kozhikode local

നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായില്ല

വടകര : നഗരത്തിലെ ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതിനും, അനധികൃതമായുള്ള വാഹന പാര്‍ക്കിങ്ങുകള്‍ നിയന്ത്രിക്കാനുമായി നഗരസഭ നോ പാര്‍ക്കിംങ് ബോര്‍ഡ് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത് നടപ്പിലാക്കയില്ല. കഴിഞ്ഞ ജൂണ്‍ 18ന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് ഗതാഗതകുരുക്കിന് ഏറെകുറെ പരിഹാരം കാണാനായി നഗരത്തിലെ വിവിധയിടങ്ങളില്‍ നോ പാര്‍ക്കിംങ് ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ പ്രഖ്യാപിച്ചത്. എന്നാല്‍ പ്രഖ്യാപനം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും ഇതുമായി ബന്ധപ്പെട്ട ഒരു നടപടിയും നഗരസഭ ചെയ്തിട്ടില്ല. നഗരത്തിലെ പല സ്ഥലങ്ങളിലും വലിയ വാഹനമടക്കം നിര്‍ത്തിയിട്ട് പോകുന്നതും, സമയത്തിലധികം നേരം പാര്‍ക്കിങ് ചെയ്യുന്നതും ഗതാഗത കുരുക്കിന് കാരണമാണ്. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെും വൈകുന്നേരവും നഗരത്തിന്റെ പല ഭാഗത്തും വാഹനങ്ങളുടെ നീണ്ട നിരയാണ് കാണപ്പെടുന്നത്. ഇത് കൊണ്ട് തന്നെ നഗരത്തില്‍ മുമ്പ് ക്രമീകരിച്ചത് പോലെയുള്ള ട്രാഫിക് നിയന്ത്രണം പൊലിസ് കാര്യക്ഷമമാക്കാത്തതാണ് കാരണമെന്നും, പൊലീസുമായി ബന്ധപ്പെട്ട് നിലവില്‍ വരുത്തുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്ന് ചെയര്‍മാന്‍ പറഞ്ഞിരുന്നു.
ഇതൊന്നും തന്നെ കാര്യക്ഷമമാക്കാന്‍ നഗരസഭ അധികൃതര്‍ക്ക് സാധിച്ചിട്ടില്ലെന്നതാണ് വസ്തുത. അതേസമയം നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട സ്ഥാപനങ്ങള്‍ക്ക് പാര്‍ക്കിംഗിനായി അനുവദിച്ച സ്ഥലം കച്ചവട കേന്ദ്രങ്ങളാക്കിയ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാത്തത് നഗരത്തെ ഗതാഗത കുരുക്കിലേക്ക് മുറുകുന്നതെന്നാണ് പൊതുവെയുള്ള ആക്ഷേപം. പല ബഹുനില കെട്ടിടങ്ങള്‍ക്കടക്കം ലൈസന്‍സ് അനുവദിച്ച് നല്‍കുന്ന സമയങ്ങളില്‍ കൃത്യമായി പാര്‍ക്കിംഗ് കേന്ദ്രം കാണിച്ചതിന് ശേഷമാണ് അനുമതി നല്‍കുന്നത്. എന്നാല്‍ പിന്നീട് അത്തരം സ്ഥലങ്ങള്‍ കച്ചവട കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഇതിനെതിരെ ശക്തമായ നടപടിയടുത്താല്‍ മാത്രമെ നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാനാവുമെന്നും അഭിപ്രായമുണ്ട്.
