kasaragod local

നഗരത്തിലെ റോഡുകളില്‍ വന്‍ കുഴികള്‍: യാത്രക്കാര്‍ ദുരിതത്തില്‍

കാസര്‍കോട്: ജില്ലാ ആസ്ഥാനമായ നഗരത്തിലെ പ്രധാന റോഡുകളെല്ലാം ശക്തമായ മഴയില്‍ പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. റോഡിന്റെ പല ഭാഗത്തും വന്‍ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. കുഴികളില്‍ മഴവെള്ളം നിറഞ്ഞുനില്‍ക്കുന്നതിനാല്‍ വാഹനങ്ങളുടെ ടയര്‍ കുഴില്‍പെട്ട് ഗതാഗത കുരുക്ക് ടൗണില്‍ നിത്യസംഭവമായി മാറിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച മുതല്‍ മഴ ശക്തമായതോടെ നഗരത്തിലെ റോഡുകളെല്ലാം പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്.
ഓവുചാലില്‍ മാലിന്യം കെട്ടിക്കിടക്കുന്നതിനാല്‍ റോഡിലൂടെ വെള്ളം ഒലിച്ചിറങ്ങുന്നതാണ് റോഡ് തകരാന്‍ പ്രധാന കാരണം. എംജി റോഡ്, താലൂക്ക് ഓഫിസ് റോഡ്, റെയില്‍വേ സ്‌റ്റേഷന്‍ റോഡ്, കറന്തക്കാട്, പുതിയ ബസ്സ്റ്റാന്റ്, ബാങ്ക് റോഡ് തുടങ്ങിയ റോഡുകളിലാണ് വലുതും ചെറുതുമായ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. മഴയ്ക്ക് ഏതാനും ആഴ്ചകള്‍ മുമ്പ് മിക്ക റോഡുകളുടെയും അറ്റകുറ്റപണി നടത്തിയിരുന്നു. ചില റോഡുകളുടെ കുഴികള്‍ അടയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതൊക്കെ ഇപ്പോള്‍ തകര്‍ന്നിരിക്കുകയാണ്. മഴക്ക് മുന്നോടിയായി വേണ്ടത്ര ടാര്‍ ഉപയോഗിക്കാതെ പൊടിക്കൈയില്‍ അറ്റകുറ്റപ്പണി നടത്തിയതാണ് ശക്തമായ മഴയില്‍ പെട്ടെന്ന് കുഴികള്‍ രൂപപ്പെടാന്‍ കാരണമായത്.
കറന്തക്കാട് ജങ്ഷനില്‍ വലിയ കുഴികള്‍ തന്നെ രൂപപ്പെട്ടിരിക്കുകയാണ്. നഗരത്തിലെ പോക്കറ്റ് റോഡുകളും തകര്‍ന്നു. ലക്ഷങ്ങള്‍ മുടക്കി അറ്റകുറ്റപണി നടത്തിയതെല്ലാം മഴയില്‍ ഒലിച്ച് പോയിരിക്കുകയാണ്. റോഡുകള്‍ക്ക് അനുവദിച്ച ഫണ്ട് സാമ്പത്തിക വര്‍ഷം കഴിയുന്നതിന് മുമ്പ് ലാപ്‌സാവാതിരിക്കാന്‍ തകൃതിയായി മഴക്കാലത്തിന് മുമ്പാണ് പേരിന് അറ്റകുറ്റപ്പണി നടത്തിയത്. ഇത് വ്യാപകമായ പരാതിക്കിടയാക്കിയിരുന്നുവെങ്കിലും പ്രതിഷേധത്തിന് അല്‍പായുസേ ഉണ്ടായിരുന്നുള്ളൂ. നഗരത്തിന് പുറമേ കാസര്‍കോട്-മംഗളൂരു, കാസര്‍കോട്-ചെര്‍ക്കള ദേശീയ പാതകളെല്ലാം തകര്‍ന്ന് വലിയ കുഴികളാണ് രൂപപ്പെട്ടത്. ഇത് വലിയ അപകടത്തിന് വഴിവെക്കുന്നു. മഴക്കാലം കഴിഞ്ഞേ ഇനി അറ്റകുറ്റപണി നടത്താന്‍ കഴിയുകയുള്ളു.
അപ്പോഴേക്കും റോഡുകള്‍ പൂര്‍ണമായും തകര്‍ന്ന് ഗതാഗതം ദുഷ്‌ക്കരമാവും. കറന്തക്കാട് ദേശീയപാതയില്‍ അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തിയില്ലെങ്കില്‍ വന്‍ അപകടത്തിന് തന്നെ സാധ്യതയുണ്ട്. ഇരുചക്രവാഹനങ്ങള്‍ റോഡിലെ കുഴികളില്‍പെട്ട് അപകടമുണ്ടാവുന്നത് പതിവാണ്. ജില്ലയിലെ ദേശീയപാതയില്‍ അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.
കാസര്‍കോട് ടൗണിലെ റോഡുകള്‍ തകര്‍ന്നതിനാല്‍ വാഹനങ്ങള്‍ പോകുമ്പോള്‍ ചെളിവള്ളം കടയിലേക്ക് അടിച്ചുകയറുന്നത് പതിവാണെന്ന് വ്യാപാരികള്‍ പറയുന്നു. മാലിന്യങ്ങള്‍ അടിഞ്ഞുകൂടി നഗരത്തിലെ ഓവുചാലുകളെല്ലാം അടഞ്ഞിരിക്കുകയാണ്. ഇതോടെ ശക്തമായ മഴയില്‍ റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ മഴവെള്ളം കടയിലേക്ക് കയറുന്നതിനാല്‍ കട ഉടമകള്‍ തന്നെ താല്‍ക്കാലിക ഭിത്തിയുണ്ടാക്കി സംരക്ഷണം ഒരുക്കുകയായിരുന്നു.
Next Story

RELATED STORIES

Share it