Flash News

ധൂലെയിലെ ആള്‍ക്കൂട്ടക്കൊല: 23 പേര്‍ അറസ്റ്റില്‍

മുംബൈ: മഹാരാഷ്ട്രയിലെ ധൂലെയില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോവുന്നവരെന്നാരോപിച്ച് ആള്‍ക്കൂട്ടം അഞ്ചുപേരെ തല്ലിക്കൊന്ന സംഭവത്തില്‍ 23 പേര്‍ അറസ്റ്റില്‍. സോലാപൂരിലെ കാവ ഗ്രാമവാസികളായ ഭരത് ശങ്കര്‍ ഭോസ്‌ലെ, സഹോദരന്‍ ദാദാറാവ് ശങ്കര്‍ ഭോസ്‌ലെ, രാജു ഭോസ്‌ലെ, ഭരത് മാളവ്യ, മംഗളാവേദയിലെ മനേവാഡി ഗ്രാമവാസിയായ അനഗു ഇംഗോള എന്നിവരെയാണ് ജനക്കൂട്ടം കഴിഞ്ഞ ദിവസം തല്ലിക്കൊന്നത്. കുട്ടികളെ തട്ടിക്കൊണ്ടു പോവുന്നവരെന്നു സംശയിച്ച് കല്ലും വടിയും ഉപയോഗിച്ചു മര്‍ദിക്കുകയായിരുന്നു. പോലിസ് നടപടി ശക്തമാക്കിയതോടെ ഇന്നലെ റെയിന്‍പദ ചേരി കനത്ത നിശ്ശബ്ദതയിലായിരുന്നു. അതേസമയം, കൊലപാതകികള്‍ക്കെതിരേ നടപടി സ്വീകരിക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നു ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തിനു ശേഷം സര്‍ക്കാര്‍ പ്രതിനിധികളാരും തങ്ങളെ സമീപിച്ചില്ല. തങ്ങള്‍ നീതിയാണ് ആവശ്യപ്പെടുന്നത്. തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും റെയിന്‍പദ ഗ്രാമമുഖ്യനെതിരേ നരഹത്യക്ക് കേസെടുക്കണമെന്നും കൊല്ലപ്പെട്ട ദാദാറാവ് ശങ്കര്‍ ഭോസ്‌ലെയുടെ മകന്‍ സന്തോഷ് ഭോസ്‌ലെ ആവശ്യപ്പെട്ടു. സംഭവസ്ഥലങ്ങള്‍ സന്ദര്‍ശിച്ച സംസ്ഥാന ആഭ്യന്തര മന്ത്രി ദീപക് കെസാര്‍ക്കര്‍ പ്രതികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കി. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന സന്ദേശങ്ങളില്‍ വിശ്വസിക്കരുതെന്നും ആരും നിയമം കൈയിലെടുക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ധൂലെ സംഭവത്തെ കേന്ദ്രമന്ത്രി രാംദാസ് അതവാലെയും മഹാരാഷ്ട്ര കോണ്‍ഗ്രസ് പ്രസിഡന്റ് അശോക് ചവാനും അപലപിച്ചു.
Next Story

RELATED STORIES

Share it