Flash News

ദ ഗ്രേറ്റ് ബഗ്ഗിങ് അഥവാ പരിവാര്‍ കലഹം

ദ ഗ്രേറ്റ് ബഗ്ഗിങ് അഥവാ പരിവാര്‍ കലഹം
X
ഒരു ബഗ്ഗിങ് വിവാദത്തോടെയാണ് മോദി സര്‍ക്കാരിന്റെ ആദ്യ വര്‍ഷം തുടങ്ങുന്നത്. സര്‍ക്കാര്‍ അധികാരമേറ്റ് രണ്ടു മാസം തികയുന്നതിനുള്ളില്‍, 2014 ജൂലൈ 26ന്, മോദിക്കു ബദലായി അവതരിക്കുമെന്നു സംഘി മാധ്യമങ്ങള്‍ പ്രവചിച്ചിരുന്ന ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുടെ ഔദ്യോഗിക വസതിയില്‍ ശബ്ദം ചോര്‍ത്തുന്ന ഉപകരണങ്ങള്‍ ഘടിപ്പിച്ചതായി കണ്ടെത്തി. ഇതിനു പിന്നില്‍ സുബ്രഹ്മണ്യന്‍ സ്വാമിയാണെന്നും അമേരിക്കന്‍ ഇന്റലിജന്‍സാണെന്നുമുള്ള കഥകളുണ്ടായി.


എന്നാല്‍, കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് സ്ഥാപിച്ചതായിരിക്കാമെന്ന് ബിജെപിയുമായി അടുപ്പമുള്ളവര്‍ അഭ്യൂഹം പരത്തി. സംഭവമേ ഉണ്ടായിട്ടില്ലെന്ന് ഗഡ്കരിയും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങും പറഞ്ഞെങ്കിലും വിശ്വസനീയമായിരുന്നില്ല കാര്യങ്ങള്‍. മന്ത്രിയുടെ വിവരം ചോര്‍ത്തിയതു സംബന്ധിച്ച് അന്വേഷണം വേണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ നിരന്തരം ആവശ്യപ്പെടേണ്ട വിചിത്രമായ സാഹചര്യങ്ങളും ഉണ്ടായി.

എന്നാല്‍, സര്‍ക്കാരിന് എന്തൊക്കെയോ മറയ്ക്കാനുണ്ടായിരുന്നു. ഇവിടെയാണ് മോദി തന്നെ നടത്തിയ ഒളിഞ്ഞുനോട്ടങ്ങളുടെ കഥ വരുന്നത്. മോദി മന്ത്രിമാരെ രഹസ്യമായി നിരീക്ഷിക്കുകയും അവരുടെ വിവരങ്ങള്‍ ചോര്‍ത്തുകയും ചെയ്യുന്നുവെന്ന വിവരം ആദ്യമായി പൊങ്ങിവന്നത് അന്നു പരിസ്ഥിതി മന്ത്രിയായിരുന്ന പ്രകാശ് ജാവ്‌ദേകര്‍ വിദേശയാത്രയ്ക്കായി ജീന്‍സ് ധരിച്ച് എയര്‍പോര്‍ട്ടില്‍ എത്തിയ സംഭവത്തോടെയാണ്. ഔദ്യോഗിക യാത്രയ്ക്കായി വിമാനത്താവളത്തിലെത്തിയ ജാവ്‌ദേകറിനെ മോദി നേരിട്ട് വിളിച്ച് ജീന്‍സ് ധരിച്ചത് ശരിയായില്ലെന്നും ആവര്‍ത്തിക്കരുതെന്നും നിര്‍ദേശിച്ചു.

എന്നാല്‍, ഗഡ്കരിയുടെ വീട്ടില്‍ മാത്രമായിരുന്നു ഉപകരണങ്ങള്‍ കണ്ടെത്തിയത്. ബിജെപിക്കുള്ളില്‍ ഗഡ്കരിയെയായിരുന്നു മോദി പ്രധാന എതിരാളിയായി കണ്ടിരുന്നത്. അതിനു രണ്ടു കാരണങ്ങളുണ്ട്: പ്രധാനമന്ത്രി പദവിയിലേക്ക് മോദിയേക്കാള്‍ ആര്‍എസ്എസ് താല്‍പര്യപ്പെട്ടിരുന്നത് ഗഡ്കരിയെ ആയിരുന്നുവെന്നതാണ് ഇതില്‍ പ്രധാനം. മോദിയെപ്പോലെ അബ്രാഹ്മണനായ ഒരാള്‍ സംഘടനയ്ക്കു മുകളില്‍ വളരാന്‍ ശ്രമിക്കുന്നതില്‍ ആര്‍എസ്എസിന് അത്ര താല്‍പര്യം ഉണ്ടായിരുന്നില്ല. തനിക്കെതിരേ ആര്‍എസ്എസ് ഗൂഢാലോചന നടത്തുന്നുവെന്ന പേടി മോദിക്കും ഉണ്ടായിരുന്നു.



