മാറ്റാനുള്ള സമഗ്ര പദ്ധതികള്‍ക്കാണ് തുടക്കം കുറിച്ചിട്ടുള്ളതെന്ന് ചെയര്‍മാന്‍ കെ ശ്രീധരന്‍ കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ 2018 മാര്‍ച്ചോടെ വിവിധ പദ്ധതികളില്‍ നിര്‍മാണം ആരംഭിച്ച് പൂര്‍ത്തിയാകാത്ത വീടുകളുടെ പണി പൂര്‍ത്തീകരിക്കും. സിആര്‍സെഡ്, നഞ്ച ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വീട് അനുവദിച്ച് കൊടുക്കുന്നതിനാവശ്യമായ നിയനം ലഘൂകരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്നും ചെയര്‍മാര്‍ പറഞ്ഞു. ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ട് ഇ അരവിന്ദാക്ഷന്‍, കെപി ബിന്ദു, പി ബിജു, ടി കേളു, എംപി അഹമ്മദ്, പികെ ജലാലുദ്ധീന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it