Cricket

ധര്‍മശാലയില്‍ ഇന്ത്യ മൂക്കുംകുത്തി വീണു; ലങ്കയ്ക്ക് ഏഴ് വിക്കറ്റ് ജയം

ധര്‍മശാലയില്‍ ഇന്ത്യ മൂക്കുംകുത്തി വീണു; ലങ്കയ്ക്ക് ഏഴ് വിക്കറ്റ് ജയം
X


ധര്‍മശാല: തോല്‍വിയെ ശീലമാക്കിയവരെന്ന ചീത്തപ്പേര് മായ്ച്ച് സിംഹളവീര്യം സടകുടഞ്ഞെഴുന്നേറ്റപ്പോള്‍ സ്വന്തം തട്ടകത്തില്‍ ഇന്ത്യ മൂക്കും കുത്തി വീണു. ധര്‍മശാലയില്‍ ഏഴ് വിക്കറ്റിനാണ് ശ്രീലങ്ക ഇന്ത്യയെ തകര്‍ത്തെറിഞ്ഞത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 38.2 ഓവറില്‍ 112 റണ്‍സെന്ന നാണം കെട്ട സ്‌കോറിലേക്ക് എറിഞ്ഞൊതുക്കിയ ശ്രീലങ്ക 20.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സുമായി വിജയം സ്വന്തമാക്കുകയായിരുന്നു. നാല് വിക്കറ്റുകള്‍ വീഴ്ത്തിയ സുരങ്ക ലക്മാലിന്റെ ബൗളിങ് പ്രകടനമാണ് ഇന്ത്യയെ തകര്‍ത്തത്.

ബാറ്റിങില്‍ പിഴച്ച് ഇന്ത്യ

ടോസ് നേടിയ ശ്രീലങ്കന്‍ നായകന്‍ തിസാര പെരേര ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. വിരാട് കോഹ്‌ലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മ ഇന്ത്യയെ നയിച്ചപ്പോള്‍ ശ്രേയസ് അയ്യര്‍ ഏകദിനത്തില്‍ ഇന്ത്യക്കുവേണ്ടി അരങ്ങേറ്റവും കുറിച്ചു. ആദ്യ ഓവര്‍ മുതലേ പേസ് ബൗളിങിനെ പിച്ച് തുണച്ചപ്പോള്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ എവിടെ ബാറ്റുവെക്കണമെന്നറിയാതെ പകച്ചു. വെടിക്കെട്ട് ഓപണര്‍ ശിഖര്‍ ധവാനായിരുന്നു (0) ആദ്യം ഗാലറിയിലേക്ക് മടങ്ങിയത്. മുന്‍ നായകന്‍ ഏയ്ഞ്ചലോ മാത്യൂസിന്റെ സ്വിങ്ബൗളില്‍ ധവാന്‍ എല്‍ബിയില്‍ കുരുങ്ങുകയായിരുന്നു. അംപയര്‍ അനുവദിച്ചു നല്‍കാത്ത എല്‍ബിയെ റിവ്യൂവിലൂടെയാണ് ലങ്ക നേടിയെടുത്തത്. തൊട്ടുപിന്നാലെ നായകന്‍ രോഹിത് ശര്‍മയെ (2) സുരങ്ക ലക്മാല്‍ ഡിക്‌വെല്ലയുടെ കൈകളിലെത്തിച്ചു. ഇത്തവണയും അംപയര്‍ നിഷേധിച്ച വിക്കറ്റിനെ റിവ്യൂവിലൂടെയാണ് ലങ്ക നേടിയെടുത്തത്. രോഹിത് മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് 4.1 ഓവറില്‍ രണ്ട് വിക്കറ്റിന് രണ്ട് റണ്‍സെന്ന നിലയിലായിരുന്നു. പിന്നീടെത്തിയ ദിനേഷ് കാര്‍ത്തികും(0) മനീഷ് പാണ്ഡെയും (2) നിലയുറപ്പിക്കും മുമ്പേ മടങ്ങിയതോടെ ഇന്ത്യ 12.5 ഓവറില്‍ നാല് വിക്കറ്റിന് 16 എന്ന നിലയിലേക്ക് തകര്‍ന്നു. നേരിയ ചെറുത്ത് നില്‍പ്പിന് ശേഷം ഹര്‍ദിക് പാണ്ഡ്യയും (10) വന്നതിലും വേഗം ഭുവനേശ്വര്‍ കുമാറും (0) മടങ്ങിയതോടെ ഇന്ത്യ 30നുള്ളില്‍ കൂടാരം കയറുമെന്ന് തോന്നിച്ചു. എന്നാല്‍ എംഎസ് ധോണിയുടെ കാലിടറാത്ത ബാറ്റിങ് ഇന്ത്യയെ 100 കടത്തുകയായിരുന്നു.

