Kollam Local

നഗരമധ്യത്തിലെ പതിനെട്ടര സെന്റ് ഭൂമി റവന്യൂ വകുപ്പ് ഏറ്റെടുത്തു

കൊല്ലം: ചിന്നക്കട ബിഎസ്എന്‍എല്‍ ഓഫിസിന് സമീപത്തെ പതിനെട്ടര സെന്റ് ഭൂമി റവന്യൂ അധികൃതര്‍ ഇന്നലെ ഒഴിപ്പിച്ചു. കുത്തകപാട്ട വ്യവസ്ഥയില്‍ നല്‍കിയിരുന്ന ഈ ഭൂമി ഭൂസംരക്ഷണ നിയമപ്രകാരമാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. സ്വകാര്യ ആശുപത്രിയാണ് ഇവിടെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. പാട്ടക്കരാര്‍ കഴിഞ്ഞതിനെ തുടര്‍ന്നാണ് ഭൂമി ഏറ്റെടുക്കല്‍ നടപടിയിലേക്ക് നീങ്ങിയത്. ഇന്നലെ രാവിലെ തഹസില്‍ദാര്‍ ജി ആര്‍ അഹമ്മദ് കബീര്‍, എല്‍ആര്‍ തഹസില്‍ദാര്‍ ജോണ്‍സണ്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ദേവരാജന്‍, വില്ലേജ് ഓഫിസര്‍മാര്‍, മറ്റ് റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം ഒഴിപ്പിക്കല്‍ നടപടി പൂര്‍ത്തിയാക്കി ബോര്‍ഡ് സ്ഥാപിച്ചു. ചികില്‍സയ്‌ക്കെത്തിയ രോഗികള്‍ക്ക് യാതൊരു അസൗകര്യവും ഉണ്ടാകാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിച്ചതായി തഹസില്‍ദാര്‍ അറിയിച്ചു. ആശുപത്രിയിലെ മരുന്നും മറ്റ് ഉപകരണങ്ങളും മാറ്റുന്നതിന് ആവശ്യമായ സമയവും അനുവദിച്ചു. അപ്പീല്‍ നല്‍കുന്നതിന് മതിയായ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി പിന്നീട് സ്റ്റേ ഉത്തരവ് നല്‍കുകയുണ്ടായി.
Next Story

RELATED STORIES

Share it