malappuram local

ധാന്യങ്ങള്‍ മറിച്ചുവിറ്റ സംഭവം : വിജിലന്‍സ് അന്വേഷണം തുടങ്ങി



പൊന്നാനി: 26 ലോഡ് ധാന്യങ്ങള്‍ മറിച്ചുവിറ്റ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി. സ്പീക്കറുടെ ഇടപെടല്‍ ഉണ്ടായതോടെയാണു സിവില്‍ സപ്ലൈസ് വിജിലന്‍സ് വിഭാഗം പൊന്നാനിയിലെത്തി അന്വേഷണമാരംഭിച്ചത്. അണ്ടത്തോട് സര്‍വീസ് സഹകരണ ബാങ്ക് വഴിയുള്ള ഭക്ഷ്യധാന്യ വിതരണത്തില്‍ 26 ലോഡ് ധാന്യങ്ങള്‍ മറിച്ചുവിറ്റതില്‍ അഴിമതി വ്യക്തമായ സാഹചര്യത്തിലാണു തിരുവനന്തപുരത്ത് നിന്നു സിവില്‍ സപ്ലൈസ് വിജിലന്‍സ് വിഭാഗം പൊന്നാനിയിലെത്തിയത്. പൊതുവിതരണ വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു. ഇതിന്റെ വിശദമായ അന്വേഷണ റിപോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കന്നതിന് മുന്നോടിയായാണു സിവില്‍ സപ്ലൈസ് വിജിലന്‍സ് വിഭാഗം പരിശോധന നടത്തിയത്. പൊന്നാനിയിലെത്തിയ സംഘം താലൂക്ക് സിവില്‍ സപ്ലൈസ് ഓഫിസിലെത്തി തെളിവുകള്‍ ശേഖരിച്ചു. സംഘം രണ്ടു ദിവസങ്ങളിലായി പൊന്നാനിയിലുണ്ടാവും.ഭക്ഷ്യ വിതരണപുസ്തകം, ഫുഡ് കോര്‍പറേഷനില്‍ നിന്നുള്ള ഭക്ഷ്യധാന്യ ഓര്‍ഡറുകള്‍, സ്‌റ്റോക്ക് രജിസ്റ്ററുകള്‍, ബില്‍ ബുക്ക്, റിട്ടേണ്‍ ലിസ്റ്റ്, ചില്ലറ വ്യാപാര ഡിപ്പോകുടെ സ്‌റ്റോക്ക് രജിസ്റ്ററുകള്‍, താലൂക്ക് സപ്ലൈ ഓഫിസിലെ അലോട്ട്‌മെന്റ് രജിസ്റ്റര്‍ തുടങ്ങിയവ വിജിലന്‍സ് വിഭാഗം പരിശോധിക്കും. അണ്ടത്തോട് സര്‍വീസ് സഹകരണ ബാങ്ക് വഴി 18 ലോഡ് അരിയും നാലു ലോഡ് ഗോതമ്പും തിരിമറി നടത്തിയെന്ന് ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ അഴിമതി ബോധ്യമാവുകയും ചെയ്തു. സംഭവത്തില്‍ ഗോഡൗണ്‍ മാനേജറെ സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ നേരിട്ടെത്തി അന്വേഷണം നടത്തുകയും ചെയ്തു. സംഭവത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും അഭിപ്രായപ്പെട്ടിരുന്നു. അന്വേഷണത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും സ്പീക്കര്‍ പറഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണു തിരുവനന്തപുരത്ത് നിന്നുള്ള വിജിലന്‍സ് പൊന്നാനിയിലെത്തിയത്. അണ്ടത്തോട് സര്‍വീസ് സഹകരണ ബാങ്കിന് കീഴില്‍ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്ന 28 റേഷന്‍ കടകളിലും പരിശോധന നടത്തും. എന്നാല്‍, സപ്ലൈ ഓഫിസും,ബാങ്കും ചേര്‍ന്നുള്ള ഒത്തുകളിയില്‍ തങ്ങളെ കരുവാക്കുകയാണെന്നാണു റേഷന്‍ കടക്കാര്‍ പറയുന്നത്. എന്നാല്‍, അന്വേഷണം ശരിയായ ദിശയിലാണു മുന്നോട്ടുപോവുന്നത്.
Next Story

RELATED STORIES

Share it