രക്ഷകനായി ധോണി
ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ സ്‌കോര്‍ എന്ന നാണക്കേടിലേക്ക് കൂപ്പുകുത്തിയ ഇന്ത്യയെ 100 കടത്തിയത് എംഎസ് ധോണിയുടെ (65) അര്‍ധ സെഞ്ച്വറി പ്രകടനമാണ്. 29 റണ്‍സിനിടയ്ക്ക് ഏഴ് വിക്കറ്റുകള്‍ തുലച്ച ഇന്ത്യയെ ക്ഷമയോടെ ബാറ്റുവീശിയ ധോണി ആശ്വസ സ്‌കോറിലേക്കെത്തിക്കുകയായിരുന്നു. 87 പന്തുകളില്‍ 10 ഫോറും രണ്ട് സിക്‌സറും പറത്തിയാണ് ധോണിയുടെ അര്‍ധ സെഞ്ച്വറി പ്രകടനം. വാലറ്റത്ത് കുല്‍ദീപ് യാദവ് (19) ധോണിക്ക് മികച്ച പിന്തുണയേകി. മൂന്നക്കം കാണുക എന്നത് അദ്ഭുതമായിതോന്നിയ ഇന്ത്യന്‍ നിരയില്‍ അര്‍ധസെഞ്ച്വറി കണ്ടെത്തിയതോടെ 16,000 അന്താരാഷ്ട്ര റണ്‍സും ധോണി അക്കൗണ്ടിലാക്കി.

ചുഴറ്റിയെറിഞ്ഞ് ലക്മാല്‍
ടെസ്റ്റ് പരമ്പരയില്‍ ബാക്കിവച്ചത് ആദ്യ ഏകദിനത്തില്‍ ലക്മാല്‍ തീര്‍ത്തു. തീതുപ്പുന്ന പേസ്ബൗൡങുമായി ധര്‍മശാലയില്‍ ആഞ്ഞടിച്ച ലക്മാല്‍ കൊടുങ്കാറ്റില്‍ നാല് ഇന്ത്യന്‍ താരങ്ങളാണ് കടപുഴകി വീണത്. 10 ഓവറില്‍ മൂന്ന് മെയ്ഡന്‍ ഓവറുകള്‍ സഹിതം 13 റണ്‍സ് വഴങ്ങിയാണ് ലക്മാലിന്റെ നാല് വിക്കറ്റ് പ്രകടനം. നുവാന്‍ പ്രദീപ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഏയ്ഞ്ചലോ മാത്യൂസ്, തിസാര പെരേര, ധനഞ്ജയ് ഡി സില്‍വ, സചിത് പതിരാന എന്നിവര്‍ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.

അനായാസം ശ്രീലങ്ക
113 എന്ന ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്കയുടെ തുടക്കവും തകര്‍ച്ചയോടെ ആയിരുന്നു. ഓപണര്‍ ധനുഷ്‌ക ഗുണതിലകയെ (1) നിലയുറപ്പിക്കും മുമ്പേ ജസ്പ്രീത് ബൂംറ ധോണിയുടെ കൈകളിലെത്തിച്ചു. അധികം വൈകാതെ ലഹിരു തിരിമനയെ (0) ഭുവനേശ്വര്‍ കുമാറും മടക്കിയതോടെ ശ്രീലങ്ക 6.1 ഓവറില്‍ രണ്ട് വിക്കറ്റിന് 19 എന്ന നിലയിലേക്ക് തകര്‍ന്നു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒത്തുകൂടിയ ഉപുല്‍ തരംഗ (49) മാത്യൂസ് സഖ്യം (25*)  ലങ്കയെ അനായാസം വിജയത്തിലേക്കെത്തിക്കുകയായിരുന്നു. തരംഗ അര്‍ധ ശതകത്തിന് ഒരു റണ്‍സകലെ പുറത്തായെങ്കിലും ഡിക്‌വെല്ലയോടൊപ്പം(26*) മാത്യൂസ് ലങ്കയെ വിജയത്തിലേക്കെത്തിച്ചു. ഇന്ത്യക്കുവേണ്ടി ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബൂംറ, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം പങ്കിട്ടു. നാല് വിക്കറ്റ് വീഴ്ത്തിയ സുരങ്ക ലക്മാലാണ് കളിയിലെ താരം.
Next Story

RELATED STORIES

Share it