വടകര നഗരത്തില്‍ നിരവധി സ്ഥാപനങ്ങളാണ് ഇത്തരം നിയമലംഘനം ചെയ്ത് കച്ചവടം ചെയ്യുന്നതെന്നാണ് പരാതി. വലിയ കെട്ടിടം ഉപയോഗിച്ച് നടത്തുന്ന ഒറ്റ സ്ഥാപനങ്ങള്‍, ബഹുനില കെട്ടിടത്തില്‍ ചെറിയ സ്ഥാപനങ്ങള്‍ അടക്കമുള്ളവ ഈ നിയമ ലംഘനം തുടരകുയാണ്. ആഘോഷ നാളുകളില്‍ കച്ചവടം പൊടിപൊടിക്കുമ്പോള്‍ വാഹനങ്ങള്‍ ദേശീയപാതയോരത്തും മറ്റും നിര്‍ത്തുന്നത് വലിയ ഗതാഗത കുരുക്കിനാണ് കാരണമാകുന്നത്. കെട്ടിടങ്ങള്‍ക്ക് അടിയില്‍ പാര്‍ക്കിംഗ് കേന്ദ്രമെന്ന് കാണിച്ചാണ് ലൈസന്‍സ് അനുമതിക്കായി അപേക്ഷ നല്‍കി നേടുന്നത്. എന്നാല്‍ പിന്നീട് ഈ സ്ഥലം ഗോഡൗണുകളായും മറ്റും ഉപയോഗിക്കുകയാണ്. എന്നാല്‍ ഇത്തരക്കാര്‍ക്ക് ഒത്താശ ചെയ്യുന്ന രീതിയില്‍ ചല ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും പ്രവര്‍ത്തിക്കുന്നതെന്ന ആരോപണവും ഉയര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഭരണപക്ഷ കൗണ്‍സിലറും, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ പി ഗിരീഷന്‍ ഈ വിഷയം ഉന്നയിച്ചിരുന്നു.
ഇത്തരത്തില്‍ നിയമലംഘനം നടത്തി പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ നിരവധി നഗരത്തിലുണ്ടെന്നും അതിനെതിരെ ശക്തമായ നടപടി വേണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഭരണപക്ഷത്തെ പ്രമുഖനായ മെമ്പര്‍ തന്നെ ഈ വിഷയം ഉന്നയിച്ചത് പ്രശ്‌നത്തിന്റെ ഗൗരവം അത്രയേറിയിതിനാലാണ്. എന്നിട്ടും നഗരസഭ മൗനം പാലിക്കുന്നത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. നഗരത്തിലെ പലയിടത്തും ഹെല്‍ത്ത് വിഭാഗം ലൈസന്‍സ് പരിശോധന ശക്തമാക്കിയതിനെ തുടര്‍ന്ന് ഇത്തരം നിയമ ലംഘനങ്ങള്‍ നിരവധിയാണെന്ന് മനസിലായിട്ടുണ്ട്. എന്നാല്‍, ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ ഇവര്‍ക്ക് കഴിയുന്നില്ലെന്നത് ഉദ്യോഗസ്ഥര്‍ക്ക് മേലുള്ള സമ്മര്‍ദ്ദമാണെന്നും ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. പല സ്ഥാപനങ്ങളുടെ മേധാവിയും നഗരസഭയിലെ പല ജനപ്രതിനിധികളുമായുള്ള അവിഹിത ബന്ധവും, അവര്‍ക്ക് വേണ്ടിയുള്ള ഇടപെടല്‍ നടത്തുന്നതുമാണ് ഇതിന് കാരണമെന്നാണ് അറിയാന്‍ കഴിഞ്ഞത്. അതേസമയം പോലീസ് ഉദ്യോഗസ്ഥര്‍ നഗരത്തിലെ വിവിധ സ്ഥാപനങ്ങളില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയവരുടെ വാഹനം റോഡില്‍ പാര്‍ക്ക് ചെയ്‌തെന്നാരോപിച്ച് പിഴ ഈടാക്കുകയാണ് ചെയ്യുന്നത്. സ്ഥാപനങ്ങളില്‍ പാര്‍ക്കിങ്‌സൗകര്യം ഇല്ലാത്തതാണ് ഇതിന് കാരണമെന്ന് പറഞ്ഞാലും പിഴ ഈടാക്കാതെ പോലിസ് വിടാറുല്ലെന്നും വാഹന ഉടമകള്‍ പറയുന്നു.
ട്രാഫിക് നിയന്ത്രണം വരുത്താനായി പല ക്രമീകരണങ്ങളും നഗരസഭയും, പോലിസും ചെയ്യുമ്പോള്‍ ഇത്തരം വലിയ നിയമലംഘനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും ആരോപണം ഉയര്‍ന്നിരിക്കുകയാണ്. വലിയ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാത്ത ഉദ്യോഗസ്ഥര്‍ ചെറിയ സ്ഥാപനങ്ങള്‍ക്കെതിരെ മാത്രമാണ് ഇത്തരം നടപടിയെടുക്കുന്നതെന്നും പരാതിയുണ്ട്. നിയമലംഘനം നടത്തുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ ജനപ്രതിനിധികളടക്കമുള്ളവര്‍ ശക്തമായ നടപടിയെടുക്കണമെന്നാണ് പൊതുജനങ്ങള്‍ ആവശ്യപ്പെടുന്നത്.

Next Story

RELATED STORIES

Share it