2017ല്‍ മോദി നാഗ്പൂര്‍ സന്ദര്‍ശിച്ചപ്പോള്‍ തന്നെ തന്റെ താമസസ്ഥലത്ത് വന്നു കാണണമെന്ന് ആവശ്യപ്പെട്ട് മോദി ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിനു സന്ദേശമയച്ചത് ആര്‍എസ്എസ് നേതൃത്വത്തിന് കടുത്ത അതൃപ്തിയാണ് ഉണ്ടാക്കിയത്. വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കെ നാഗ്പൂരില്‍ എത്തിയപ്പോള്‍ ആര്‍എസ്എസ് ആസ്ഥാനത്തു ചെന്ന് നേതാക്കളെ കാണാന്‍ മടിച്ചിരുന്നില്ല. മോദിയുടെ നിര്‍ദേശം മോഹന്‍ ഭാഗവത് തള്ളിയെന്നു മാത്രമല്ല, മോദി നാഗ്പൂരിലുള്ള ദിവസം ഭാഗവതും മറ്റ് ആര്‍എസ്എസ് നേതാക്കളും സ്ഥലത്തുനിന്ന് മാറിനില്‍ക്കുകയും ചെയ്തു.

മോദിയുടെ ഗുജറാത്ത് ലോബി പോലെ മഹാരാഷ്ട്രയിലെ വാണിജ്യവിഭാഗവുമായി നിതിന്‍ ഗഡ്കരിക്കുള്ള ബന്ധമായിരുന്നു മോദിയുടെ രണ്ടാമത്തെ പേടി. ബിജെപിയുടെ പ്രധാന സാമ്പത്തിക സ്രോതസ്സുകളിലൊന്നായി അവരെ ഗഡ്കരി വളര്‍ത്തിക്കൊണ്ടുവന്നത് പാര്‍ട്ടിയില്‍ ഗഡ്കരിയെ ശക്തനാക്കി. എന്നാല്‍, രണ്ടു ദുരൂഹ മരണങ്ങള്‍ ശത്രുക്കള്‍ക്ക് ആയുധമായി ഗഡ്കരിയുടെ കരിയറിനു മുകളില്‍ കരിനിഴലായി നിന്നിരുന്നു.



2009ല്‍ യോഗിത താക്കറേയെന്ന 9 വയസ്സുകാരിയുടെ മൃതദേഹം ഗഡ്കരിയുടെ നാഗ്പൂരിലെ വീട്ടിലെ കാറിനുള്ളില്‍ കണ്ടെത്തിയതായിരുന്നു ഇതിലൊന്ന്. യോഗിതയുടെ മാതാവ് വിമല്‍ താക്കറേ വീട്ടുജോലിക്കാരിയും ഭര്‍ത്താവ് അശോക് ചായക്കച്ചവടക്കാരനുമാണ്. സ്‌കൂളില്‍ നിന്നെത്തി കളിക്കാന്‍ പോയ യോഗിതയെ പിന്നീട് കാണുന്നത് മരിച്ച നിലയില്‍ ഗഡ്കരിയുടെ വീട്ടുവളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളിലാണ്. രക്തത്തില്‍ മുങ്ങി യോഗിത കാറില്‍ മരിച്ചുകിടക്കുന്നത് മാതാവ് തന്നെയാണ് കണ്ടത്. താന്‍ കാറിനടുത്തേക്കു ചെല്ലുമ്പോള്‍ ഗഡ്കരിയുടെ പേഴ്‌സനല്‍ അസിസ്റ്റന്റ് സുധീര്‍ ദേവല്‍ഗാവോന്‍കറും ഗഡ്കരിയുടെ മകന്‍ നിഖില്‍ ഗഡ്കരിയും അയല്‍ക്കാരനായ ഡോ. പരഞ്ച്‌പെയും കാറിനടുത്തുണ്ടായിരുന്നുവെന്ന് വിമല്‍ മൊഴി നല്‍കിയിരുന്നു.

ഈ കേസില്‍ പോലിസ് ആദ്യം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും തയ്യാറായില്ല. പിന്നീട് അപകട മരണത്തിനു കേസെടുത്തു. ഒരു വര്‍ഷം കഴിഞ്ഞ് ബോംബെ ഹൈക്കോടതി അന്വേഷിക്കാന്‍ നിര്‍ദേശിച്ചെങ്കിലും അയഞ്ഞ അന്വേഷണമായിരുന്നു സിഐഡിയുടേത്. ഒരു വര്‍ഷത്തിനു ശേഷം 2013ല്‍ അപകടമാണെന്ന റിപോര്‍ട്ട് നല്‍കി. അത് തള്ളിയ കോടതി വീണ്ടും അന്വേഷിക്കാന്‍ ഉത്തരവിട്ടു. ഈ കേസ് ഇപ്പോഴും അവസാനിച്ചിട്ടില്ല. കേസ് പിന്‍വലിക്കാന്‍ ഭീഷണിയും സമ്മര്‍ദവുമുണ്ടായെന്ന് കുടുംബം പറയുന്നു. വിമലിന്റെ ജോലി നഷ്ടപ്പെട്ടു. വാടകവീട്ടില്‍ നിന്നു കുടുംബം പുറത്തെറിയപ്പെട്ടു. പിതാവ് മദ്യത്തിനടിമയായി. 2004ല്‍ ഗഡ്കരിയുടെ പേഴ്‌സനല്‍ അസിസ്റ്റന്റ് പ്രകാശ് ദേശ്പാണ്ഡെയുടെ ദുരൂഹ മരണമായിരുന്നു രണ്ടാമത്തേത്.

(തുടരും)

കാവിപ്പുരയിലെ കള്ളച്ചൂതുകാര്‍ പരമ്പര

തയ്യാറാക്കിയത്: കെ എ സലിം




നാളെ: നാഗ്പൂരിലെ വണിക്കുകള്‍ - ഭാഗം 3
Next Story

RELATED STORIES

Share it