World

ദൗമ: പരിക്കേറ്റവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ധാരണ

ദമസ്‌കസ്: സിറിയന്‍ ആക്രമണങ്ങളില്‍ ഗുരുതരമായി പരിക്കേറ്റവരെ കിഴക്കന്‍ ഗൂത്തയിലെ ദൗമ പട്ടണത്തില്‍നിന്ന് മാറ്റുന്നതിന് വിമതരും റഷ്യയുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയിലെത്തിയതായി റിപോര്‍ട്ട്. വിമത സംഘടനയായ ജെയ്ശ് അല്‍ ഇസ്‌ലാം പ്രതിനിധികളും റഷ്യന്‍ നേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനമായത്.
പരിക്കേറ്റവരെ ചികില്‍സയ്ക്കായി ഇദ്‌ലിബ് പ്രവിശ്യയിലേക്ക് മാറ്റാനാണ് ധാരണ. വിമത നിയന്ത്രണത്തിലുള്ള കിഴക്കന്‍ ഗൂത്തയുടെ ഭൂരിഭാഗം പ്രദേശങ്ങളും സിറിയന്‍ സൈന്യം പിടിച്ചടക്കിയിരുന്നു. ദൗമ പട്ടണമടക്കമുള്ള ഏതാനും പ്രദേശങ്ങളില്‍ മാത്രമാണ് നിലവില്‍ വിമത സാന്നിധ്യമുള്ളത്. ദൗമയില്‍ നിന്നുള്ള ഒഴിഞ്ഞുപോക്ക് സംബന്ധിച്ച് ഒരു കരാറിലും ധാരണയിലെത്തിയിരുന്നില്ലെന്ന് വിമതര്‍ നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍, റഷ്യയുമായുള്ള ചര്‍ച്ച ശരിയായ ദിശയിലേക്ക് നീങ്ങുന്നതായും അവര്‍ പ്രതികരിച്ചിരുന്നു.
ആറാഴ്ച നീണ്ട സിറിയന്‍-റഷ്യന്‍ സൈനിക നീക്കത്തിനൊടുവില്‍ ആയിരക്കണക്കിന് വിമതരാണ് ഗൂത്തയില്‍ നിന്ന് ഒഴിഞ്ഞുപോയത്. ദൗമയടക്കമുള്ള വിമത മേഖലകളില്‍ പതിനായിരക്കണക്കിന് സാധാരണക്കാരാണ് ഇപ്പോഴുള്ളത്.
Next Story

RELATED STORIES

Share it