ernakulam local

നഗരസഭയുടെ റോ റോ സര്‍വീസ് മുഖ്യമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും

കൊച്ചി: നഗരസഭയുടെ നേതൃത്വത്തില്‍ ഫോര്‍ട്ട് കൊച്ചിക്കും വൈപ്പിനുമിടയില്‍ ആരംഭിക്കുന്ന റോ റോ ജങ്കാര്‍ (റോണ്‍ ഓണ്‍ റോള്‍ ഓഫ് വെസല്‍) സര്‍വീസിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ ഒന്‍പതിന് ഫോര്‍ട്ട് കൊച്ചി ജെട്ടിക്കു സമീപം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മന്ത്രി കെടി ജലീല്‍ അധ്യക്ഷത വഹിക്കും.
രാജ്യത്ത് ആദ്യമായാണു ഒരു തദേശ സ്ഥാപനം റോ റോ ജങ്കാര്‍ നിര്‍മിച്ചു സര്‍വീസ് ആരംഭിക്കുന്നതെന്നു മേയര്‍ സൗമിനി ജെയിന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. കോര്‍പറേഷന്‍ വികസന ഫണ്ടില്‍ നിന്നു 15 കോടി രൂപ ചെലവിലാണു രണ്ടു റോ റോ യാനങ്ങളും ജെട്ടികളും നിര്‍മിച്ചിട്ടുള്ളത്.
വൈപ്പിന്‍-ഫോര്‍ട്ട്‌കൊച്ചി യാത്രയ്ക്കു റോഡ് മാര്‍ഗം 40 മിനിറ്റ് എടുക്കുമ്പോള്‍ റോ റോ വഴി മൂന്നര മിനിറ്റു കൊണ്ടു ഫോര്‍ട്ട് കൊച്ചിയിലെത്താം.നാല് ലോറി, 12 കാറുകള്‍, 50 യാത്രക്കാര്‍ എന്നിവ ഉള്‍ക്കൊള്ളാനുള്ള ശേഷിയാണു റോ റോ ജങ്കാറിനുള്ളത്. എസ്പിവി രൂപീകരിക്കുന്നതു വരെ കെഎസ്‌ഐഎന്‍സിക്കാണു നടത്തിപ്പ് ചുമതല.
നിലവിലുള്ള ഫോര്‍ട്ട് ക്വീന്‍ ബോട്ട് ജങ്കാര്‍ നിലവില്‍ വന്നാലും റൂട്ടില്‍ സര്‍വീസ് തുടരും. രാവിലെ ആറു മുതല്‍ രാത്രി 10 വരെയാണു സര്‍വീസുണ്ടാകുക.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് നിശ്ചിത സമയത്തിനുള്ളില്‍ ജങ്കാറുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയെങ്കിലും ജെട്ടികളുടെ നിര്‍മാണം വൈകിയതാണു സര്‍വീസ് ആരംഭിക്കാന്‍ കാലതാമസമുണ്ടാക്കിയത്.
കഴിഞ്ഞ കോര്‍പ്പറേഷന്‍ ഭരണകാലത്ത്  മിഷന്‍ കൊച്ചിയില്‍ ഉള്‍പ്പെടുത്തി 2014ലാണു പദ്ധതിക്കു തുടക്കമിട്ടത്. സര്‍വീസില്‍ നിന്നു ലഭിക്കുന്ന ലാഭം നഗരസഭയും കെഎസ്‌ഐഎന്‍സിയും പങ്കിട്ടെടുക്കുമെന്നു ഡപ്യൂട്ടി മേയര്‍ ടിജെ വിനോദ് പറഞ്ഞു.
വാര്‍ഷിക അറ്റകുറ്റപ്പണിയും നഗരസഭ നിര്‍വഹിക്കും. അതിനിടയില്‍ റോ റോ സര്‍വീസില്‍ നഗരസഭ ജീവനക്കാര്‍ക്കും ജനപ്രതിനിധികള്‍ക്കും സൗജന്യ യാത്ര അനുവദിക്കാനുള്ള നീക്കം പദ്ധതിയില്‍ തുടക്കത്തിലെ കല്ലുകടിയായി. ഇത് സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു കൗണ്‍സിലിന്റെ തീരുമാനമാണെന്നായിരുന്നു മേയറുടെ മറുപടി.
സര്‍ക്കാര്‍ ശമ്പളത്തിന് പുറമേ യാത്രബത്തയും കൈപറ്റുന്ന നഗരസഭ ജീവനക്കാര്‍ക്കും മറ്റ് ജനപ്രതിനിധികള്‍ക്കും സൗജന്യ യാത്ര അനുവദിക്കുന്നത് റോ റോയെ തുടക്കത്തില്‍ തന്നെ നഷ്ടത്തിലേക്ക് തള്ളിവിടുമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നു. എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും സൗജന്യം അനുവദിക്കുന്നതിനും മുന്‍പ് അംഗപരിമിതരെയാണ് പരിഗണിക്കേണ്ടിയിരുന്നതെന്ന് പ്രതിപക്ഷ നേതാവ് കെ ജെ ആന്റണി ചൂണ്ടിക്കാട്ടി.
അംഗ പരിമിതരുടെ മുചക്ര വാഹനങ്ങള്‍ക്കു സൗജന്യ യാത്ര അനുവദിക്കാനുള്ള തീരുമാനം പോലും വൈകിയാണ് എഴുതി ചേര്‍ത്തത്. രണ്ട് റോ റോ ജങ്കാറുകള്‍ സര്‍വീസ് നടത്താന്‍ പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും.
റോ റോ സര്‍വീസ് ആരംഭിക്കുമ്പോള്‍ ബോട്ട് സര്‍വീസ് എങ്ങനെ നടത്തുമെന്നു അധികൃതര്‍ വ്യക്തമാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഒന്നര വര്‍ഷം മുന്‍പ്  നിര്‍മാണം പൂര്‍ത്തിയാക്കിയ റോ റോ ജങ്കാറുകള്‍ സര്‍വീസ് ആരംഭിക്കുന്നതിന് മുമ്പ് ആവശ്യമായ ട്രയല്‍ റണ്‍ പോലും വിജയകരമായി നടത്താന്‍ നഗരസഭയ്ക്കു കഴിഞ്ഞില്ലെന്നും ആക്ഷേപമുണ്ട്.
Next Story

RELATED STORIES

Share it