ദേശീയ പക്ഷി-മൃഗ പ്രദര്‍ശനമേള 26 മുതല്‍

തിരുവനന്തപുരം: സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ സയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷന്‍ (സിസ), സാന്ത്വനം ജീവകാരുണ്യ സമിതിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ദേശീയ പക്ഷി-മൃഗപ്രദര്‍ശന മേളയ്ക്ക് ഈ മാസം 26ന് തിരുവനന്തപുരത്ത് തുടക്കമാവും. നവംബര്‍ 4 വരെ പുത്തരിക്കണ്ടം മൈതാനിയിലാണ് മേള. രാജ്യത്തിനകത്തും പുറത്തുമുള്ള അപൂര്‍വ ഇനം പക്ഷിമൃഗാദികളെ അണിനിരത്തി വിനോദവും വിജ്ഞാനവും സമന്വയിപ്പിച്ചാണ് പ്രദര്‍ശന മേള ഒരുക്കുന്നത്.
വളര്‍ത്തുമൃഗങ്ങളുടെയും പക്ഷികളുടെയും ആരോഗ്യ പരിപാലനവും സംരക്ഷണവും സംബന്ധിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി. മൃഗങ്ങളെയും പക്ഷികളെയും കുറിച്ചു വിജ്ഞാനം നല്‍കുന്ന സെമിനാറുകള്‍, സംരംഭകര്‍ക്കായി ബിസിനസ് മീറ്റുകള്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.
കേരളത്തിലുണ്ടായ പ്രളയക്കെടുതിയില്‍ ആയിരക്കണക്കിന് വളര്‍ത്തുമൃഗങ്ങളുടെ ജീവന്‍ നഷ്ടപ്പെട്ട പശ്ചാത്തലത്തില്‍, അവയെ സംരക്ഷിക്കുന്നതു സംബന്ധിച്ചുള്ള മുന്നൊരുക്കങ്ങളും ബോധവത്കരണവും പരിപാടിയുടെ വിവിധ സെഷനുകളിലായി അവതരിപ്പിക്കും. ക്ഷീരകര്‍ഷകര്‍ക്കായി പ്രത്യേക പരിപാടികളും വളര്‍ത്തുനായ്ക്കളുടെ പ്രദര്‍ശന മല്‍സരവും മേളയില്‍ ഒരുക്കിയിട്ടുണ്ട്. കോഴിവളര്‍ത്തലിലെ തൊഴില്‍സാധ്യതകളെക്കുറിച്ച് വിപുലമായ സെമിനാറുകളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it