kannur local

ദേശീയപാത സ്ഥലമെടുപ്പ്:കോട്ടക്കുന്നില്‍ സംഘര്‍ഷം

പുതിയതെരു: വെങ്ങളം-കണ്ണൂര്‍ ബൈപാസ് പദ്ധതിയുടെ ഭാഗമായ വളപട്ടണം-ചാല ബൈപാസ് റോഡിനായി സ്ഥലമെടുപ്പ് സര്‍വേക്കെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ പ്രദേശവാസികളുടെ പ്രതിഷേധം സംഘര്‍ഷാവസ്ഥയ്ക്ക് ഇടയാക്കി. ഇന്നലെ രാവിലെ 10ഓടെ കാട്ടാമ്പള്ളി കോട്ടക്കുന്നിലാണ് സംഭവം. ഇതേത്തുടര്‍ന്ന് സര്‍വേ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. സാറ്റലൈറ്റ് സര്‍വേ നടത്തിയ ശേഷം കല്ല് സ്ഥാപിച്ച് സ്ഥലമളന്ന് നിശ്ചയിക്കാനെത്തിയ ഉദ്യോഗസ്ഥരെ വീട്ടമ്മമാര്‍ ഉള്‍പ്പെടുന്ന സംഘം തടയുകയായിരുന്നു. വിവരമറിഞ്ഞ് വളപട്ടണം സിഐ എം കൃഷ്ണന്റെ നേതൃത്വത്തില്‍ വന്‍ പോലിസ് സന്നാഹം സ്ഥലത്തെത്തി. തര്‍ക്കം രൂക്ഷമായതോടെ സമരത്തിനു നേതൃത്വം നല്‍കിയ 12 പേരെ പോലിസ് അറസ്റ്റ് ചെയ്തുനീക്കി. കുടിയിറക്ക് വിരുദ്ധ സമരസമിതി ചെയര്‍മാന്‍ എം എ ഹംസ, വൈസ് ചെയര്‍മാന്‍ പ്രദീപന്‍, ഖജാഞ്ചി സഹധര്‍മന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.റവന്യൂ വകുപ്പിലെയും ദേശീയപാത അതോറിറ്റിയിലെയും ഉദ്യോഗസ്ഥരാണ് സര്‍വേ നടപടികള്‍ക്ക് എത്തിയത്. സ ര്‍വേ തുടങ്ങിയതോടെ നാട്ടുകാര്‍ രംഗത്തെത്തുകയായിരുന്നു. ബൈപാസിനായി സ്ഥലമെടുക്കുമ്പോള്‍ ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കുക, ജനദ്രോഹ സ്ഥലമെടുപ്പ് ഒഴിവാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് നേരത്തേയും കോട്ടക്കുന്നില്‍ സര്‍വേ ഉദ്യോഗസ്ഥരെ തടഞ്ഞിരുന്നു. മാത്രമല്ല, ആക്്ഷന്‍ കമ്മിറ്റി രൂപീകരിച്ച് കലക്്ടറേറ്റിനു മുന്നില്‍ സമരം നടത്തുകയുമുണ്ടായി. ദേശീയപാത 17ല്‍ തലപ്പാടി-കണ്ണൂര്‍ (130 കി.മീ), കണ്ണൂര്‍-വെങ്ങളം (82 കി.മീ) എന്നിവയാണ് മേഖലയിലൂടെ കടന്നുപോവുന്നത്. ഇതില്‍ വളപട്ടണം ചുങ്കത്ത് നിന്നാരംഭിച്ച് താഴെചൊവ്വയില്‍ ചേരുന്നതാണ് കണ്ണൂര്‍ ബൈപാസ്. നേരത്തെയും പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍വേ ദേശീയപാത അതോറിറ്റി നിര്‍ത്തിവച്ചിരുന്നു.
Next Story

RELATED STORIES

Share it