kasaragod local

ദേശീയപാത വ്യാപകമായി തകര്‍ന്നു: യാത്രാദുരിതം അവസാനിക്കുന്നില്ല

കാസര്‍കോട്: ദേശീയപാതയിലൂടെയുള്ള യാത്ര ജീവന്‍ പണയം വച്ച്. കാസര്‍കോട് മുതല്‍ തലപ്പാടി വരേയുള്ള ദേശീയ പാതയില്‍ ജീവന്‍ പണയം വച്ചാണ് യാത്ര ചെയ്യുന്നത്. ആയിരക്കണക്കിന് ചെറുതും വലുതുമായ വാഹനങ്ങള്‍ കടന്നു പോകുന്ന അണങ്കൂര്‍ മുതലുള്ള ദേശീയ പാതയില്‍ നിര്‍മാണത്തിലെ അപാകതകള്‍ മൂലം റോഡില്‍ വന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് അപകടം പതിവായിട്ടുണ്ട്. കറന്തക്കാട്, അടക്കത്ത്ബയല്‍, ചൗക്കി, മൊഗ്രാല്‍പുത്തൂര്‍, കുമ്പള, ആരിക്കാടി, ഷിറിയ, ബന്തിയോട്, ഉപ്പള, ഹൊസങ്കടി, മഞ്ചേശ്വരം, കുഞ്ചത്തൂര്‍, തലപ്പാടി തുടങ്ങി അതിര്‍ത്തി വരേയുള്ള റോഡാണ് തകര്‍ന്ന് അപകടനിലയിലായത്. റോഡില്‍ രൂപപ്പെട്ട കുഴിയില്‍ മഴവെള്ളം നിറഞ്ഞ് ഡ്രൈവര്‍മാര്‍ക്ക് കുഴികള്‍ കാണാന്‍ കഴിയാത്തത് കാരണം വലിയ ദുരന്തത്തിനാണ് വഴിയൊരുങ്ങുന്നത്. ഇരുചക്രവാഹനങ്ങള്‍ കുഴിയില്‍ വീണ് അപകടം പതിവായിട്ടുണ്ട്. ആരിക്കാടി പാലത്തിനടുത്ത് രൂപപ്പെട്ട വലിയ ഗര്‍ത്തം ഗതാഗതകുരുക്കിനിടയായിട്ടുണ്ട്.
മഴക്കാലത്തിന് മുമ്പ് റോഡിന്റെ അറ്റകുറ്റപണി നടത്താത്തതാണ് റോഡ് തകര്‍ന്ന് യാത്ര ദുസഹമാവാന്‍ കാരണമായത്. വാഹനങ്ങള്‍ കുഴിയില്‍ വീണ് സ്‌പെയര്‍പാട്‌സുകള്‍ തകരുന്നത് കാരണം വാഹന ഉടമകള്‍ക്ക് വലിയ നഷ്ടമുണ്ടാക്കുന്നു. കാസര്‍കോട്-മംഗളൂരു പാതയിലൂടെ ബസുകള്‍ എത്തിപ്പെടാന്‍ കുഴികള്‍ കാരണം ഇപ്പോള്‍ രണ്ടര മണിക്കൂര്‍ എടുക്കുന്നു. തിരക്കേറിയ സമയമായ രാവിലെയും വൈകീട്ടും മൂന്നു മണിക്കുറിലേറേ കാസര്‍കോട് നിന്ന് മംഗളൂരുവിലേക്കും തിരിച്ചും എത്താന്‍ സമയമെടുക്കുകയാണ് കേരള  കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ സമയം വച്ചാണ് സര്‍വീസ് നടത്തുന്നത്. ഇപ്പോഴത്തെ റോഡ് തകര്‍ച്ച കാരണം സര്‍വീസുകള്‍ താളം തെറ്റുകയാണ്.
പല സര്‍വീസുകളും വെട്ടി ചുരുക്കേണ്ടി വരുന്നു. കാസര്‍കോട്, കുമ്പള ഭാഗത്ത് നിന്ന് മംഗളൂരുവിലേക്ക് നിരവധി വിദ്യാര്‍ഥികളാണ് പഠിക്കാനെത്തുന്നത്.  വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും ആശുപത്രികളിലേക്ക് പോകുന്നവരും നിരവധി പേരാണ്. ഇവര്‍ക്ക് കൃത്യസമയത്ത് ലക്ഷ്യസ്ഥാനങ്ങളില്‍ എത്താന്‍ കഴിയുന്നില്ല. വിദഗ്ദ ചികില്‍സയ്ക്കായി രോഗികള്‍ ആശ്രയിക്കുന്നത്. മഗളൂരുവിലെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളെയാണ്. ഇവര്‍ക്കും വലിയ പ്രയാസം അനുഭവപ്പെടുന്നു.
അപകടങ്ങളിലും അത്യാഹിതങ്ങളിലും പെട്ടവരേ അടിയന്തിരമായി ആശുപത്രിയില്‍ എത്തിക്കുന്ന ആംബുലന്‍സുകളും റോഡിലെ തകര്‍ച്ച കാരണം ബുദ്ധിമുട്ടുകയാണ്. പൊതുമരാമത്ത് ദേശീയ പാത വിഭാഗം ശോച്യാവസ്ഥ പരിഹരിക്കാന്‍ ഇതു വരെ നടപടി സ്വീകരിച്ചിട്ടില്ല.
Next Story

RELATED STORIES

Share it