thiruvananthapuram local

നഗരത്തിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാവുന്നു : പമ്പിങ് 100 എംഎല്‍ഡിയായി ഉയര്‍ത്തി



തിരുവനന്തപുരം: ജനജീവിതം ദുസ്സഹമാക്കി തുടരുന്ന നഗരത്തിലെ കുടിവെള്ളക്ഷാമത്തിന് ഈ ആഴ്ച്ചയോടെ പൂര്‍ണ പരിഹാരമാകുമെന്ന് പ്രതീക്ഷ.  നെയ്യാറില്‍ നിന്ന് അരുവിക്കരയിലേക്കു ദിനംപ്രതി 100 എംഎല്‍ഡി വെള്ളമെത്തി തുടങ്ങി. ഇത് ഒരു പരിധിവരെ നഗരത്തിലെ കുടിവെള്ളപ്രശ്‌നത്തിനു പരിഹാരമാകുമെന്നാണു പ്രതീക്ഷിക്കുന്നത്. ഗുജറാത്തില്‍ നിന്നും എത്തിച്ച രണ്ടുപമ്പുകളും സ്ഥാപിക്കുന്ന പണിയും പൂര്‍ത്തിയായി പമ്പിങ് ആരംഭിച്ചുകഴിഞ്ഞു. ഇതോടെ നഗരത്തില്‍ ഇനി ജലനിയന്ത്രണം വേണ്ടിവരില്ലെന്നാണു ജലഅതോറിറ്റിയുടെ കണക്കുകൂട്ടല്‍. നഗരത്തിലേക്ക് ഒരുദിവസം വേണ്ടത് 250 എംഎല്‍ഡി വെള്ളമാണ്. പേപ്പാറഡാമില്‍ ഇതിനായുള്ള വെള്ളം ലഭ്യമല്ലാതായതോടെയാണു ജലഅതോറിറ്റി നിയന്ത്രണവുമായി രംഗത്ത് എത്തിയത്. നിലവില്‍ നെയ്യാറില്‍ നിന്നായി രണ്ട് ഡ്രഡ്ജറുകളും നാലു പമ്പുകളും ഉപയോഗിച്ച് അരുവിക്കരയിലേക്ക് 100 എംഎല്‍ഡി വെള്ളമെത്തിക്കുന്നുണ്ട്. ഇതോടെ നഗരത്തില്‍ അത്യാവശ്യത്തിനു വെള്ളമെത്തുമെന്നാണ് അധികൃത പ്രതീക്ഷ. എന്നാല്‍ നിയന്ത്രണത്തിനു മുമ്പ് ക്ഷാമം അനുഭവപ്പെട്ട പ്രദേശങ്ങളില്‍ വെള്ളമെത്തുമോയെന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്. നെയ്യാറില്‍ നിന്നും അരുവിക്കരയിലേക്കു വെള്ളമെത്തിയതോടെ ജലഅതോറിറ്റി നിയന്ത്രണം നീക്കിയിരുന്നു. പേപ്പാറ ഡാമില്‍ നിന്നാണു നഗരത്തിലേക്ക് ആവശ്യമായ വെള്ളം പമ്പു ചെയ്തിരുന്നത്. കനത്ത വേനലില്‍ പേപ്പാറ ഡാമില്‍ വെള്ളം കുറഞ്ഞതാണു നഗരത്തിലേക്കുള്ള കുടിവെള്ള വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കാരണം. തുടര്‍ന്നു നെയ്യാറില്‍ നിന്ന് വെള്ളമെത്തിക്കാന്‍ ശ്രമം തുടങ്ങി. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുവേണ്ടി കഴിഞ്ഞ മാസം 19മുതലാണു പമ്പിങ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച നിയന്ത്രണം നീക്കിയെങ്കിലും പല സ്ഥലങ്ങളിലും വെള്ളം കിട്ടുന്നില്ലെന്നു വ്യാപക പരാതിയുയര്‍ന്നു. നേരത്തെ രണ്ടു ഡ്രഡ്ജറുകളും രണ്ട് പമ്പുകളും ഉപയോഗിച്ച് 54 എംഎല്‍ഡി വെള്ളമാണു നിലവില്‍ അരുവിക്കരയില്‍ നിന്നു തലസ്ഥാനത്തേക്ക് പമ്പ് ചെയ്തിരുന്നത്.  ഗുജറാത്തില്‍ നിന്ന് എത്തിച്ച രണ്ടു പമ്പുകള്‍ കൂടി സ്ഥാപിച്ച് പമ്പിങ് ആരംഭിച്ചതോടെ  100 എംഎല്‍ഡിയായി ഉയര്‍ത്താന്‍ സാധിച്ചതായി ജലഅതോറിറ്റി അധികൃതര്‍ അറിയിച്ചു. ഈ പമ്പുകള്‍ കൂടി പ്രവര്‍ത്തനസജ്ജമായതോടെ കുടിവെള്ളം ലഭിക്കുന്നില്ലെന്ന പരാതികള്‍ക്കു വിരാമമാകുമെന്ന കണക്കുകൂട്ടലിലാണു അധികൃതര്‍.
Next Story

RELATED STORIES

Share it