ദേശീയപാത ബൈപാസ് കീഴാറ്റൂരിലൂടെ തന്നെ: പരിസ്ഥിതി മന്ത്രാലയം റിപോര്‍ട്ടിന് അവഗണന; ത്രിഡി വിജ്ഞാപനം ഉടന്‍

കണ്ണൂര്‍: കീഴാറ്റൂര്‍ വയല്‍ വിഭജിച്ച് പാത പണിയരുതെന്ന കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ റിപോര്‍ട്ട് നിലനില്‍ക്കെ വിശാലമായ വയലിലൂടെ തന്നെ ദേശീയപാത ബൈപാസ് നിര്‍മിക്കാന്‍ നീക്കം. ദേശീയപാതാ അതോറിറ്റി മൂന്ന് (എ) വിജ്ഞാപനപ്രകാരം അളന്നു കല്ലിട്ട സ്ഥലങ്ങളെല്ലാം ഉള്‍പ്പെടുത്തി അന്തിമവിജ്ഞാപനം പുറപ്പെടുവിക്കാന്‍ തീരുമാനമായി. ഇതുസംബന്ധിച്ച മൂന്ന് (ഡി) വിജ്ഞാപനം ഉടന്‍ ഇറങ്ങും.
പരിസ്ഥിതി പ്രാധാന്യമേറിയതും ജൈവസമ്പന്നവുമായ കീഴാറ്റൂര്‍ വയല്‍ നികത്തി ദേശീയപാത നിര്‍മിക്കുന്നതിനെതിരേ പ്രദേശത്തെ കര്‍ഷക കൂട്ടായ്മയായ വയല്‍ക്കിളികളുടെ നേതൃത്വത്തില്‍ ശക്തമായ ബഹുജനപ്രക്ഷോഭം നടത്തിയിരുന്നു. സിപിഎമ്മും സംസ്ഥാന സര്‍ക്കാരും കടുത്ത സമ്മര്‍ദം നേരിട്ടെങ്കിലും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം വികസന തീരുമാനവുമായി മുന്നോട്ടുപോയി. ഇതിനിടെ വയലിലൂടെ ആകാശപ്പാത എന്ന നിര്‍ദേശം ഉയര്‍ന്നുവന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊതുമരാമത്ത് വകുപ്പു മന്ത്രി ജി സുധാകരന്‍ കേന്ദ്രത്തിന് കത്തയച്ചിരുന്നെങ്കിലും പരിഗണിച്ചില്ല.
എന്നാല്‍, ഇക്കഴിഞ്ഞ മെയ്മാസം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ കീഴാറ്റൂരിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. മന്ത്രാലയത്തിലെ റിസര്‍ച്ച് ഓഫിസറായ ജോണ്‍ ജോസഫ് സര്‍ക്കാരിനു സമര്‍പ്പിച്ച റിപോര്‍ട്ടാണ് ഇപ്പോള്‍ പുറത്തായത്. ദേശീയപാത വികസനത്തിന് കീഴാറ്റൂര്‍ വയല്‍ ഒഴിവാക്കാന്‍ പറ്റുമെങ്കില്‍ അക്കാര്യം പരിഗണിക്കണമെന്നാണ് റിപോര്‍ട്ടിലെ പ്രധാന ഉള്ളടക്കം. വയലുകള്‍ പരമാവധി സംരക്ഷിക്കണം. റോഡിനായി മറ്റു വഴികള്‍ ആലോചിക്കണം. സമരക്കാരുടെ ആവശ്യം ന്യായമാണ്.
അതീവ പരിസ്ഥിതി പ്രാധാന്യമുള്ളതാണ് വയല്‍. കൃഷി ചെയ്ത് ജീവിക്കുന്ന നാട്ടുകാരുടെ ആശങ്ക ന്യായമാണ്. അതു ഗൗരവത്തോടെ പരിഹരിക്കണം. വയലിനെ രണ്ടായി മുറിക്കുന്ന രീതിയിലുള്ള റോഡ് നിര്‍മാണം പരമാവധി ഒഴിവാക്കണം. മറ്റു സാധ്യതകള്‍ ഒന്നുമില്ലെങ്കില്‍ മാത്രമേ വയലില്‍ കൂടി റോഡ് പണിയാന്‍ പാടുള്ളൂവെന്നും റിപോര്‍ട്ടില്‍ പറയുന്നു. അതേസമയം, റോഡ് വികസനമില്ലാതെ കേരളംപോലൊരു സംസ്ഥാനത്ത് വികസനം സാധ്യമല്ലെന്നും പാതയെന്നത് വളരെ അനിവാര്യമായ ഒന്നാണെന്നും റിപോര്‍ട്ടിലുണ്ട്.
Next Story

RELATED STORIES

Share it