Alappuzha local

നഗരത്തിലെ അനധികൃത കൈയേറ്റങ്ങള്‍ നാളെ മുതല്‍ ഒഴിപ്പിക്കും

ആലപ്പുഴ: നഗരത്തിലെ റോഡുകളില്‍ കൂട്ടിവച്ചിരിക്കുന്ന നിര്‍മ്മാണസാമഗ്രികള്‍, മററ് വസ്തുക്കള്‍ എന്നിവ സ്വന്തം ഉത്തരവാദിത്വത്തില്‍ ഇന്ന്  നീക്കം ചെയ്തില്ലെങ്കില്‍ നാളെ കൈയേറ്റങ്ങള്‍ നേരിട്ട് നീക്കം ചെയ്യാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.
കയ്യേറ്റം നീക്കം ചെയ്യുന്ന ഇനത്തില്‍ ജില്ലാ ഭരണകൂടത്തിന് ചെലവാകുന്ന തുക കയ്യേറ്റക്കാരില്‍ നിന്നും ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്.ഇതിന്റെ ഭാഗമായി സ്വച്ഛ് സര്‍വേക്ഷണ്‍ 2018 സര്‍വ്വെയുമായി ബന്ധപ്പെട്ട് ആലപ്പുഴ നഗരസഭയില്‍ റവന്യൂ, പൊലീസ്, പൊതുമരാമത്ത് വകുപ്പ്, നഗരസഭ എന്നിവര്‍ സംയുക്തമായി സ്‌ക്വാഡ് പ്രവര്‍ത്തനവും ആരംഭിക്കും.  പൊലീസിന്റേയും കുടുംബശ്രീയുടെയും നേതൃത്വത്തില്‍ ഈ മാസം ഒമ്പതിന് നഗരത്തിലെ വിവിധ സ്ഥലങ്ങള്‍ ശുചീകരിക്കും. നഗരസഭയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രധാന അധ്യാപകരുടെ യോഗം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് കലക്ടറുടെ കോണ്‍ഫറന്‍സ് ഹാളില്‍ കൂടും.
നഗരത്തില്‍ കച്ചവടം നടത്തുന്ന വഴിവാണിഭക്കാര്‍ അവരുടെ സാധനങ്ങള്‍ അതതുദിവസം എടുത്തുമാറ്റണം. അവരുടെ സ്ഥാപനങ്ങളില്‍ ഉണ്ടാകുന്ന മാലിന്യം നഗരസഭ സ്ഥാപിച്ചിരിക്കുന്ന എയ്‌റോബിക് ബിന്നുകളില്‍ തന്നെ നിക്ഷേപിക്കണം. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടക്കാര്‍ ഒരു കാരണവശാലും റോഡ് കൈയേറി കടകള്‍ സ്ഥാപിക്കരുത്. കടകളില്‍ വലിച്ചുകെട്ടിയിരിക്കുന്ന ടാര്‍പോളിന്‍ ഷീറ്റുകള്‍ അതതുദിവസം എടുത്തുമാറ്റണം. വഴിയരികില്‍ ഗതാഗതത്തിന് തടസ്സമാകുന്ന രീതിയിലുളള നിര്‍മ്മിതികള്‍ ഉടന്‍ നീക്കണം.  നഗരസഭയില്‍ അനധികൃത മത്സ്യക്കച്ചവടം അനുവദിക്കുന്നതല്ല.
മത്സ്യമാര്‍ക്കറ്റുകളില്‍ അല്ലാതെ മത്സ്യക്കച്ചവടം അനുവദിക്കില്ല. പഴയ കെട്ടിടങ്ങള്‍ പൊളിച്ചുവില്‍ക്കുന്ന കടകള്‍ റോഡിലേക്ക് ഇറക്കിവെച്ചിരിക്കുന്ന സാമഗ്രികള്‍ നീക്കം ചെയ്യേണ്ടതാണെന്നും ജില്ലാ ഭരണകൂടം നല്‍കിയ അറിയിപ്പില്‍ പറഞ്ഞു.ഇതുമായി ബന്ധപ്പെട്ട് കലക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍       ജില്ല കലക്ടര്‍ ടി വി അനുപമ അധ്യക്ഷത വഹിച്ചു.
ആലപ്പുഴ നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫ്, ഹെല്‍ത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍, ശുചിത്വമിഷന്‍ ജില്ല കോര്‍ഡിനേറ്റര്‍, റവന്യൂ, പിഡബ്ല്യുഡി., പോലീസ്, വിദ്യാഭ്യാസം, കെഎസ്ഇബി., കെഎസ്ആര്‍ടിസി, സിഡിപിഒ., റെയില്‍വേ, കുടുംബശ്രീ, ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍, വ്യാപാരി വ്യവസായി ഏകോപനസമിതി, ഫ്രൂട്ട്‌സ് ആന്റ് വെജിറ്റബില്‍സ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍, ഫുഡ് ഗ്രെയ്‌ന്‌സ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍, വ്യാപാരി വ്യവസായി സമിതി, മീറ്റ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍, നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാര്‍, ശുചിത്വമിഷന്‍ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it